27 April Saturday
മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ഉണരണം റബർ മേഖല;
ജനസദസ്സിനൊരുങ്ങി ജില്ല

വെബ് ഡെസ്‌ക്‌Updated: Wednesday Feb 8, 2023

കോട്ടയം

വെല്ലുവിളികൾ നേരിടുന്ന റബർമേഖലയെ കൈപിടിച്ചുയർത്താൻ യോജിച്ച പ്രക്ഷോഭങ്ങൾക്ക്‌ നേതൃത്വംനൽകുന്നതിന്റെ ഭാഗമായി സിപിഐ എം സംഘടിപ്പിക്കുന്ന ജനസദസിനൊരുങ്ങി ജില്ല. കേന്ദ്രസർക്കാർ പാടേ അവഗണിച്ച റബറിനെ രക്ഷിച്ചെടുക്കുകയെന്ന ദൗത്യത്തിന്റെ ഭാഗമായി 12ന്‌ പകൽ മൂന്നിന്‌ തിരുനക്കര മൈതാനത്ത്‌ നടക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും. 

  പന്ത്രണ്ട്‌ ലക്ഷം കർഷകരും അഞ്ച്‌ ലക്ഷം ടാപ്പിങ്‌ തൊഴിലാളികളും 50,000 ചെറുകിട വ്യാപാരികളും ഉപജീവനത്തിന്‌ ആശ്രയിച്ചിരുന്ന മേഖലയെ കൂപ്പുകുത്തിച്ചത്‌ അനിയന്ത്രിതമായ ഇറക്കുമതി അനുവദിച്ചുള്ള കേന്ദ്രസർക്കാരിന്റെ നയങ്ങളാണ്‌. കർഷകർക്ക്‌ ആശ്വാസം എൽഡിഎഫ്‌ സർക്കാർ ഏർപ്പെടുത്തിയ 170 രൂപ താങ്ങുവിലയാണ്‌. ഇത്തവണത്തെ ബജറ്റിൽ റബർ സബ്‌സിഡിക്ക്‌ അധികതുകയും നീക്കിവച്ചു. കർഷകർക്ക്‌ ഇതുവരെ കേരള സർക്കാർ 1,773 കോടി രൂപ നൽകി. വെള്ളൂരിലെ കേരള റബർ ലിമിറ്റഡ്‌ നിർമാണം നടന്നുവരുന്നു. എന്നാൽ റബർബോർഡ്‌ ഇല്ലാതാക്കുന്നതടക്കമുള്ള ദ്രോഹനടപടികളുമായി കേന്ദ്രസർക്കാർ മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ്‌ ജനകീയ പ്രതിരോധത്തിന്‌ സിപിഐ എം മുൻകൈ എടുക്കുന്നത്‌.

  "കേരളം റബർ കർഷകർക്കൊപ്പം' എന്ന മുദ്രാവാക്യവുമായി സംഘടിപ്പിക്കുന്ന ജനസദസിൽ സഹകരണമന്ത്രി വി എൻ വാസവൻ മുഖ്യപ്രഭാഷണം നടത്തും. കേരള പ്ലാന്റേഷൻ ലേബർ ഫെഡറേഷൻ ജനറൽ സെക്രട്ടറി കെ കെ ജയചന്ദ്രൻ, കേരള കർഷകസംഘം സംസ്ഥാന പ്രസിഡന്റ്‌ എം വിജയകുമാർ, സിപിഐ എം ജില്ലാ സെക്രട്ടറി എ വി റസൽ, സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ അനിൽകുമാർ, കർഷകസംഘം ജില്ലാ പ്രസിഡന്റ്‌ അഡ്വ. ജോസഫ്‌ ഫിലിപ്പ്‌, ജില്ലാ സെക്രട്ടറി കെ എം രാധാകൃഷ്‌ണൻ എന്നിവർ സംസാരിക്കും. 

  ജനസദസിന്‌ മുന്നോടിയായി പകൽ 1.30ന്‌ "റബർകൃഷി: സാധ്യതകളും പ്രതിസന്ധിയും' എന്ന വിഷയത്തിലുള്ള സെമിനാർ ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്‌ഘാടനംചെയ്യും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top