27 April Saturday

ഫേസ്‌ബുക്ക്‌ ലൈവിൽ 
യുവാവിന്റെ ആത്മഹത്യാശ്രമം; രക്ഷകരായി പൊലീസ്‌

വെബ് ഡെസ്‌ക്‌Updated: Monday May 16, 2022

 

പാലാ
രക്തം കുറച്ചുകൂടി... യുവാവിന്റെ ഫേസ്‌ബുക്ക്‌ കുറിപ്പ്‌ കണ്ട്‌ നിമിഷങ്ങൾക്കകം സംഭവസ്ഥലത്തെത്തി പൊലീസ്‌ രക്ഷകരായി. കൈ ഞരമ്പ്‌ മുറിച്ചുള്ള ആത്മഹത്യാശ്രമം ലൈവായി ഫേസ്ബുക്കിൽ പോസ്‌റ്റിട്ട യുവാവിനെ  മരണത്തിന്‌ വിട്ടുകൊടുക്കാതെ പൊലീസ് രക്ഷിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടിൽ മറ്റാരുമില്ലാത്ത നേരത്ത്‌ സാഹസത്തിന്‌ മുതിർന്ന പാലാ സ്വദേശിയായ മുപ്പതുകാരനെയാണ്‌ പൊലീസ് രക്ഷപെടുത്തിയത്‌. 
ഞായർ വൈകിട്ട് 5.30 ഓടെ വീട്ടിൽ രക്ഷിതാക്കളില്ലാത്ത  സമയത്തായിരുന്നു സംഭവം. ഫേസ്‌ബുക്ക്‌ പേജിൽ ഞായർ വൈകിട്ട്‌ 5.32നാണ്‌ തറയിൽ തുള്ളികളായി വീണ രക്തത്തിന്റെ ചിത്രം യുവാവ്‌ പോസ്‌റ്റ്‌ ചെയ്‌തത്‌. എന്റെ ആത്മഹത്യാ ലൈവ് എന്ന പേരിൽ ഫേസ്‌ബുക്കിൽ ഇട്ട ദൃശ്യങ്ങൾകണ്ട മറ്റൊരാൾ ഉടൻ പാലാ പൊലീസിന്‌ വിവരം കൈമാറി. ഫേസ്ബുക്ക് പരിശോധിച്ച് സൈബർ സെല്ലിന്റെ സഹായത്തോടെ സ്ഥലംകണ്ടെത്തിയ പൊലീസ്‌ എസ്എച്ച്ഒ കെ പി തോംസന്റെ നേതൃത്വത്തിൽ അരമണിക്കൂറിനുള്ളിൽ സ്ഥലത്തെത്തി. വീട് അടച്ചിട്ട നിലയിലായിരുന്നു. ഉടൻ ഫയർഫോഴ്‌സിനെയും  വിവരമറിയിച്ചു. ഫയർഫോഴ്‌സ് എത്തുംമുമ്പേ  അനുനയിപ്പിച്ച് വീടിന്റെ വാതിൽ തുറപ്പിച്ച പൊലീസ് ആംബുലൻസ് എത്തിച്ച് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. യുവാവ്‌ അപകടനില തരണം ചെയ്‌തതായി ആശുപത്രി അധികൃതർ അറിയിച്ചു. ആത്മഹത്യാശ്രമത്തിന്‌ പിന്നിലെ കാരണം അറിവായിട്ടില്ല.
 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top