29 March Friday

മലയാളി ശാസ്ത്രജ്ഞയ്‌ക്ക് അന്താരാഷ്‌ട്ര റാങ്കിങ്ങിൽ മികച്ച സ്ഥാനം

വെബ് ഡെസ്‌ക്‌Updated: Tuesday Dec 7, 2021

ഡോ. മായ ജേക്കബ് ജോൺ

കോട്ടയം
കോട്ടയം നാലുകോടി സ്വദേശി ഡോ. മായ ജേക്കബ് ജോണിന് ലോകത്തിലെ ശാസ്ത്രജ്ഞരുടെ റാങ്കിങ്ങിൽ മികച്ച സ്ഥാനം. ഒരുലക്ഷം പേരുടെ പട്ടികയിൽ പോളിമർ, മെറ്റീരിയൽ വിഭാഗങ്ങളിൽ യഥാക്രമം 1289, 1052 സ്ഥാനങ്ങളാണ് നേടിയത്. സ്റ്റാൻഫോഡ് സർവകലാശാലയാണ്‌ റാങ്കിങ്‌ തയ്യാറാക്കിയത്‌.  ദക്ഷിണാഫ്രിക്കയിലെ കൗൺസിൽ ഫോർ സയന്റിഫിക് ആൻഡ്‌ ഇൻഡസ്ട്രിയൽ റിസർച്ചിലെ (സിഎസ്ഐആർ) പ്രിൻസിപ്പൽ സയന്റിസ്റ്റാണ്‌ ഡോ. മായ. 
എംജി സർവകലാശാലയിലെ പൂർവവിദ്യാർഥിനിയായ ഇവർ വൈസ് -ചാൻസലർ പ്രൊഫ. സാബു തോമസിനു കീഴിലാണ് ഗവേഷണം പൂർത്തിയാക്കിയത്.പ്ലാസ്റ്റിക് പോലുള്ള, പ്രകൃതിയെ ദോഷകരമായി ബാധിക്കുന്ന പദാർഥങ്ങൾക്ക് ബദലായി ജൈവവസ്തുക്കൾ ഉപയോഗിച്ച് പ്രകൃതിദത്തമായ നാരുകളുടെ ഉൽപന്നങ്ങൾക്ക് രൂപം നൽകുന്ന മേഖലയിലാണ് അവരുടെ ഗവേഷണം. രാസ -പെട്രോളിയം ഉപോൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള അസംസ്കൃത പദാർഥങ്ങൾക്ക് പകരം പരിസ്ഥിതിയെ ദോഷകരമായി ബാധിക്കാത്ത ജൈവ പദാർഥങ്ങൾ വികസിപ്പിച്ചെടുക്കാനുള്ള ഗവേഷണ പ്രവർത്തനങ്ങളിലും അവർ വ്യാപൃതയാണ്. തൊണ്ണൂറോളം ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള ഡോ. മായ ജേക്കബ് ജോണിന്റെ പേരിൽ മൂന്ന് പേറ്റന്റുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
  പായിപ്പാട് സ്വദേശി റിട്ട. എൻജിനിയർ പരേതനായ ജേക്കബ് ജോണിന്റെയും റോസമ്മ ജേക്കബിന്റെയും മകളാണ്. നാലുകോടി സ്വദേശി ലെജു മാത്യുവാണ് ഭർത്താവ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top