26 April Friday

ആംബുലൻസിലും
വ്യാജൻ

സ്വന്തം ലേഖകൻUpdated: Saturday Oct 16, 2021

 

 
കോട്ടയം
മോട്ടോർ വാഹനവകുപ്പിന്റെ കണ്ണുവെട്ടിച്ച് രൂപമാറ്റം വരുത്തിയ ആംബുലൻസുകൾ ജില്ലയിൽ സർവീസ് നടത്തുന്നു. കർണാടകയിലും മറ്റുസംസ്ഥാനങ്ങളിലും സ്വകാര്യ വാഹനങ്ങളായി രജിസ്റ്റർചെയ്‌തവയാണ് ഇപ്പോൾ ആംബുലൻസുകളായി ജില്ലയിൽ സർവീസ് നടത്തുന്നത്. രൂപമാറ്റം വരുത്തിയ വാഹനങ്ങൾക്ക് ആംബുലൻസ് ലൈസൻസ് നൽകരുതെന്ന ചട്ടം നിലനിൽക്കെയാണ് ഇപ്പോൾ ജില്ലയിൽ വ്യാപകമായി ഇത്തരം ആംബുലൻസുകൾ ഇറങ്ങുന്നത്. ഇത്തരം വാഹനങ്ങൾക്ക് തേർഡ് പാർട്ടി ഇൻഷുറൻസ്‌ മാത്രമാണ് ലഭിക്കുക. ഈ സാഹചര്യത്തിൽ ഇത്തരം ആബുലൻസുകൾ അപകടത്തിൽപ്പെട്ടാൽ വാഹനത്തിലുള്ള രോഗികൾക്ക് ഇൻഷുറൻസ് പരിരക്ഷപോലും ലഭിക്കില്ല.
  മറ്റു സംസ്ഥാനങ്ങളിൽ പ്രൈവറ്റ് വാഹനങ്ങളായി രജിസ്റ്റർചെയ്‌തവ നികുതി വെട്ടിപ്പിനും മറ്റുമായി സംസ്ഥാനത്ത് എത്തിച്ച് ആംബുലൻസുകളും, ഇരുവശത്തും ഗ്ലാസ് ഇട്ട മഞ്ചലുകളുമായി സർവീസ് നടത്തുകയാണ് ചെയ്യുന്നത്. നിയമലംഘനം മോട്ടോർ വാഹനവകുപ്പ് അധികൃതരുടെ ശ്രദ്ധയിൽവന്നിട്ടും നടപടി എടുത്തിട്ടില്ല. ഹൈറൂഫ് വാഹനങ്ങൾ ഷോറൂമിൽനിന്ന്‌ നേരിട്ട് ആംബുലൻസായി രജിസ്റ്റർചെയ്‌തേ നിരത്തിൽ ഇറക്കാവൂ എന്നാണ് ചട്ടം. എന്നാൽ, ഈ ചട്ടം പാലിക്കാതെയാണ് ഇപ്പോൾ മറ്റു സംസ്ഥാനങ്ങളിൽനിന്ന്‌ വാഹനങ്ങൾ എത്തിച്ച് രൂപമാറ്റം വരുത്തി റോഡിലിറക്കുന്നത്.
തമിഴ്‌നാട്ടിൽനിന്നും കർണാടകത്തിൽനിന്നും എത്തിക്കുന്ന വാഹനങ്ങൾക്ക് ഹൈറൂഫ് ഉണ്ടാകില്ല. ആംബുലൻസുകളിൽ രോഗികൾക്ക്‌ സുഖയാത്രയ്‌‌‌ക്കായി ഹൈറൂഫ് വാഹനങ്ങൾ വേണമെന്നാണ് ചട്ടം. ഈ ചട്ടം കാറ്റിൽ പറത്തിയാണ് പലപ്പോഴും ആംബുലൻസുകൾ രൂപമാറ്റം വരുത്തുന്നത്. ആംബുലൻസായി ബോഡി നിർമിച്ച വാഹനങ്ങൾക്ക് മാത്രമേ മോട്ടോർ വാഹന വകുപ്പ് രജിസ്‌ട്രേഷൻ നൽകാവൂ എന്നാണ് ചട്ടം. എന്നാൽ, ഈ ചട്ടം പാലിക്കപ്പെടുന്നില്ലെന്നാണ് പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്.
 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top