25 April Thursday
പ്രദര്‍ശന വിപണന സേവന മേളയും ഇന്നു മുതൽ

ജില്ലാതല ആഘോഷം ഉദ‌്ഘാടനം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Thursday Jan 20, 2022

 സംസ്ഥാന സർക്കാർ 1000 ദിനം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ സംഘടിപ്പിക്കുന്ന ആഘോഷപരിപാടികൾ ബുധനാഴ‌്ച തുടങ്ങും. നാഗമ്പടം മൈതാനത്ത് വൈകിട്ട് അഞ്ചിന് മന്ത്രി പി തിലോത്തമൻ ആഘോഷം ഉദ്ഘാടനം ചെയ്യുമെന്ന‌് കലക്ടർ പി കെ സുധീർബാബു വാർത്താസമ്മേളനത്തിൽ അറിയിച്ചു. വിശപ്പുരഹിത കേരളം, ആരോഗ്യ ജാഗ്രത 2019 എന്നീ പദ്ധതികളുടെ ജില്ലാതല ഉദ്ഘാടനവും സൗജന്യ ഗ്ലൂക്കോമീറ്റർ, ആധാർ എന്റോൾമെന്റ് കിറ്റ് എന്നിവയുടെ വിതരണവും അദ്ദേഹം നിർവഹിക്കും.  തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അധ്യക്ഷനാകും.  

ഉദ്ഘാടനത്തിന് മുന്നോടിയായി സെൻട്രൽ ജങ‌്ഷനിൽ നിന്നും നാഗമ്പടം മൈതാനിയിലേക്ക് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ആരോഗ്യ സന്ദേശയാത്ര, കോന്നി മുദ്രാ സ്‌കൂൾ ഓഫ് പെർഫോമിങ്ങ് ആർട്‌സ് അവതരിപ്പിക്കുന്ന കാക്കാരിശ്ശി നാടകം എന്നിവ ഉണ്ടാവും. നിയോജക മണ്ഡലങ്ങളിൽ പൂർത്തീകരിച്ചതും ആരംഭിക്കുന്നതുമായ പദ്ധതികളുടെ ഉദ്ഘാടനം, കലാ സാംസ‌്കാരിക പരിപാടികൾ, ചിത്രപ്രദർശനം, വിവിധ വകുപ്പുകളുടെ പ്രദർശന–--വിപണന–--സേവന മേള എന്നിവ ആഘോഷത്തിന്റെ ഭാഗമായി നാഗമ്പടം മൈതാനിയിൽ സംഘടിപ്പിച്ചിട്ടുണ്ട്. മേള 27 ന് അവസാനിക്കും. 
പ്രമേഹ രോഗം സ്ഥിരീകരിച്ച 60 വയസ്സിൽ കൂടുതലുള്ള ജില്ലയിലെ നിർധനരായ 1000 പേർക്കാണ‌് ഗ്ലൂക്കോമീറ്റർ നൽകുന്നത‌്. ജില്ലാ സാമൂഹ്യ നീതി വകുപ്പ് നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ആദ്യ ഘട്ടത്തിൽ 400 എണ്ണം വിതരണം ചെയ‌്തു. വിവിധ സ്ഥലങ്ങളിൽ നടത്തുന്ന മെഡിക്കൽ ക്യാമ്പുകളിലൂടെ  ബാക്കിയുള്ളവയുടെ വിതരണം പൂർത്തിയാക്കും. 
നാഗമ്പടം മൈതാനിയിൽ ബുധനാഴ‌്ച മുതൽ 27 വരെ വിവിധ വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കും.  21 ന‌് രാവിലെ 10 ന് സമകാലിന സ്ത്രീ എന്ന വിഷയത്തിൽ വനിതാ ശിശുവികസന വകുപ്പും 22 ന് രാവിലെ 10 ന് ജലജന്യരോഗങ്ങളും ജലസംരക്ഷണവും എന്ന വിഷയത്തിൽ ആരോഗ്യ വകുപ്പും പകൽ രണ്ടിന് കേരളത്തിന്റെ കായിക ശക്തി എന്ന വിഷയത്തിൽ ജില്ലാ സ്‌പോർട്‌സ് കൗൺസിലും സെമിനാർ നടത്തും. മൃഗസംരക്ഷണം വരുമാനത്തിന്റെ പുതുവഴികൾ എന്ന വിഷയത്തിൽ 23 ന് രാവിലെ 10 മുതൽ മൃഗസംരക്ഷണ വകുപ്പും പ്രദേശിക വികസനവും ചെറുകിട വ്യവസായ സംരംഭവും സംബന്ധിച്ച് പകൽ രണ്ടിന് വ്യവസായ വകുപ്പും സെമിനാർ നടത്തും. 24 ന് വയോജനങ്ങളുടെയും ഭിന്നശേഷി ഉളളവരുടെയും സാമൂഹ്യ സുരക്ഷ സംബന്ധിച്ച്  23 നും ശുചിത്വ മികവ് എന്ന വിഷയത്തിൽ 25 നും നീർത്തടാധിഷ്ഠിത മണ്ണു സംരക്ഷണവും നൂതന സങ്കേതങ്ങളും വിദ്യാഭ്യാസവും കേരള നവോത്ഥാനവും എന്ന വിഷയത്തിൽ 26 നും സെമിനാർ നടത്തും. 27 ന് രാവിലെ 10 ന് ക്ഷീരമേഖല നേരിടുന്ന വെല്ലുവിളികൾ സംബന്ധിച്ച് ക്ഷീരവികസന വകുപ്പും നവകേരളത്തിന്റെ  സുസ്ഥിര നിർമാണം എന്ന വിഷയത്തിൽ ടൂറിസം വകുപ്പും സെമിനാർ സംഘടിപ്പിക്കും. 
സബ് കലക്ടർ ഈശപ്രിയ, എഡിഎം അലക്‌സ് ജോസഫ്, ഡിടിപിസി സെക്രട്ടറി ഡോ. ബിന്ദുനായർ, ഇൻഫർമേഷൻ ആൻഡ‌് പബ്ലിക‌് റിലേഷൻസ‌് മേഖലാ ഡെപ്യൂട്ടി ഡയറക്ടർ കെ അബ‌്ദുൾ റഷീദ‌്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സിനി കെ തോമസ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top