29 March Friday

മായിൻകുട്ടി ഹാപ്പിയാണ്; കിടപ്പാടമൊരുക്കാൻ ഭൂമിയായി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 15, 2021
ചങ്ങനാശേരി
മൂന്നരപതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ മുക്കാൽ സെന്റ് ഭൂമിയ്ക്ക് അവകാശിയായതിന്റെ സന്തോഷത്തിലാണ് കുരിശുംമൂട് പുതുപ്പറമ്പിൽ മായിൻകുട്ടി. ആറുവർഷംമുമ്പ് ഭാര്യ മരിച്ചു. അധികം വൈകാതെ മൂത്ത രണ്ടുമക്കൾ മരിച്ചു. ഇടുങ്ങിയ വീട്ടിൽ ഒരുമിച്ച് ജീവിക്കാൻ സാധ്യമല്ലാത്തതിനാൽ ഇളയമകനും കുടുംബവും വാടകയ്ക്കാണ് താമസം.
"‘ആയകാലത്ത് നന്നായി പണിയെടുത്തതാ, ഇപ്പോ വയ്യ. കണ്ണടയുന്നതിനുമുമ്പ് പട്ടയം കിട്ടണോന്ന് വല്യ ആഗ്രഹമായിരുന്നു. ഇന്നത് സാധിച്ചു‘' –- ജോബ് മൈക്കിൾ എംഎൽഎയുടെ കൈയിൽനിന്ന് സ്വീകരിച്ച പട്ടയം നെഞ്ചോടടുക്കി മായിൻകുട്ടി പറഞ്ഞു. 
സംസ്ഥാന സർക്കാരിന്റെ ക്ഷേമ പെൻഷനാണ് മായിൻകുട്ടിയുടെ ഏക ആശ്രയം. വാഴപ്പള്ളി കിഴക്ക് വില്ലേജ് പരിധിയിലെ പാറപുറമ്പോക്ക് വിഭാഗത്തിൽ ഉൾപ്പെട്ടതാണ് മായിൻകുട്ടിയുടെ മുക്കാൽസെന്റ് വസ്തു. പാറ ഭൂമി പതിച്ചുകൊടുക്കാനും ഒരുസെന്റിൽ താഴെയുള്ള ഭൂമിക്ക്‌ പട്ടയംനൽകാനും നിലവിൽ നിയമമില്ലാത്തതിനാൽ സർക്കാരിന്റെ പ്രത്യേക ഉത്തരവിലൂടെയാണ് പട്ടയം സാധ്യമാക്കിയത്. പട്ടയം കിട്ടിയതിനാൽ ഭവനപദ്ധതിയിലൂടെ കെട്ടുറപ്പുള്ള വീടുവച്ച് മകനും കുടുംബവുമൊത്ത്‌ താമസിക്കാമെന്ന സന്തോഷത്തോടെയാണ് മായിൻകുട്ടി വീട്ടിലേക്ക് മടങ്ങിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top