കോട്ടയം
താഴ്ന്ന വരുമാനക്കാർക്കും സർക്കാർ ഓഫീസുകളിലും സൗജന്യമായും മറ്റുള്ളവർക്ക് കുറഞ്ഞനിരക്കിലും അതിവേഗ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്ന കേരളത്തിന്റെ അഭിമാന പദ്ധതിയായ കെ ഫോൺ എല്ലാവിഭാഗം ഉപയോക്താക്കൾക്കും ലഭ്യമായിത്തുടങ്ങി. ജില്ലയിലെ ആദ്യ സ്വകാര്യ കണക്‌ഷൻ വ്യാഴാഴ്ചനൽകി. കാണക്കാരി തുമ്പക്കര വർക്കിയാണ് കെ ഫോണിന്റെ ജില്ലയിലെ ആദ്യ സൗജന്യേതര ഉപയോക്താവ്.
ലോക്കൽ കേബിൾ ടിവി ഓപ്പറേറ്റർമാർ വഴിയാണ് സ്വകാര്യ കണക്ഷൻ നൽകുന്നത്. ആദ്യഘട്ടത്തിൽ 14,000 സ്വകാര്യ കണക്ഷനുകൾ നൽകും. പ്രാദേശിക കേബിൾടിവി ഓപ്പറേറ്റർമാരുമായി ഇതുസംബന്ധിച്ച് കരാറായി. ജില്ലയിൽ 120 പ്രാദേശിക കേബിൾടിവി ഓപ്പറേറ്റർമാരെയാണ് ഇതുവരെ നിശ്‌ചയിച്ചിട്ടുള്ളത്. ഇവർക്ക് കെ ഫോൺ സിഗ്നൽനൽകും. കേബിൾ വലിച്ച് മോഡം സ്ഥാപിച്ച് കണക്‌ഷൻ നൽകേണ്ട ചുമതലയാണ് ഇവർക്കുള്ളത്.
സംസ്ഥാനത്ത് ഇതുവരെ 924 പ്രാദേശിക കേബിൾ ടിവി ഓപ്പറേറ്റർമാരെ ഇതിനായി തെരഞ്ഞെടുത്തിട്ടുണ്ട്. സംസ്ഥാനത്താകെ ഈ മാസം 10000 സ്വകാര്യ കണക്‌ഷനുകൾ നൽകാനാണ് തീരുമാനിച്ചത്. ഇതനുസരിച്ച് ജില്ലയിൽ 750–-1000 സ്വകാര്യ കണക്‌ഷനുകൾ ഒരുമാസത്തിനകം നൽകും.
ജൂൺ അഞ്ചിന് ആരംഭിച്ച കെ ഫോൺ പദ്ധതിയിൽ ജില്ലയിലെ 312 ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യമായി ഇതുവരെ കണക്‌ഷൻ നൽകി. 650 കണക്‌ഷനുകൾകൂടി നൽകാൻ സംവിധാനങ്ങൾ പൂർത്തിയായി. സ്കൂളുകൾ അടക്കം 1250 സർക്കാർ സ്ഥാപനങ്ങൾക്കും കണക്‌ഷൻ ലഭ്യമാക്കി. പദ്ധതിയുടെ അടിസ്ഥാന സൗകര്യ ഒരുക്കൽ 99 ശതമാനവും പിന്നിട്ടു. 2000ൽ ഏറെ കിലോമീറ്റർ കേബിളുകൾ സ്ഥാപിച്ചു. 24 പിഓപിയുടെ നിർമാണവും പൂർത്തിയാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..