20 April Saturday

കടയുടമ പറഞ്ഞതായി എത്തി 33,000 രൂപ തട്ടിയടുത്തു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 15, 2020

 

രാമപുരം 
ഉടമ പറഞ്ഞിട്ടെന്ന വ്യാജേന സ്ഥാപനത്തിലെത്തിയയാൾ  ജീവനക്കാരിയിൽനിന്ന് 33,000 രൂപാ തട്ടിയെടുത്ത് കടന്നു കളഞ്ഞു. 
പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോണിന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ കഴിഞ്ഞ ദിവസമാണ് തട്ടിപ്പ് നടത്തിയത്. പഞ്ചായത്ത് ബസ് സ്റ്റാന്‍ഡിന് സമീപമുള്ള എയ്ഞ്ചല്‍ ബ്യൂട്ടീക് എന്ന ടെക്‌സ്റ്റൈല്‍സിലായിരുന്നു തട്ടിപ്പ്.  45 വയസ്‌   തോന്നിക്കുന്നയാള്‍  ബൈക്കില്‍ കടയിലെത്തി. ഈസമയം ഒരു ജീവനക്കാരി മാത്രമേ കടയില്‍ ഉണ്ടായിരുന്നുള്ളു. കടയുടമയെ ഫോണില്‍ വിളിക്കുന്നതായി നടിച്ച തട്ടിപ്പുകാരന്‍ കടയുടമ പറഞ്ഞിട്ടാണെന്ന് പറഞ്ഞ് ജീവനക്കാരിയോട് 40,000 രൂപ ആവശ്യപ്പെടുകയായിരുന്നു.  ജീവനക്കാരിക്ക് സംശയം തോന്നിയപ്പോള്‍ വീണ്ടും കടയുടമയെ വിളിക്കുന്നതായി ഭാവിച്ചു. തുടര്‍ന്ന് മേശയിലുള്ള തുക നൽകാൻ കടയുടമ നിര്‍ദ്ദേശിച്ചതായി തട്ടിപ്പുകാരന്‍ ജീവനക്കാരിയോട് പറഞ്ഞു. ഇതോടെ ജീവനക്കാരി  മേശയിലുണ്ടായിരുന്ന 33,000 രൂപ കൊടുത്തു. പണം വാങ്ങിയയാൾ ഉടൻതന്നെ ബൈക്കിൽ രക്ഷപ്പെട്ടു. ഒരു മണിക്കൂര്‍ കഴിഞ്ഞ് കടയുടമ ബബിത ബൈജു കടയിലെത്തിയപ്പോഴാണ് തട്ടിപ്പ് മനസിലായത്. ഉടന്‍ രാമപുരം പൊലീസില്‍ പരാതി നൽകി. രാമപുരം പൊലീസ് സമീപ സ്റ്റേഷനുകളിലേക്ക് വിവരം കൈമാറിയെങ്കിലും തട്ടിപ്പുകാരനെ കുറിച്ച് സൂചനയൊന്നും ലഭിച്ചില്ല. അന്വേഷണം ഊര്‍ജ്ജിതമായി നടന്നുവരുകയാണെന്ന് രാമപുരം എസ്‌ഐ സെബാസ്റ്റ്യന്‍ പറഞ്ഞു. സമാനമായ രീതിയില്‍ കഴിഞ്ഞവര്‍ഷം പാലായിലേയും ഈരാറ്റുപേട്ടയിലേയും വിവിധ വ്യാപാരസ്ഥാപനങ്ങളിലും തട്ടിപ്പ് നടന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top