29 March Friday

വൈക്കം സത്യഗ്രഹവും പെരിയാറും

വെബ് ഡെസ്‌ക്‌Updated: Sunday Aug 14, 2022

വൈക്കത്തെ തന്തൈ പെരിയാർ സ്മാരകത്തിൽ ഒരുക്കിയിരിക്കുന്ന 
പെരിയാറിന്റെ പ്രതിമ

വൈക്കം
പുതുതലമുറയ്‌ക്ക്‌ ചിന്തിക്കാൻപോലും കഴിയാത്ത സാമൂഹിക ക്രമത്തെ മാറ്റിമറിച്ച പോരാട്ടമായിരുന്നു വൈക്കം സത്യഗ്രഹം. ആയിരങ്ങൾ അണിനിരന്ന പോരാട്ടത്തിന് നേതൃത്വം നൽകിയ മഹാരഥൻമാരിൽ ഒരാളാണ്‌ തന്തൈ പെരിയാർ. വൈക്കം മഹാദേവ ക്ഷേത്രത്തിന് ചുറ്റുമുള്ള വഴികളിലൂടെ അവർണവിഭാഗക്കാർക്ക് നടക്കാനുള്ള അവകാശത്തിനായി നടന്ന സമരത്തിന്റെ നാൾവഴികളിൽ അദ്ദേഹം സുപ്രധാന പങ്കുവഹിച്ചു. "സത്യഗ്രഹത്തിൽ പങ്കെടുത്ത ഞങ്ങളെല്ലാം ജയിലിലാണ് ’ വൈക്കത്ത് വന്ന് സത്യഗ്രഹം നയിക്കണമെന്നാവശ്യപ്പെട്ട്‌ ബാരിസ്റ്റർ ജോർജ് ജോസഫും കേശവ മേനോനും എഴുതിയ കത്ത് ലഭിച്ചതോടെയാണ് പെരിയാർ വൈക്കത്തേക്ക് പുറപ്പെട്ടത്. 1924 ഏപ്രിൽ 13 നാണ് പെരിയാർ നേതൃത്വം ഏറ്റെടുത്ത് വൈക്കത്തെത്തിയത്. പെരിയാറിന്റെ കടന്നുവരവ് പ്രസ്ഥാനത്തിന് പുതുജീവൻ നൽകി. ജനസാഗരം സമരത്തിലേക്ക് ഒഴുകിയെത്തി. ഇതോടെ തിരുവിതാംകൂർ ഭരണകൂടത്തിന്റെ നിർദേശപ്രകാരം അദ്ദേഹത്തെ അറസ്റ്റ്ചെയ്ത് അരുവിക്കുറ്റിയിലെ ജയിലിൽ തടങ്കലിലാക്കി. വിവരം അറിഞ്ഞയുടൻ അദ്ദേഹത്തിന്റെ ഭാര്യ നാഗമ്മ വൈക്കത്തെത്തി കേരളത്തിലെയും തമിഴ്നാട്ടിലെയും സ്ത്രീകളെ പങ്കെടുപ്പിച്ച്‌ തിരുവിതാംകൂർ സംസ്ഥാനം മുഴുവനും വൈക്കം സത്യഗ്രഹത്തിന്റെ പ്രാധാന്യത്തെപ്പറ്റി പ്രചാരണം നടത്തി. 
സത്യഗ്രഹത്തിന്റെ ആവേശം കെട്ടടങ്ങുംമുമ്പ് തന്നെ പെരിയാർ ജയിൽമോചിതനായി. വീണ്ടും സത്യഗ്രഹത്തിൽ സജീവമായതോടെ ഭരണനേതൃത്വം അദ്ദേഹത്തിന് ദേശഭ്രഷ്ട് കല്പിച്ചു. ഈ ഉത്തരവ് ലംഘിച്ചതിന്റെ ഫലമായി ആറുമാസം കഠിനതടവിന് വിധിച്ചു.   കൊലക്കുറ്റവാളികളെ പാർപ്പിക്കുന്ന ജയിലിലടച്ചു. 
രാജാവിന്റെ മരണത്തോടനുബന്ധിച്ചാണ്‌ പെരിയാറിനെയും മറ്റു സത്യഗ്രഹികളെയും മോചിപ്പിച്ചത്‌. 1925 നവംബറോടെ സമരം വിജയിച്ചു. അദ്ദേഹത്തിന്റെ ഓർമയ്‌ക്കായി സർക്കാർ വിട്ടുനൽകിയ വൈക്കം വലിയകവലയിലെ സ്ഥലത്ത് തമിഴ്നാട് സർക്കാരിന്റെ ഉടമസ്ഥതയിൽ തന്തൈ പെരിയാർ സ്മാരകം ഇന്നും നിലനിൽക്കുന്നു. പെരിയാറിന്റെ   ജീവചരിത്രം ഉൾപ്പെടുത്തിയ ഗ്യാലറിയും പ്രതിമയും ഉൾപ്പെടുന്ന സ്മാരകം വൈക്കത്തെത്തുന്ന സഞ്ചാരികൾക്കും നാട്ടുകാർക്കും ഇന്നും ആവേശമാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top