26 April Friday
ജില്ലാ അത്‌ലറ്റിക്‌ മീറ്റ്‌ തുടങ്ങി

കുതിച്ചുയർന്ന്‌ തോമസ്‌ മാഷ്‌ അക്കാദമി

സ്വന്തം ലേഖകൻUpdated: Friday Oct 7, 2022

വിജയ് ബിനോയ് (അണ്ടർ 20 ബോയ്സ് ജാവലിൻ ത്രോ സെന്റ്‌ ഡൊമിനിക്സ് കോളജ് കാഞ്ഞിരപ്പള്ളി)

പാലാ
ജില്ലാ അത്‌ലറ്റിക്‌ മീറ്റിന്‌ പാലായിൽ തുടക്കമായി. മൂന്ന്‌ നാളുകളായി നടക്കുന്ന കായികമേളയുടെ ആദ്യദിവസത്തെ മത്സരങ്ങൾ പൂർത്തിയായപ്പോൾ നിലവിലെ ചാമ്പ്യൻമാരായ പൂഞ്ഞാർ കെ പി തോമസ്‌ മാഷ്‌ സ്‌പോർട്‌സ്‌ അക്കാദമി 232 പോയിന്റോടെ മുന്നിൽ. പാലാ അൽഫോൻസ കോളേജ്‌ 116 പോയിന്റുമായി രണ്ടാമതെത്തി.
ആൺകുട്ടികളുടെ വിഭാഗത്തിൽ(14 വയസ്സിൽ താഴെ) തോമസ്‌ മാഷ്‌ സ്‌പോർട്‌സ്‌ അക്കാദമി 45 പോയിന്റുമായി ഒന്നാമതും കോട്ടയം എംഡി സെമിനാരി ഹയർക്കെൻഡറി സ്‌കൂൾ 40 പോയിന്റുമായി രണ്ടാം സ്ഥാനത്തുമാണ്‌. 14 വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിൽ  ഭരണങ്ങാനം എസ്‌എച്ച്‌ജിഎച്ച്‌എസാണ്‌ മുന്നിൽ; 61 പോയിന്റ്‌. തോമസ്‌ മാഷ്‌ സ്‌പോർട്‌സ്‌ അക്കാദമി 35 പോയിന്റുമായി രണ്ടാമതുണ്ട്‌. 16 വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിൽ തോമസ്‌മാഷ്‌ അക്കാദമിയും(12 പോയിന്റ്‌) കൂരോപ്പട സാന്റാ മരിയ പബ്ലിക്‌ സ്‌കൂളുമാണ്‌(7 പോയിന്റ്‌) ഒന്നും രണ്ടും സ്ഥാനത്ത്‌. 
പതിനെട്ടു വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിലും  തോമസ്‌മാഷ്‌ അക്കാദമി മികവുകാട്ടി. 37 പോയിന്റുമായി അവർ മുന്നേറിയപ്പോൾ കൂരോപ്പട സാന്റാ മരിയ പബ്ലിക്‌ സ്‌കൂൾ(എട്ട്‌ പോയിന്റ്‌) ഈ വിഭാഗത്തിലും രണ്ടാംസ്ഥാനത്താണ്‌. 
ജൂനിയർ വനിതകളുടെ വിഭാഗത്തിൽ 38 പോയിന്റുമായി പാലാ അൽഫോൻസ കോളേജാണ്‌ മുന്നിൽ. 16 പോയിന്റുമായി ചങ്ങനാശേരി അസംപ്‌ഷൻ രണ്ടാമതാണ്‌. വനിതാ വിഭാഗത്തിൽ പാലാ അൽഫോൻസ സമ്പൂർണ ആധിപത്യം പുലർത്തി. 78 പോയിന്റും അവർ സ്വന്തമാക്കി.
പതിനാറ്‌ വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിലും തോമസ്‌ മാഷ്‌ സ്‌പോർട്‌സ്‌ അക്കാദമി മികവുകാട്ടി. 37 പോയിന്റുമായി അവർ മുന്നേറിയപ്പോൾ 17 പോയിന്റുമായി പാലാ സെന്റ്‌ തോമസ്‌ എച്ച്‌എസ്‌എസാണ്‌ രണ്ടാമത്‌. 18 വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിലും ഇവർ തമ്മിലായിരുന്നു പോരാട്ടം. തോമസ്‌ മാഷ്‌ അക്കാദമി 38 പോയിന്റ്‌ സ്വന്തമാക്കിയപ്പോൾ പാലാ സെന്റ്‌ തോമസ്‌ എച്ച്‌എസ്‌എസ്‌ 24 പോയിന്റുമായി രണ്ടാമതാണ്‌. 
ജൂനിയർ പുരുഷന്മാരുടെ വിഭാഗത്തിൽ(20 വയസ്സിൽ താഴെ) കാഞ്ഞിരപ്പള്ളി സെന്റ്‌ ഡൊമനിക്‌സ്‌ 23 പോയിന്റുമായി ആധിപത്യം പുലർത്തി. 12 പോയിന്റുവീതം നേടി പാലാ സെന്റ്‌ തോമസും ചങ്ങനാശേരി എസ്‌ബിയും രണ്ടാം സ്ഥാനത്തുണ്ട്‌. പുരുഷന്മാരുടെ വിഭാഗത്തിലും കാഞ്ഞിരപ്പള്ളി സെന്റ്‌ ഡൊമനിക്‌സ്‌ 34 പോയിന്റുമായി മുന്നിലെത്തിയപ്പോൾ 33 പോയിന്റു നേടി ചങ്ങനാശേരി എസ്‌ബി തൊട്ടുപിന്നിലുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top