29 March Friday
കോട്ടയത്തെ ഷോപ്പിങ്‌ കോംപ്ലക്‌സ്‌ പൊളിക്കാൻ സമ്മതിക്കില്ല

വ്യാപാരികൾ സുപ്രീംകോടതിയിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Wednesday Aug 10, 2022
കോ​ട്ട​യം
തി​രു​ന​ക്ക​ര ബ​സ് സ്റ്റാ​ൻ​ഡ്​ ക്ലോം​പ്ല​ക്‌​സ്‌ ബുധനാഴ്‌ച പൊളിക്കുമെന്ന കോട്ടയം നഗരസഭാ തീരുമാനത്തിനെതിരെ വ്യാപാരികൾ. എന്ത്‌ വില കൊടുത്തും തടയുമെന്നും കുടുംബാംഗങ്ങളുമായി ബുധനാഴ്‌ച സ്ഥലത്ത്‌ നിലയുറപ്പിക്കുമെന്നും വ്യാപാരികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കടമുറികൾ ഒഴിയാനുള്ള നിർദേശത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ച്‌ എസ്‌എൽപി ഫയൽചെയ്‌തു. 
  കഴിഞ്ഞദിവസം ചെയർപേഴ്‌സൺ ബിൻസി സെബാസ്‌റ്റ്യന്റെ നേതൃത്വത്തിൽ യോഗംചേർന്ന്‌ ബുധനാഴ്‌ച കെട്ടിടം പൊളിക്കാനാണ്‌ തീരുമാനിച്ചത്‌. ചർച്ചയിൽ തിരുനക്കരയിലെ വ്യാപാരികളെ ആരെയും ഉൾപ്പെടുത്തിയില്ല. 52 വ്യാപാരികളാണ്‌ ഇവിടെയുള്ളത്‌. കെട്ടിടങ്ങൾക്ക്​ ബലക്ഷയമില്ലെന്നാണ്‌​ വ്യാപാരികൾ പറയുന്നത്‌. നഗരസഭ കോടതിയെ തെറ്റിദ്ധരിപ്പിച്ചതാണെന്നും തീരുമാനം സ്വകാര്യ ഹോട്ടലിനെ സഹായിക്കാനാണെന്നും അവർ ആരോപിച്ചു. കെട്ടിടത്തിന്റെ ഭാഗമല്ലാത്ത, റോട്ടറി ക്ലബ്​ നവീകരിച്ച ശൗചാലയത്തിനും നോട്ടീസ്​ നൽകിയിട്ടുണ്ട്‌​. 
  ​കെട്ടിടത്തിൽ 30 വർഷമായി  നഗരസഭ അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടില്ല. കോടതി നിർദേശപ്രകാരം തിരുവനന്തപുരം എൻജിനിയറിങ്‌ കോളേജിലെ സിവിൽ എൻജിനിയറിങ് ‌വിഭാഗം നടത്തിയ ബലപരിശോധനയിൽ ചിലയിടത്ത്‌ തൂണുകൾക്കും ബീമുകൾക്കും സ്ലാബുകൾക്കും തകരാര്‍ കണ്ടെത്തി​. ഏതു കെട്ടിടത്തിനാണ്​ ബലക്ഷയമെന്ന്‌ വ്യക്​തതയില്ല. 1959മുതൽ 1973വരെ എ,ബി,സി,ഡി ബ്ലോക്കുകളായാണ്‌ കെട്ടിടം നിർമിച്ചത്‌. അറ്റകുറ്റപ്പണി നടത്തിയാൽ 10- മുതൽ 15 വർഷംവരെ കുഴപ്പമുണ്ടാകില്ലെന്നും റിപ്പോർട്ടിലുണ്ട്. 
   തീരുമാനത്തിനെതിരെ ഭരണ പ്രതിപക്ഷ കൗൺസിലർമാർ വിയോജിച്ചിരുന്നു. ഇക്കാര്യം മറച്ചുവച്ചാണ്​ കൗൺസിൽ തീരുമാനമെന്ന മട്ടിൽ കോടതിയെ ധരിപ്പിച്ചതും കെട്ടിടം പൊളിക്കാൻ കോടതി ആവശ്യപ്പെട്ടതും.  
വ്യാപാരികൾ കോടതി​യെ സമീപിച്ചതിനെതുടർന്ന്​ പുതിയ ​കെട്ടിടത്തിന്റെ ഡിപിആർ തയ്യാറാക്കുന്നതുവരെ സമയം തരാമെന്നും പുതിയ കെട്ടിടത്തിൽ ഇടംനൽകാമെന്നും നഗരസഭ അറിയിച്ചു. 
ഇതിനിടെ കെട്ടിടം പൊളിക്കാൻ സ്വീകരിച്ച നടപടികൾ വ്യക്തമാക്കി വിശദമായ സത്യവാങ്​മൂലം സമർപ്പിക്കാൻ ഹൈക്കോടതി നഗരസഭക്ക് ​നിർദേശംനൽകി. ഈ ഉത്തരവിന്റെ ചുവടുപിടിച്ചാണ്‌ ​പുതിയ നടപടി​. ജൂബിലി സ്മാരക മൾട്ടിപ്ലക്സ്​ കം ബസ്​ബേ നിർമിക്കാനാണെന്ന്‌ നഗരസഭ പറയുന്നു. വാർത്താസമ്മേളനത്തിൽ മർച്ചന്റ്‌ അസോസിയേഷൻ പ്രസിഡന്റ്‌ എം കെ ഖാദർ, മാത്യു നൈനാൻ, അഡ്വ. സന്തോഷ്‌ വർഗീസ്‌, എൻ ബൈജു, അബൂബക്കർ, രവി തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top