19 April Friday
ജനജീവിതം താറുമാറായി

നിലയ്‌ക്കാത്ത പെയ്‌ത്ത്‌

വെബ് ഡെസ്‌ക്‌Updated: Sunday Sep 20, 2020

 കോട്ടയം

തുടർച്ചയായി പെയ്യുന്ന കനത്ത മഴ ജനജീവിതത്തെ ബാധിച്ചു. തോടുകളിലും ആറുകളിലും ജലനിരപ്പ്‌ ഉയർന്നു. ശനിയാഴ്‌ച ജില്ലയിൽ ചിലയിടങ്ങളിൽ ശക്തമായ കാറ്റുണ്ടായി. മരം വീണ്‌ ഗതാഗതം തടസം നേരിട്ടു. കാലവർഷത്തിനു പിന്നാലെ സെപ്‌തംബർ ആദ്യം മുതലാണ്‌ ജില്ലയിൽ വീണ്ടും മഴ ശക്തിപ്പെട്ടത്‌. ഏതാനും ദിവസം മാത്രമാണ്‌ അന്തരീക്ഷം തെളിഞ്ഞുനിന്നത്‌. 
തുടർച്ചയായ മഴയായതിനാൽ കൂലിവേലക്കാരുടെ ദിവസജോലി നഷ്ടമായി‌. നിർമാണമേഖലയിലാണ്‌ വലിയ പ്രതിസന്ധി. കെട്ടിടനിർമാണം, പെയിന്റിങ്‌, വാർക്ക ജോലികൾ തടസപ്പെട്ടു. മത്സ്യതൊഴിലാളിളെയും മഴയും കാറ്റും ബാധിച്ചു. രാത്രിയിലും ശക്തമായ മഴയുള്ളതിനാൽ വേമ്പനാട്ടുകായലിൽ മത്സ്യബന്ധനം വെല്ലുവിളിയാണ്‌. മണ്ണ്‌, കക്ക വാരൽ തൊഴിലാളികളും വലയുന്നു‌. ദിവസവേതനക്കാർക്ക്‌ പണി മുടങ്ങുന്നതിനാൽ കുടുംബ ചെലവുകളെ ബാധിച്ചുതുടങ്ങി.  
വെള്ളപ്പൊക്ക ഭീഷണിയിലേക്ക്‌ എത്തിയിട്ടില്ലെങ്കിലും ജലനിരപ്പ്‌ ഉയരുന്നത്‌ ആശങ്ക പടർത്തിയിട്ടുണ്ട്‌. മീനച്ചിലാർ, കൊടൂരാർ, മണിമലയാർ എന്നിവിടങ്ങളിൽ അപകടകരമായ നിലയിൽ വെള്ളം കൂടി. പാല, പേരൂർ, നീലിമംഗലം, നാഗമ്പടം, കുമരകം, തിരുവാർപ്പ്‌, ചങ്ങനാശേരി ഭാഗങ്ങളിലെ പരിശോധനയിലാണ്‌ ഈ വിലയിരുത്തൽ. 
പനച്ചിക്കാട്‌, കുമരകം മേഖലയിലാണ്‌ മരം വീണത്‌. പനച്ചിക്കാട്‌ ഓട്ടക്കാഞ്ഞിരത്ത്‌ മൂന്നുമരങ്ങൾ ലൈൻ കമ്പിയിലേക്ക്‌ വീണു. ഫയർഫോഴ്‌സ്‌ എത്തി വെട്ടിമാറ്റി‌. കുമരകം പള്ളിച്ചിറയിൽ റോഡിലേക്കാണ്‌ മരം വീണത്‌. ഇവിടെ ഗതാഗതവും തടസപ്പെട്ടു. 
ഇന്നും നാളെയും ഓറഞ്ച്‌ അലർട്ട്‌
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിനാൽ കാലവർഷം ശക്തിപ്രാപിക്കുമെന്നും അതിതീവ്ര മഴയ്‌ക്ക്‌ സാധ്യതയുണ്ടെന്നുമാണ്‌ കാലാവസ്ഥാ പ്രവചനം. ഇതനസുരിച്ച്‌ ഞായർ, തിങ്കൾ ദിവസങ്ങളിലാണ്‌ ജില്ലയിൽ ഓറഞ്ച്‌ അലർട്ട്‌ പ്രഖ്യാപിച്ചത്‌. 22ന്‌ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്‌.  ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവയ്‌ക്ക്‌ സാധ്യതയുള്ളതിനാൽ ജനങ്ങൾക്ക്‌ ജാഗ്രതാ നിർദേശം നൽകി. ആവശ്യമെങ്കിൽ ക്യാമ്പുകൾ തുറക്കാനുള്ള ക്രമീകരണവും ജില്ലാഭരണകേന്ദ്രം ഉറപ്പാക്കിയിട്ടുണ്ട്‌.
കോട്ടയത്ത്‌ പെയ്‌തത്‌ 44.8 മില്ലിമീറ്റർ മഴ
ശനിയാഴ്‌ച ജില്ലയിൽ പരക്കെ മഴ ലഭിച്ചു. കോട്ടയത്ത്‌ 44.8 മില്ലിമീറ്റർ മഴ കിട്ടി.  കുമരകം 14,  കാഞ്ഞിരപ്പള്ളി 38.2, കോഴ 13.4,   വൈക്കം 13.8 എന്നീക്രമത്തിലും മഴ ലഭിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top