16 April Tuesday

മാലിന്യ സംസ്കരണത്തിൽ ഗുരുതര വീഴ്ച; 23 ലക്ഷം രൂപ പിഴ അടയ്ക്കാൻ നോട്ടീസ്

വെബ് ഡെസ്‌ക്‌Updated: Friday May 20, 2022

മീനച്ചിലാറിന്‌ സമീപം ഈരാറ്റുപേട്ട നഗരസഭയുടെ മാലിന്യ സംസ്‌കരണകേന്ദ്രത്തിലെ പ്ലാസ്റ്റിക് മാലിന്യം കൂടിക്കിടക്കുന്നു

 ഈരാറ്റുപേട്ട

മാലിന്യസംസ്‌കരണത്തിലെ ഗുരുതര വീഴ്ചയ്ക്ക് പിഴ അടയ്ക്കാൻ ഈരാറ്റുപേട്ട നഗരസഭയ്‌ക്ക് ഗ്രീൻ ട്രൈബ്യൂണലിന്റെ നോട്ടിസ്. മാലിന്യസംസ്‌കരണം സംബന്ധിച്ച് ഗ്രീൻ ട്രൈബ്യൂണൽ സംസ്ഥാനത്തെ എല്ലാ നഗരസഭകൾക്കും മാർഗനിർദേശം നൽകിയിരുന്നു. 2020 ഏപ്രിൽ ഒന്ന് മുതൽ 2022 ഫെബ്രുവരി വരെ നഗരസഭ നടത്തിയ മാലിന്യസംസ്‌കരണം പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ്‌ നടപടി.  
പ്ലാസ്റ്റിക്‌ മാലിന്യം സൂക്ഷിക്കുന്നത് നഗരസഭ കെട്ടിടത്തിന് കല്ലിട്ടിടത്ത്‌ 
പ്രതിദിനം ഒരു ടണ്ണോളം മാലിന്യങ്ങളാണ് ശേഖരിക്കുന്നത്. ഇതിൽ പ്ലാസ്റ്റിക് മാലിന്യം നഗരസഭയുടെ പുതിയ കെട്ടിടം നിർമിക്കാനായി കല്ലിട്ട സ്ഥലത്താണ് തള്ളുന്നത്. ജൈവമാലിന്യങ്ങൾ തേവരുപാറയിലെ കേന്ദ്രത്തിലേക്കും മാറ്റും. ഈരാറ്റുപേട്ട മഞ്ചാടി തുരുത്തിലാണ്‌ നഗരസഭയുടെ പുതിയ കെട്ടിടത്തിന് കല്ലിട്ടത്. കഴിഞ്ഞ യുഡിഎഫ് ഭരണസമിതിയുടെ സമയത്തായിരുന്നു കല്ലിടൽ. കിഫ്‌ബിയിൽ നിന്നും എട്ടുകോടി രൂപയുടെ ഫണ്ട് ഉപയോഗിച്ചാണ് ബഹുനില കെട്ടിടം പണിയുന്നത്. സ്ഥലത്ത് നേരത്തെ സ്ലോട്ടർ ഹൗസാണ് പ്രവർത്തിച്ചിരുന്നത്. മതിയായ മാലിന്യസംസ്‌കരണ സംവിധാനം ഇല്ലാതിരുന്നതിനാലാണ് സ്‌ലോട്ടർ ഹൗസിലെ പ്രവർത്തനം നഗരസഭ നിർത്തലാക്കിയത്. 10 അടിയോളം ഉയരത്തിലാണ്‌ ചാക്കുകളിൽ കെട്ടി പ്ലാസ്റ്റിക് മാലിന്യം വച്ചത്. മാലിന്യങ്ങൾ മീനച്ചിൽ നദിയിലെത്തി സമീപത്തെ തടയണയിൽ അടിയുന്നു. സമീപത്തായി ആരാധനാലയങ്ങളും സ്കൂളുകളും പ്രവർത്തിക്കുന്നുണ്ട്. 
മീനച്ചിലാറിന് ഭീഷണിയായി പ്ലാസ്റ്റിക് മാലിന്യക്കൂമ്പാരം 
നഗരസഭയുടെ കീഴിലുള്ള തേവരുപാറ മാലിന്യസംസ്‌കരണ കേന്ദ്രത്തിലാണ് ജൈവ മാലിന്യങ്ങൾ സംസ്‌കരിക്കുന്നത്. പ്രദേശത്ത് കൂടിക്കിടക്കുന്ന പഴയ മാലിന്യം നീക്കം ചെയ്‌തിട്ടില്ല. 
നഗരസഭയിലെ തന്നെ ഏറ്റവും ഉയര്‍ന്ന പ്രദേശത്താണ് നഗരസഭയുടെ മാലിന്യസംസ്‌കരണകേന്ദ്രമുള്ളത്‌. മുമ്പ്‌ മാലിന്യം തള്ളിയിരുന്ന ഇവിടെ ഏതാനും വര്‍ഷം മുമ്പാണ് സംസ്‌കരണകേന്ദ്രം നിര്‍മിച്ചത്. നിലവില്‍ ജൈവമാലിന്യങ്ങള്‍ സംസ്‌കരിച്ച് വളമാക്കുന്നുണ്ടെങ്കിലും വലിയ മലയായി കൂടിക്കിടക്കുന്ന പഴയകാലത്തെ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ ദുരിതമാകുന്നു. അതേസമയം, വാഹനത്തിലെത്തിക്കുന്ന മാലിന്യം ഇപ്പോഴും ഇവിടെ തള്ളുന്നുണ്ടെന്ന്‌ പ്രദേശവാസികള്‍ പറയുന്നു. വര്‍ഷങ്ങളായി മലമുകളില്‍ കിടക്കുന്ന മാലിന്യം സമീപവാസികള്‍ക്ക് വലിയ ദുരിതമാണ് സമ്മാനിക്കുന്നത്. ഇവിടെനിന്നും ഒഴുകിയിറങ്ങുന്ന മലനിജലം നിരവധി കുടിവെള്ളവിതരണ പദ്ധതികളുള്ള മീനച്ചിലാറ്റിലാണെത്തുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top