29 March Friday

സ്വാതന്ത്ര്യദിന പിറന്നാളുകാരുടെ സ്‌നേഹസംഗമം

വെബ് ഡെസ്‌ക്‌Updated: Saturday Aug 13, 2022

സ്വാതന്ത്ര്യത്തിന്റെ 75 വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ദർശന സാംസ്കാരിക കേന്ദ്രത്തിന്റെ നേതൃത്വത്തിൽ 1947 ആഗസ്‌ത്‌ 15ന് ജനിച്ചവരെ ആദരിച്ചപ്പോൾ

കോട്ടയം
ഇന്ത്യക്ക്‌ സ്വാതന്ത്ര്യം ലഭിച്ചദിവസം ജനിച്ചവരുടെ ഒത്തുചേരൽ അവിസ്‌മരണീയമായി. കോട്ടയം ദർശന സാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 1947 ആഗസ്‌ത്‌ 15ന് ജനിച്ചവരുടെ സ്‌നേഹസംഗമമാണ്‌ ശ്രദ്ധനേടിയത്‌. മുണ്ടക്കയത്തുനിന്ന്‌ ടി സി വർഗീസ്, പി ഇ അബ്ദുൾകരീം, പുതുപ്പള്ളിയിൽനിന്ന് ആർ രാമചന്ദ്രൻ നായർ, അയർക്കുന്നത്തുനിന്ന് റോസ്‌ലിൻ മേരി ചെറിയാൻ, നീണ്ടൂരിൽനിന്ന്‌ ത്രേസ്യാമ്മ മാത്യു, ആലപ്പുഴയിൽനിന്ന്‌ മേരി തോമസ്, ആർപ്പൂക്കരയിൽനിന്ന്‌ സി എൽ കുഞ്ഞച്ചൻ, ചിറക്കടവിൽനിന്ന്‌ പി സി ദുമ്മിനി, പാത്താമുട്ടത്തുനിന്ന്‌ സൂസമ്മ ഫിലിപ്പ് എന്നിവരാണ് സ്നേഹസംഗമത്തിൽ പങ്കെടുത്തത്. പിറവിയുടെ സന്തോഷവും ജീവിത കഷ്‌ടപ്പാടുകളും അവർ പരസ്‌പരം പങ്കുവച്ചു.    
സ്നേഹസംഗമം ജോബ് മൈക്കിൾ എംഎൽഎ ഉദ്ഘാടനംചെയ്തു. തുടർന്ന് ബസേലിയസ് കോളേജിന്റെ സഹകരണത്തോടെ ‘സ്വാതന്ത്ര്യവും സാഹിത്യവും’ എന്ന വിഷയത്തിൽ സെമിനാർ നടന്നു. ഡോ. കുര്യാസ് കുമ്പളക്കുഴി ഉദ്ഘാടനം ചെയ്തു. ഡോ. തോമസ്‌കുരുവിള, ഡോ. ജോബിൻ തോമസ്, ഡോ. തോമസ് വർഗീസ്, ഡോ. പി ആർ ജയകുമാർ, ഡോ. സെൽവി സേവ്യർ, ഡോ. ശരത് പി നാഥ്, ഡോ. മജ്ഞുഷ വി പണിക്കർ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. വൈകിട്ട് സ്വാതന്ത്യദിന പ്രത്യേക ഫിലിം ഫെസ്റ്റിവൽ സംവിധായകൻ ജോഷി മാത്യു ഉദ്ഘാടനം ചെയ്തു. തുടർന്ന് ഗാന്ധി സിനിമ പ്രദർശിപ്പിച്ചു.
വീരമൃത്യു വരിച്ച ജവാൻമാർക്ക്‌ ശനി രാവിലെ 10ന് സ്മരണാഞ്‌ജലിയും സൈന്യത്തിൽനിന്ന്‌ വിശിഷ്ട സേവനം നടത്തി വിരമിച്ചവരുടെ കൂട്ടായ്മയും തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനംചെയ്യും. പകൽ മൂന്നിന്‌ സർദാർ ഉദം, വൈകിട്ട്‌ ആറിന്‌ മംഗൽ പാണ്ഡേ എന്നീ സിനിമകളുടെ പ്രദർശനവും നടക്കും. 
ഞായർ രാവിലെ 6.30ന് ദേശീയോദ്ഗ്രഥന സന്ദേശം വിളംബരം ചെയ്യുന്ന സൈക്കിൾ റാലി സംഘടിപ്പിക്കും. വൈകിട്ട്‌ അഞ്ചിന്‌ സമാപന സമ്മേളനം, അർധരാത്രി 12ന്‌ ഗാന്ധിസ്ക്വയറിൽ ദീപാർച്ചന എന്നിവയും നടക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top