24 April Wednesday
രണ്ടാംഘട്ടത്തില്‍ 27,524 അര്‍ഹര്‍

ലൈഫ്‌ മിഷൻ: 500 വീടുകൾ ഉടന്‍ പൂർത്തിയാകും

സ്വന്തം ലേഖകൻUpdated: Sunday Jun 19, 2022
കോട്ടയം
പാവപ്പെട്ടവർക്ക്‌ വീടെന്ന സ്വപ്‌നം സാക്ഷാത്‍ക്കരിക്കാൻ എൽഡിഎഫ്‌ സർക്കാർ നടപ്പാക്കിയ ലൈഫ്‌ മിഷൻ പദ്ധതിയിലൂടെ ജില്ലയിൽ 500 ഭവനങ്ങൾകൂടി അവസാനഘട്ടത്തിൽ. നിർമാണത്തിലിരിക്കുന്ന 1,500 വീടുകളിൽ 500എണ്ണം ഈ മാസം പൂർത്തിയാകും. കോവിഡും നിർമാണസാമഗ്രികളുടെ വിലക്കയറ്റവുമടക്കമുള്ള പ്രതികൂല സാഹചര്യങ്ങൾ മറകിടന്നാണ്‌ വീടുകൾ പൂർത്തീകരിക്കുന്നത്‌. ലൈഫിൽ ഇതുവരെ 12,000 വീടുകളാണ്‌ ജില്ലയിൽ പണിതുനൽകിയത്‌.
  2020ൽ രണ്ടാംഘട്ടമായി സ്വീകരിച്ച അപേക്ഷകളിലെ പരിശോധനയും പുനപരിശോധനയും പൂര്‍ത്തിയായപ്പോള്‍ ആകെ അർഹരുടെ എണ്ണം 27,524. അപേക്ഷിച്ചവരുടെ 61.94 ശതമാനമാണിത്. ഇതില്‍ 16,238 പേര്‍ ഭവനരഹിതരാണ്. ഭൂമിയുള്ള ഭവനരഹിതർ 11,286 പേരുണ്ട്. പുറത്തായവർക്ക്‌ അപ്പീൽ നൽകാനുള്ള അവസരമാണ്‌ ഇനി. ആദ്യം ബിഡിഒ തലത്തിൽ അപ്പീലുകൾ സ്വീകരിക്കും. കലക്ടർ അധ്യക്ഷനായ സമിതിയാണ്‌ അപ്പീലുകളിൽ അന്തിമ തീരുമാനമെടുക്കുക. അപ്പീലുകളുടെ പരിശോധനകൂടി കഴിയുന്നതോടെ വീടുകളുടെ നിർമാണമാരംഭിക്കും. 
അപേക്ഷകളുടെ പരിശോധനയ്‍ക്കും പുനഃപരിശോധനയ്‍ക്കും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഏകോപിപ്പിച്ച് വിപുലമായ പ്രവർത്തനമാണ് നടത്തിയത്. സ്റ്റാറ്റിസ്റ്റിക്സ്, രജിസ്ട്രേഷൻ, സഹകരണം, ക്ഷീരവികസനം, വ്യവസായം, ഗ്രാമവികസനം, തൊഴിൽ, സിവിൽ സപ്ലെെസ്, എംപ്ലോയ്മെമെന്റ് തുടങ്ങിയ വകുപ്പുകളിൽനിന്ന് 615 ജീവനക്കാരെ പുനഃപരിശോധനയ്‍ക്ക് നിയമിച്ചു. കലക്ടറുടെയും ലെെഫ് മിഷൻ ജില്ലാ കോഓർഡിനേറ്ററുടെയും നിരന്തര ഇടപെടലിലൂടെ പരിശോധനകൾ സമയബന്ധിതമായി പൂർത്തിയാക്കി. പഞ്ചായത്തുകളിൽ ഏറ്റവും കൂടുതൽ അപേക്ഷകർ അർഹരായുള്ളത് എരുമേലിയിലാണ്– 1102. കുറവ് വെളിയന്നൂരിലും – 66. നഗരസഭകളിൽ കൂടുതല്‍ അർഹർ കോട്ടയത്തും (1141) കുറവ് പാലായിലും(142).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top