09 May Thursday
മഴ തുടർന്നാൽ നഷ്ടം 16 കോടിയാകും

നെല്ല്‌ വെള്ളത്തിൽ; നെഞ്ച്‌ പൊട്ടി കർഷകർ

സ്വന്തം ലേഖകൻUpdated: Wednesday May 18, 2022

തിരുവാർപ്പ് ജെ ബ്ലോക്ക് ഒമ്പതിനായിരം പാടശേഖരത്തിൽനിന്ന് നെല്ല് സംഭരിക്കുന്നു

കോട്ടയം
ഇടവിട്ട്‌ പെയ്യുന്ന മഴ പടിഞ്ഞാറൻ പാടശേഖരങ്ങളെ വെള്ളത്തിൽ മുക്കി. ഏക്കർ കണക്കിന്‌ പാടശേഖരങ്ങളിലെ വിളവെടുപ്പിന്‌ പാകമായ നെല്ല്‌ പൂർണമായും വെള്ളത്തിലായി.  മഴ ചതിച്ചതോടെ കർഷകർക്ക്‌ കോടികളുടെ നഷ്ടമാണ്‌ ഉണ്ടായത്‌. ജില്ലയിലെ 11 ബ്ലോക്കുകളിലും വൻ കൃഷിനാശം സംഭവിച്ചു. മെയ്‌ ഒന്നുമുതൽ 16 വരെയുള്ള പ്രാഥമിക കണക്കിൽ 1072 ഹെക്ടർ കൃഷി നശിച്ചു. നെൽകർഷകരുൾപ്പെടെ 2287 പേർക്ക്‌ 16.36 കോടിയുടെ നഷ്ടമുണ്ടാകും. പലയിടങ്ങളിലും നെല്ല്‌ കൊയ്‌തെടുക്കാൻ യന്ത്രങ്ങൾ  ഇറക്കാൻ ശ്രമിച്ചെങ്കിലും താഴ്‌ന്നുപോകുന്നതിനാൽ കഴിഞ്ഞില്ല. നെൽപ്പാടങ്ങൾ പൂർണമായും വെള്ളത്തിൽ മുങ്ങിയതിനാൽ വിളവെടുപ്പിന്‌ പാകമായ നെല്ലും നശിച്ചു തുടങ്ങി.
 പള്ളം ബ്ലോക്കിലാണ്‌ ഏറ്റവും കൂടുതൽ കൃഷിനാശം നേരിട്ടത്‌. 449 ഹെക്ടറിൽ 563 കർഷകരുടെ നെൽകൃഷി ഉൾപ്പെടെ നശിച്ചു. 6.70 കോടിയുടെ നഷ്ടം കണക്കാക്കുന്നു. മാടപ്പള്ളി ബ്ലോക്കിൽ 165 ഹെക്ടർ കൃഷി നശിച്ചു. നഷ്ടം 2.47 കോടി. ഏറ്റുമാനൂർ ബ്ലോക്കിൽ 269 ഹെക്ടർ കൃഷിനശിച്ചു. കുറെ സ്ഥലങ്ങളിലെ കൃഷി വെള്ളത്തിനടിയിലുമാണ്‌. 4.03 കോടിയുടെ നഷ്ടമുണ്ടായതാണ്‌ പ്രാഥമിക കണക്ക്‌. ഇതിൽ 1714 നെൽകർഷകരുടെ 1021 ഹെക്ടർ പാടത്തെ നെൽകൃഷി നശിച്ചിട്ടുണ്ട്‌. ഇവയിൽ പല പാടശേഖരങ്ങളിലും നെല്ല്‌ കൊയ്‌തെടുക്കാൻശ്രമം തുടരുകയാണ്‌. വെള്ളത്തിലായ നെല്ല്‌ കൊയ്യാൻ കഴിഞ്ഞില്ലെങ്കിൽ 15.33 കോടിയുടെ നഷ്ടം ഉണ്ടാകുമെന്നാണ്‌ പ്രഥമിക വിലയിരുത്തൽ. കുലച്ച ഏത്തവാഴ, കുലയ്‌ക്കാത്ത വാഴ, റബർ മറ്റ്‌ കൊണ്ടൽ കൃഷി എന്നിവയും നശിച്ചിട്ടുണ്ട്‌. 1.3 കോടിയുടെ പ്രാഥമിക നഷ്ടം കണക്കാക്കി. 
ചൊവ്വയും മഴ പൂർണമായും നിലയ്‌ക്കാത്തതിനാൽ പാടങ്ങളിലെ വെള്ളം ഇറങ്ങിയിട്ടില്ല. കിഴക്കൻ മേഖലകളിൽ ശക്തിയായ മഴയില്ലെങ്കിലും പടിഞ്ഞാറൻ മേഖലകളിൽ വെള്ളം കുറയുന്നില്ല. വരും ദിവസങ്ങളിൽ മഴ തുടർന്നാൽ ശേഷിക്കുന്ന നെൽപ്പാടങ്ങളും വെള്ളത്തിൽ മുങ്ങും.  പലയിടങ്ങളിലും കൊയ്‌ത പാടത്ത്‌ ശേഖരിച്ചിരിക്കുന്ന നെല്ലും വെള്ളത്തിലാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top