24 April Wednesday

വർഗീയ പ്രചാരണം വേണ്ട: പിടി വീഴും

വെബ് ഡെസ്‌ക്‌Updated: Thursday Sep 16, 2021
കോട്ടയം
കടുത്ത മതവിദ്വേഷവും മതത്തിന്റെ പേരിലുള്ള കള്ളപ്രചാരണവും നടത്തുന്ന ഫേസ്‌ബുക്ക്‌, വാട്‌സാപ്പ്‌ ഗ്രൂപ്പുകൾ പൊലീസ്‌ നിരീക്ഷണത്തിൽ. പാലായിലെ സംഭവങ്ങളുടെ പശ്‌ചാത്തലത്തിൽ ഇത്തരം പ്രചാരണം രൂക്ഷമായതിനെ തുടർന്നാണ്‌ നടപടി ശക്തമാക്കിയത്‌. ഒരുവിഭാഗത്തിന്റെ സ്ഥാപനങ്ങൾ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്‌ത്‌ പ്രചാരണങ്ങൾ നടത്തുന്ന ഗ്രൂപ്പുകൾ പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. സാമൂഹ്യ മാധ്യമങ്ങളിലൂടെ വിദ്വേഷം പടർത്തുന്നവരുടെ വിവരങ്ങൾ സൈബർ സെല്ലിന്റെ സഹായത്തോടെ ശേഖരിച്ച്‌ തുടങ്ങിയതായി പാലാ ഡിവൈഎസ്‌പി ഷാജു ജോസ്‌ പറഞ്ഞു.
ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ സമുദായ നേതാക്കളുടെ യോഗം പാലായിൽ വിളിച്ചു. കഴിഞ്ഞ ദിവസങ്ങളിലെ സംഭവങ്ങളെ നേതാക്കൾ അപലപിച്ചു. സാമൂഹ്യ മാധ്യമങ്ങളിൽ വ്യാജ ഐഡികളും ഗ്രൂപ്പുകളും നടത്തുന്ന ദുഷ്‌പ്രചാരണത്തിൽ ഇവർ ആശങ്കയും പ്രകടിപ്പിച്ചു. 
ചില വർഗീയ പോസ്‌റ്റുകൾ സംബന്ധിച്ച്‌ ഏതാനും പരാതികളും പൊലീസിന്‌ ലഭിച്ചിട്ടുണ്ട്‌.
പുതുതായി രൂപീകരിച്ച ചില ഐഡികളിൽനിന്നാണ്‌ കൂടുതലായും വർഗീയത പ്രചരിപ്പിക്കുന്നതെന്ന്‌ കണ്ടെത്തി. ആധികാരികം എന്ന പേരിൽ ഇവർ ചില മതസംബന്ധിയായ കണക്കുകളും പുറത്തുവിടുന്നുണ്ട്‌. വിദ്വേഷ പ്രതികരണമിട്ട നൂറോളം ഐഡികൾ നിരീക്ഷണത്തിലാക്കി. 
നിലവിലെ സാഹചര്യത്തിൽ, ഓരോ മതത്തിന്റെ പേരിൽ "ചാവേറുകൾ', "പോരാളികൾ' എന്നൊക്കെയുള്ള പേരിലാണ്‌ പുതിയ അക്കൗണ്ടുകൾ ഫേസ്‌ബുക്കിൽ പ്രത്യക്ഷപ്പെട്ടത്‌. വിദ്വേഷം പടർത്തുന്ന വാട്‌സാപ്പ്‌ ഗ്രൂപ്പുകൾ വേറെ. ഇവയിൽ പാലായിൽ നടന്ന സംഭവങ്ങൾ സംബന്ധിച്ച്‌ തെറ്റായ പ്രചാരണം നടക്കുന്നതായി പൊലീസ്‌ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top