25 April Thursday

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്‌; നിങ്ങൾ പ്രതീക്ഷിക്കുന്ന ട്രെയിൻ വരില്ല

വെബ് ഡെസ്‌ക്‌Updated: Wednesday Dec 8, 2021
കോട്ടയം
കോട്ടയം– -കൊല്ലം പാസഞ്ചർ, എറണാകുളം കൊല്ലം–- മെമു എന്നീ ട്രെയിനുകൾ നിർത്തലാക്കിയത്‌ നൂറ്‌ കണക്കിന്‌ യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. കോവിഡിന്‌ മുമ്പാണ്‌ ഈ ട്രെയിനുകൾ റെയിൽവേ നിർത്തിയത്‌. ഇതുമൂലം കോട്ടയത്തെ സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലിക്കെത്തുന്നവരാണ്‌ ദുരിതത്തിലായത്‌. ഇപ്പോൾ രാത്രി 7.15ന്‌ എത്തുന്ന വേണാട്‌ എക്‌സ്‌പ്രസ്‌ മാത്രമാണ്‌ ആശ്രയം. ഇതാണേൽ കൊല്ലത്ത്‌ ചെല്ലുമ്പോൾ 9.30 ആകും. പലരും വീട്ടിലെത്തുന്നത്‌ രാത്രി 10ന്‌. സ്‌ത്രീകളാണ്‌ ഇതുമൂലം ഏറെ ബുദ്ധിമുട്ടുന്നത്‌.
  എല്ലാ ട്രെയിനുകളും ഓടാൻ തുടങ്ങിയിട്ടും ഇവ രണ്ടും പുനഃസ്ഥാപിക്കാൻ റെയിൽവേ തയ്യാറായിട്ടില്ല. കലക്ടറേറ്റ്‌, എംജി സർവകലാശാല, ഇറിഗേഷൻ, കോടതി, പൊതുമരാമത്ത്‌ വകുപ്പിലടക്കം ജോലി ചെയ്യുന്നവർക്ക്‌ തിരിച്ച്‌ പോകാനുള്ള ഏക ആശ്രയമായിരുന്നു. ഇപ്പോൾ പലരും തിരച്ചുള്ള യാത്ര ബസിലാക്കി.  ഉച്ചയ്‌ക്ക്‌ ശേഷം തെക്കോട്ട്‌ കോട്ടയംവഴി 2.45ന്‌ പോകുന്ന ശബരി എക്‌സ്‌പ്രസ്‌, 3.05ന്‌ പോകുന്ന പരശുറാം എന്നീ ട്രെയിനുകൾ മാത്രമാണ്‌ ഇപ്പോഴുള്ളത്‌. നേരത്തെ 5.30നുള്ള കോട്ടയം–- കൊല്ലം പാസഞ്ചർ, തൊട്ടുമുമ്പ്‌ 4.30ന്‌ എറണാകുളം– -കൊല്ലം മെമു ട്രെയിനുകളും ഉണ്ടായിരുന്നു. കൂടുതൽ ജീവനക്കാരും കൊല്ലത്തിന്‌ പോകാൻ ആശ്രയിച്ചിരുന്നത്‌ ഈ ട്രെയിനുകളെയായിരുന്നു. യാത്ര ദുരിതപൂർണ്ണമാക്കുന്ന നടപടി അവസാനിപ്പിച്ച്‌ രണ്ട്‌ സർവീസുകളും പുനഃസ്ഥാപിക്കണമെന്നാണ്‌ ജീവനക്കാരുടെ ആവശ്യം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top