കോട്ടയം
രാജ്യത്ത് ന്യൂനപക്ഷങ്ങളെയും പട്ടികജാതി–-പട്ടികവർഗ വിഭാഗങ്ങളെയും നിരന്തരം വേട്ടയാടുന്ന ആർഎസ്‌എസിന്റെ അതിക്രമങ്ങൾക്കെതിരെ ചൊവ്വാഴ്‌ച ജില്ലയിൽ 12 ഏരിയ കേന്ദ്രങ്ങളിലും സിപിഐ എം നേതൃത്വത്തിൽ പ്രതിഷേധ പരിപാടി സംഘടിപ്പിക്കും.
മുസ്ലിം, -ക്രിസ്‌ത്യൻ വിഭാഗങ്ങളെ സംഘപരിവാർ നിരന്തരം വേട്ടയാടുകയാണ്. സോഷ്യൽ മീഡിയ വഴിയുള്ള വർഗീയ പ്രചാരണം വേറെ. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അക്രമികൾക്ക് സർക്കാർ സംരക്ഷണം നൽകുന്നു. ആദിവാസി–-ദളിത് വിഭാഗങ്ങളെയും വെറുതെ വിടുന്നില്ല. ഇതിനെതിരെ പ്രതിഷേധിക്കുന്നവരെ കള്ളക്കേസുകളിൽ കുടുക്കുകയാണ്.
സമൂഹത്തിൽ വേരുറപ്പിക്കാൻ ശ്രമിക്കുന്ന വർഗീയതക്കെതിരെ ജാഗ്രത പുലർത്തണമെന്നും പ്രതിഷേധം വ്യാപിക്കണമെന്നുമുള്ള ആഹ്വാനവുമായാണ് സിപിഐ എം പ്രതിഷേധദിനം ആചരിക്കുന്നത്.
വൈകിട്ട് അഞ്ചുമുതൽ ഏഴുവരെയാണ് പൊതുയോഗങ്ങൾ. വാഴൂരിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം കെ ജെ തോമസ്, കോട്ടയത്ത് കേന്ദ്ര കമ്മിറ്റിയംഗം വൈക്കം വിശ്വൻ, ചങ്ങനാശേരിയിൽ ജില്ലാ സെക്രട്ടറി എ വി റസൽ എന്നിവർ ഉദ്‌ഘാടനംചെയ്യും.
ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി കെ ഹരികുമാർ വൈക്കത്തും ലാലിച്ചൻ ജോർജ് പാലായിലും പ്രൊഫ. എം ടി ജോസഫ് കാഞ്ഞിരപ്പള്ളിയിലും കെ എം രാധാകൃഷ്‌ണൻ അയർക്കുന്നത്തും ടി ആർ രഘുനാഥൻ പുതുപ്പള്ളിയിലും കെ എൻ വേണുഗോപാൽ ഏറ്റുമാനൂരിലും ജില്ലാ കമ്മിറ്റിയംഗങ്ങളായ റെജി സഖറിയ പൂഞ്ഞാറിലും അഡ്വ. കെ അനിൽകുമാർ കടുത്തുരുത്തിയിലും പി വി സുനിൽ തലയോലപ്പറമ്പിലും ഉദ്‌ഘാടനം ചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..