23 April Tuesday

പൂഞ്ഞാറിൽ 1,000 കോടിയുടെ 
സമ്പൂർണ ശുദ്ധജല പദ്ധതിക്ക്‌ ഭരണാനുമതി

വെബ് ഡെസ്‌ക്‌Updated: Sunday Mar 19, 2023
കോട്ടയം
പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ ജൽജീവൻ മിഷനിൽ 1,000 കോടി രൂപയുടെ സമ്പൂർണ ശുദ്ധജലപദ്ധതിക്ക്‌ ഭരണാനുമതി ലഭിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഈരാറ്റുപേട്ട നഗരസഭയിലും പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, കൂട്ടിക്കൽ, തിടനാട്, തീക്കോയി, മുണ്ടക്കയം, കോരുത്തോട്, പാറത്തോട്, എരുമേലി പഞ്ചായത്തുകളിലുമായി 75,000ൽപരം വീടുകളിൽ ശുദ്ധജലം എത്തിക്കുന്നതാണ്‌ പദ്ധതി. 
  ഇടുക്കി ജില്ലയിലെ മലങ്കര ഡാമിൽനിന്നാണ്‌ പദ്ധതിക്കാവശ്യമായ വെള്ളംശേഖരിക്കുക. കടനാട് പഞ്ചായത്തിലെ നീലൂരിൽ ഒരേക്കർ സ്ഥലത്ത് 98 കോടി രൂപ വിനിയോഗിച്ച് ജലശുദ്ധീകരണ പ്ലാന്റ്‌ സ്ഥാപിക്കും. ഈ ശുദ്ധീകരണശാലയിൽനിന്ന്‌ 19 കിലോമീറ്റർ നീളത്തിൽ പൈപ്പ്‌ സ്ഥാപിച്ച് പൂഞ്ഞാറിലെ വെട്ടിപ്പറമ്പിലെ ടാങ്കിലെത്തിക്കും. ഇവിടെനിന്നാണ്‌ പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, കൂട്ടിക്കൽ, തിടനാട്, തീക്കോയി പഞ്ചായത്തുകളിൽ ശുദ്ധജലമെത്തിക്കുക. മറ്റിടങ്ങളിലേക്ക്‌ പെരുന്തേനരുവിയിൽ പമ്പയാറ്റിൽ നിർമിച്ചിട്ടുള്ള പമ്പ് ഹൗസ് വഴിയാണ്‌ വെള്ളം പമ്പുചെയ്ത് എത്തിക്കുക. മണിമലയാറ്റിലെ മൂരിക്കയത്ത് ചെക്ക് ഡാം നിർമിച്ച് അവിടെനിന്ന്‌ ജലംസംഭരിച്ച് വെള്ളനാടിയിലെ ശുദ്ധീകരണശാലയിൽ ശുദ്ധീകരിച്ച് മുണ്ടക്കയം, കോരുത്തോട് പഞ്ചായത്തുകളിൽ ജലവിതരണം നടത്തും. പാറത്തോട് പഞ്ചായത്തിൽ നിലവിലുള്ള ശുദ്ധജല വിതരണ പദ്ധതി കൂടുതൽ വിപുലീകരിക്കാനും പഞ്ചായത്തിന്റെ എല്ലാ പ്രദേശത്തേക്കും വെള്ളമെത്തിക്കുന്നതിനും പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. അമൃത് പദ്ധതിയിൽപ്പെടുത്തി മലങ്കരയിൽനിന്ന് എത്തിക്കുന്ന വെള്ളം ശുദ്ധീകരിച്ച് ഈരാറ്റുപേട്ട നഗരസഭയിൽ വിതരണംചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ഇതിന്‌ പ്രാഥമികമായി ഒമ്പത്‌ കോടി രൂപയുടെ ഭരണാനുമതി ലഭ്യമായിട്ടുണ്ട്.  
  ജലജീവൻ മിഷന്റെ റൂറൽ മിഷൻ വഴി മണ്ഡലത്തിലെ 67,927 വീടുകൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. പൂഞ്ഞാർ പഞ്ചായത്തിലെ 4,304 വീടുകൾക്കും പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ 4,656 വീടുകൾക്കും മുണ്ടക്കയം പഞ്ചായത്തിലെ 16,544 വീടുകൾക്കും എരുമേലി പഞ്ചായത്തിലെ മുമ്പ്‌ കണക്ഷൻ നൽകിയത് കൂടാതെ  13,790 വീടുകൾക്കുമാണ് കണക്ഷൻ നൽകുക. കൂട്ടിക്കൽ 5,325, പാറത്തോട് 9,624, തീക്കോയി 4,335, തിടനാട് 6,093, കോരുത്തോട് 3,256 എന്നിങ്ങനെയാണ്‌ കണക്ഷൻ ലഭിക്കുന്ന വീടുകളുടെ എണ്ണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top