കൊച്ചി
തേവര പെരുമാനൂരിൽനിന്ന് കാണാതായ യുവാവിനെ ഗോവയിൽ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക്. ജെഫ് ജോൺ ലൂയീസിനെ (27) കൊലപ്പെടുത്തിയ കേസിൽ ബന്ധമുള്ള രണ്ടുപേരുടെ വിവരങ്ങൾ അന്വേഷകസംഘത്തിന് ലഭിച്ചു. ഇവരെ ഉടൻ കസ്‌റ്റഡിയിലെടുക്കും.
അന്വേഷണത്തിന്റെ ഭാഗമായി സൗത്ത് എസ്‌എച്ച്‌ഒ എം എസ് ഫൈസലിന്റെ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്‌ച ഗോവയിലേക്ക് തിരിക്കും. വടക്കൻ ഗോവയിലെ ആളൊഴിഞ്ഞ കുന്നിൻപ്രദേശത്ത് കൊന്നുതള്ളിയെന്നാണ് വിവരം. പിടിയിലായ കോട്ടയം വെള്ളൂർ കല്ലുവേലിൽ അനിൽ ചാക്കോ (28), ഇയാളുടെ പിതൃസഹോദരന്റെ മകൻ സ്റ്റൈഫിൻ തോമസ് (24), വയനാട് വൈത്തിരി പാരാലിക്കുന്ന് ടി വി വിഷ്ണു (25) എന്നിവരുമായാണ് സംഘം പോകുന്നത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് രണ്ടുപേരെക്കുറിച്ചുള്ള വിവരം ലഭിച്ചത്.
ലഹരിക്കടത്ത്, സാമ്പത്തിക തർക്കം എന്നിവ കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. ക്രിമിനൽ കേസുകളിൽ പ്രതിയായ അനിൽ ഗോവയിൽ ഒളിവിലായിരുന്നു. ഗോവയിൽവച്ചാണ് ജെഫ് ഇയാളെ പരിചയപ്പെടുന്നത്. ഇവിടെ ഒളിവിൽ തുടരാനാണ് ജെഫുമായി ചേർന്ന് ഗോവയിൽ സംരംഭം ആരംഭിക്കാൻ പദ്ധതിയിട്ടത്. ഇതിനിടയിലാണ് ജെഫുമായി തെറ്റുന്നത്. അനിൽ ആവശ്യപ്പെട്ട കാര്യം നിർവഹിച്ച് തരാമെന്നുപറഞ്ഞ് ജെഫ് ഇയാളിൽനിന്ന് പണം കൈപ്പറ്റിയിരുന്നെങ്കിലും അത് നടത്താതെ കബളിപ്പിച്ചു. ലഹരിയിടപാടിനെ ചൊല്ലിയും പ്രശ്‌നമുണ്ടായി. ഇതോടെ ജെഫിനോട് പകയായി. സംഭവദിവസം നാലുപേരും ചേർന്ന് മദ്യപിക്കുന്നതിനിടെ ഈ വിഷയങ്ങളെച്ചൊല്ലി തർക്കമുണ്ടായെന്നും തുടർന്ന് ജെഫിനെ കൊലപ്പെടുത്തിയെന്നുമാണ് സൂചന.
2021 നവംബറിലാണ് ജെഫ് ജോൺ ലൂയിസ് വീടുവിട്ടിറങ്ങുന്നത്. ഇയാളുടെ അമ്മ സൗത്ത് പൊലീസിൽ പരാതി നൽകി. ആഗസ്‌തിൽ മറ്റൊരു കേസിലെ പ്രതിയുടെ മൊഴിയിൽനിന്നുമാണ് ജെഫിന്റെ കൊലപാതകത്തെക്കുറിച്ചുള്ള സൂചനകൾ ലഭിക്കുന്നതും തുടർന്നുള്ള അന്വേഷണത്തിൽ അനിൽ ചാക്കോ ഉൾപ്പെടെയുള്ളവർ പിടിയിലായതും. ജെഫിനെ കാണാതായ 2021 നവംബറിൽതന്നെയായിരുന്നു കൊലപാതകം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..