27 April Saturday
പൊലീസ് പരേഡ് ഗ്രൗണ്ടിൽ സ്വാതന്ത്ര്യ ദിനാഘോഷം

മതനിരപേക്ഷത കാത്തുസൂക്ഷിക്കണം: മന്ത്രി വി എൻ വാസവൻ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 17, 2022

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്‌ മന്ത്രി വി എൻ വാസവൻ പരേഡ് പരിശോധിക്കുന്നു

 

കോട്ടയം
രാജ്യത്തിന്റെ അഖണ്ഡതയും മതനിരപേക്ഷതയും നാനാത്വത്തിൽ ഏകത്വ വീക്ഷണവും കാത്തുസൂക്ഷിക്കാൻ ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന്  മന്ത്രി വി എൻ വാസവൻ. പൊലീസ് പരേഡ് ഗ്രൗണ്ടിൽ ജില്ലാതല സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ ദേശീയപതാക ഉയർത്തിയശേഷം സ്വാതന്ത്ര്യദിന സന്ദേശം നൽകുകയായിരുന്നു മന്ത്രി.
മതനിരപേക്ഷ, ജനാധിപത്യ ഇന്ത്യയാണ് ഡോ. ബി ആർ അംബേദ്കർ അടക്കമുള്ള മഹാരഥന്മാർ ലക്ഷ്യമിട്ടത്. മനുഷ്യനെ വിവിധ വിഭാഗീയതകളുടെ പേരിൽ തമ്മിലടിപ്പിക്കുന്നതിനെ ചെറുത്തുതോൽപ്പിക്കണം. ഫെഡറൽ സംവിധാനം സംരക്ഷിക്കപ്പെടണമെന്നും മന്ത്രി പറഞ്ഞു. 
21 പ്ലാറ്റൂണുകൾ പങ്കെടുത്ത പരേഡിൽ മന്ത്രി അഭിവാദ്യം സ്വീകരിച്ചു. പ്രത്യേക വാഹനത്തിൽ പരേഡ് പരിശോധിച്ചു. വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ ആർ പി അനൂപ് കൃഷ്ണയായിരുന്നു പരേഡ് കമാൻഡർ. മികച്ച പ്രകടനം കാഴ്ചവച്ച പ്ലാറ്റൂണുകൾക്ക് മന്ത്രി സമ്മാനങ്ങൾ വിതരണം ചെയ്തു. ബേക്കർ മെമോറിയൽ എച്ച്എസ്എസ്‌, മൗണ്ട് കാർമൽ ജിഎച്ച്എസ്, കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക്സ്‌ കോളേജ് എന്നിവിടങ്ങളിലെ വിദ്യാർഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക്‌സ്‌ കോളേജ്   സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട്‌ 2500 ചതുരശ്രയടി കാൻവാസിൽ തയ്യാറാക്കിയ ചിത്രപ്രദർശനം ശ്രദ്ധേയമായി.  
സായുധസേന പതാക നിധിയിലേക്ക് ഏറ്റവുമധികം തുക സംഭാവന നൽകിയ സർക്കാർ വകുപ്പിനുള്ള പുരസ്‌കാരം സഹകരണ ജോയിന്റ് രജിസ്ട്രാർ ഓഫീസിനും സ്‌കൂളിനുള്ള പുരസ്‌കാരം കോട്ടയം എംഡി സെമിനാരി സ്‌കൂളിനും മന്ത്രി സമ്മാനിച്ചു.
തോമസ് ചാഴികാടൻ എംപി, അഡ്വ. സെബാസ്‌റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി, കലക്ടർ ഡോ. പി കെ ജയശ്രീ, ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്, കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്‌റ്റ്യൻ, സബ് കലക്ടർ രാജീവ് കുമാർ ചൗധരി, എഡിഎം ജിനു പുന്നൂസ്, നഗരസഭാംഗം റീബ വർക്കി എന്നിവർ പങ്കെടുത്തു. 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top