26 April Friday

തണ്ണീര്‍മുക്കത്ത് സംയുക്ത പരിശോധന

വെബ് ഡെസ്‌ക്‌Updated: Tuesday Jul 14, 2020
കോട്ടയം
കോവിഡ് ബാധിതരുടെ എണ്ണം ഗണ്യമായി വർധിച്ച ആലപ്പുഴ ജില്ലയിൽനിന്ന് കോട്ടയത്തേക്കും തിരിച്ചുമുള്ള യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി.  ജില്ലാ അതിർത്തിയായ തണ്ണീർമുക്കം ബണ്ട് മേഖലയിൽ റവന്യൂ, പൊലീസ്, ആരോഗ്യം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥർ അടങ്ങിയ സംയുക്ത സംഘത്തെ പരിശോധനയ്ക്കായി നിയോഗിക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി തീരുമാനിച്ചു. സംഘം ചൊവ്വാഴ്‌ച   മുതൽ ഇവിടെയുണ്ടാകും.  ഇതുവഴി കടന്നു പോകുന്നവരെ പനി പരിശോധനയ്ക്ക് വിധേയരാക്കും.   ആലപ്പുഴയിലും കോട്ടയത്തും ജോലി ചെയ്യുന്നവർ എല്ലാ ദിവസവും യാത്ര ചെയ്യുന്നതിനു പകരം അതത് സ്ഥലങ്ങളിൽ താമസിക്കണമെന്നും കലക്ടർ എം അഞ്ജന നിർദേശിച്ചു.  ഭക്ഷ്യ സാധനങ്ങൾ ഉൾപ്പെടെയുള്ള അവശ്യ വസ്തു നീക്കത്തിൽ ഏർപ്പെട്ട ചരക്ക് വാഹനങ്ങൾക്ക് നിയന്ത്രണം ബാധകമായിരിക്കില്ല.
രണ്ടു ജില്ലകളിലേക്കും ബോട്ടുകളിലും വള്ളങ്ങളിലും യാത്ര ചെയ്യുന്നതിന് പത്തു ദിവസത്തേക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ജലഗതാഗത വകുപ്പിന്റെ ബോട്ട് സർവീസ് നിർത്തി.
കൂടുതൽ പ്രാഥമിക പരിചരണ കേന്ദ്രങ്ങൾ
വരും ദിവസങ്ങളിൽ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം വർധിച്ചാൽ പുതിയ പ്രാഥമിക പരിചരണ കേന്ദ്രങ്ങളിൽ പ്രവേശിപ്പിക്കും. ലക്ഷണങ്ങൾ ഇല്ലാത്തവരും ഗുരുതരമല്ലാത്ത ലക്ഷണങ്ങൾ ഉള്ളവരുമായ കോവിഡ് രോഗികളെയാണ് ഇത്തരം കേന്ദ്രങ്ങളിൽ താമസിപ്പിക്കുന്നത്.
നിലവിൽ പാലാ ജനറൽ ആശുപത്രിയിലെ പുതിയ ബ്ലോക്ക്, മുട്ടമ്പലം സർക്കാർ വർക്കിങ് വിമെൻസ് ഹോസ്റ്റൽ, അകലക്കുന്നം കെ ആർ  നാരായണയൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലാണ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. അടുത്തഘട്ടത്തിൽ കുറിച്ചി നാഷണൽ ഹോമിയോ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ചങ്ങനാശേരി കുരുശുംമൂട് മീഡിയ വില്ലേജ്, കോട്ടയം സിഎസ്ഐ റിട്രീറ്റ് സെന്റർ എന്നിവിടങ്ങളിലാണ് രോഗികളെ പ്രവേശിപ്പിക്കുക.
 ഹോമിയോ, ആയുർവേദ നേഴ്സുമാർക്ക് പരിശീലനം 
അടിയന്തര സാഹചര്യങ്ങളിൽ സേവനം പ്രയോജനപ്പെടുത്തുന്നതിനായി  സർക്കാർ ഹോമിയോ, ആയുർവേദ ആശുപത്രികളിലെ നഴ്സുമാർക്കും ലാബ് ടെക്നിഷ്യൻമാർക്കും ശുചീകരണ തൊഴിലാളികൾക്കും കോവിഡ് പ്രതിരോധ-ചികിത്സാ ക്രമീകരണങ്ങൾ സംബന്ധിച്ച് പരിശീലനം നൽകും. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top