27 April Saturday

കന്യകാത്വ പരിശോധന ഭരണഘടനാ വിരുദ്ധം

വെബ് ഡെസ്‌ക്‌Updated: Wednesday Feb 8, 2023
ന്യൂഡൽഹി
കന്യകാത്വ പരിശോധന ഭരണഘടനാ വിരുദ്ധമാണെന്നും അത്‌ നടത്താൻ പാടില്ലെന്നും ഡൽഹി ഹൈക്കോടതി. സിസ്റ്റർ അഭയക്കേസിൽ അന്വേഷണത്തിന്റെ ഭാഗമായി പ്രതി സിസ്റ്റർ സെഫിയുടെ കന്യകാത്വ പരിശോധന നടത്തിയത്‌ ഭരണഘടനാ വിരുദ്ധമാണെന്ന്‌ ജസ്റ്റിസ്‌ സ്വർണകാന്ത ശർമ ഉത്തരവിട്ടു. സിബിഐയുടെയും കേന്ദ്ര സർക്കാരിന്റെയും വാദങ്ങൾ തള്ളിയാണ്‌ ഉത്തരവ്‌.
പ്രതികളുടെ കന്യകാത്വ പരിശോധന നടത്തുന്നത്‌ ഭരണഘടനയുടെ 21–-ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്ന്‌ കോടതി നിരീക്ഷിച്ചു.  സിസ്റ്റർ സെഫി 2009ൽ നൽകിയ ഹർജിയിലാണ്‌ നടപടി. സിസ്റ്റർ അഭയ വധക്കേസിൽ കുറ്റക്കാരിയാണെന്ന്‌ കണ്ടെത്തി സിബിഐ പ്രത്യേക കോടതി സിസ്റ്റർ സെഫിയെ 2020ൽ ജീവപര്യന്തം തടവിന്‌ ശിക്ഷിച്ചിരുന്നു. 
ക്രിമിനൽക്കേസിലെ നടപടിക്രമങ്ങൾ പൂർത്തിയാകുന്ന മുറയ്‌ക്ക്‌ സിസ്റ്റർ സെഫിക്ക്‌ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെട്ടതിന്റെ പേരിൽ നഷ്ടപരിഹാരം ആവശ്യപ്പെടാമെന്നും ഹൈക്കോടതി നിർദേശിച്ചു. ഈ  വിഷയത്തിൽ ഡൽഹി ഹൈക്കോടതിക്ക്‌ ഇടപെടാനുള്ള അധികാരമില്ലെന്നായിരുന്നു സിബിഐയുടെയും കേന്ദ്ര സർക്കാരിന്റെയും വാദം. എന്നാൽ, ദേശീയ മനുഷ്യാവകാശ കമീഷന്റെ ആസ്ഥാനം ഡൽഹിയിലായതിനാൽ ഇടപെടാനുള്ള അധികാരമുണ്ടെന്ന്‌ കോടതി വിശദീകരിച്ചു. 
കന്യകാത്വ പരിശോധനയ്‌ക്കെതിരെ സിസ്റ്റർ സെഫി നൽകിയ ഹർജി നേരത്തേ മനുഷ്യാവകാശ കമീഷൻ തള്ളിയിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top