29 March Friday
ചങ്ങനാശേരിക്ക്‌ കുടിവെള്ളം

435 കോടി രൂപയുടെ പദ്ധതിട്ട്‌ ഭരണാനുമതി

വെബ് ഡെസ്‌ക്‌Updated: Saturday May 21, 2022
ചങ്ങനാശേരി
നിയോജകമണ്ഡലത്തിൽ മടപ്പള്ളി, പായിപ്പാട്, തൃക്കൊടിത്താനം, വാഴപ്പള്ളി, കുറിച്ചി പഞ്ചായത്തുകൾക്കും ചങ്ങനാശേരി നഗരസഭക്കുമായുള്ള കുടിവെള്ള പദ്ധതിക്കു 435 കോടിയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ. ജോബ് മൈക്കിൾ എംഎൽഎ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എൽഡിഎഫ്‌ സർക്കാരിന്റെ ഒരു വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായി ചങ്ങനാശേരിക്കുവേണ്ടിയുള്ള കൈത്താങ്ങായാണ് പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു.
ജൽ ജീവൻ മിഷൻ (ജെജെഎം) പദ്ധതിയിലൂടെ അഞ്ചു പഞ്ചായത്തുകൾക്ക് 420 കോടിയും അമൃത് പദ്ധതിയിലൂടെ ചങ്ങനാശേരി നഗരസഭക്കു 15 കോടിയുമാണ് ലഭിക്കുന്നത്‌. 2024-ഓടെ ചങ്ങനാശേരി ഗ്രാമീണ മേഖലയിലെ എല്ലാ വീടുകളിലും വ്യക്തിഗത ഗാർഹിക കണക്ഷനുകളിലൂടെ സുരക്ഷിതവും മതിയായതുമായ കുടിവെള്ളം നൽകുന്നതാണ്‌ പദ്ധതി. 
മടപ്പള്ളി 80 കോടി,  പായിപ്പാട്- 70, തൃക്കൊടിത്താനം 96, വാഴപ്പള്ളി- 84, കുറിച്ചി - 90, ചങ്ങനാശേരി മുൻസിപ്പാലിറ്റി- 15 കോടിയുമാണ്  പദ്ധതികൾക്കായി വകയിരുത്തിയിരിക്കുന്നത്‌. അർബൻ മേഖലക്കുള്ള ജെജെഎം പദ്ധതി കേന്ദ്രം നിർത്തലാക്കിയതിനാൽ അമൃത്പദ്ധതിയിലൂടെയാണ്‌ ചങ്ങനാശേരി നഗരസഭയ്‌ക്കു തുക ലഭ്യമാക്കിയത്. 
ഗ്രാമങ്ങളിൽ പദ്ധതി വരുമ്പോൾ നഗരസഭക്കു തനതായ പദ്ധതിയിലൂടെ ആവശ്യമായ കുടിവെള്ളം ലഭ്യമാകും. മാടപ്പള്ളി 8983, പായിപ്പാട് 6348, തൃക്കൊടിത്താനം 9057, വാഴപ്പള്ളി 7000, കുറിച്ചി 7754  എന്നീ ഗാർഹിക കണക്ഷനുകൾ ആണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.  
കാറ്റോടിൽനിന്ന്‌ 19 കിലോമീറ്റർ പുതിയ പൈപ്പ് ലൈൻ സ്ഥാപിച്ച്‌ ചങ്ങനാശേരിയിൽ വാട്ടർ അതോറിറ്റിയുടെ അധീനതയിൽ മോർക്കുളങ്ങരയിലുള്ള സ്ഥലത്ത് പുതുതായി സ്ഥാപിക്കുന്ന 20 എംഎൽഡി പ്ലാന്റിൽ എത്തിച്ച്‌ ശുദ്ധീകരിച്ച്‌ 2.5 കിലോമീറ്റർ അകലെയുള്ള ചെറുകരകുന്നിൽ എത്തിച്ച്‌  വിതരണം ചെയ്യനാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. മാടപള്ളി പഞ്ചായത്തിലെ  ആവശ്യത്തിനായി മാത്രം 4.25 എംഎൽഡി ശേഷിയുള്ള പുതിയ ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കും. പഴയ പൈപ്പുകൾ മാറ്റാനും ഉയർന്ന കപ്പാസിറ്റിയുള്ള പമ്പ് സെറ്റുകൾ സ്ഥാപിക്കുന്നതും പദ്ധതിയിലുണ്ട്.
നിലവിൽ വിതരണം ചെയ്യുന്ന 12 എംഎൽഡി വെള്ളം അപര്യാപ്‌തമാണ്‌. ഇപ്പോഴത്തെ സാഹചര്യത്തിൽ 32 എംഎൽഡി വെള്ളം ആവശ്യമാണ്‌. വിശദമായ എസ്റ്റിമേറ്റ്  തയ്യാറാക്കി സാങ്കേതികാനുമതി ലഭ്യമാക്കി ടെൻഡർ നടപടിയിലേക്കു നീങ്ങാൻ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായും എംഎൽഎ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top