20 April Saturday

കോടിയേരിക്ക്‌ അക്ഷരനഗരിയുടെ അന്ത്യാഭിവാദ്യം

വെബ് ഡെസ്‌ക്‌Updated: Thursday Oct 6, 2022
കോട്ടയം
സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്‌ണനെ കോട്ടയം അനുസ്‌മരിച്ചു. തിരുനക്കര പഴയ പൊലീസ്‌ സ്‌റ്റേഷൻ മൈതാനിയിൽ നടന്ന അനുസ്‌മരണയോഗത്തിൽ വിവിധ രാഷ്‌ട്രീയപാർടികളുടെ പ്രതിനിധികൾ അദ്ദേഹത്തെ ഓർത്തെടുത്തു. നിറഞ്ഞചിരിയിൽ ഏത് പ്രശ്‌നത്തെയും നേരിടാനുള്ള അദ്ദേഹത്തിന്റെ കഴിവ് എല്ലാ പൊതുപ്രവർത്തകർക്കും മാതൃകയാണെന്ന്‌ സംസാരിച്ചവർ എടുത്തുപറഞ്ഞു. 
സിപിഐ എം ജില്ലാ സെക്രട്ടറി എ വി റസൽ അധ്യക്ഷനായി. അനുശോചനപ്രമേയവും അവതരിപ്പിച്ചു. മന്ത്രി വി എൻ വാസവൻ, മുതിർന്ന സിപിഐ എം നേതാവ് വെെക്കം വിശ്വൻ, ദേശാഭിമാനി ജനറൽമാനേജർ കെ ജെ തോമസ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ,  തോമസ്‌ ചാഴികാടൻ എംപി, സിപിഐ ജില്ലാ സെക്രട്ടറി വി ബി ബിനു, നഗരസഭാ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ അനിൽകുമാർ, വിവിധ രാഷ്‌ട്രീയ പാർടി നേതാക്കളായ ടി എൻ ഹരികുമാർ, പ്രൊഫ. ലോപ്പസ്‌ മാത്യു, പി കെ ആനന്ദക്കുട്ടൻ, കെ എം അസീസ്‌, സണ്ണി തോമസ്‌, രാജീവ്‌ നെല്ലിക്കുന്നേൽ,  ഷാജി ഫിലിപ്പ്‌ എന്നിവരും സംസാരിച്ചു.
തീരാനഷ്‌ടം: 
വി എൻ വാസവൻ 
കോടിയേരി ബാലകൃഷ്‌ണന്റെ വിയോഗം രാഷ്‌ട്രീയ കേരളത്തിന്‌ തീരാനഷ്‌ടമാണെന്ന്‌ സഹകരണ മന്ത്രി വി എൻ വാസവൻ അനുസ്‌മരിച്ചു.    കുമരകത്തിന്‌ ഉത്തരവാദിത്വ ടൂറിസം പദ്ധതി അനുവദിച്ചത്‌ അദ്ദേഹത്തിന്റെ ഭരണകാലത്താണ്‌. അദ്ദേഹത്തിന്റെ വിയോഗം പാർടിക്കും കേരള രാഷ്‌ട്രീയത്തിനും തീരാവിടവാണ്‌–- മന്ത്രി പറഞ്ഞു.
ജനങ്ങൾക്കായി ജീവിച്ചയാൾ: വൈക്കം വിശ്വൻ  
ജനങ്ങൾക്കായി ജീവിച്ച വ്യക്തിയാണ്‌ കോടിയേരി ബാലകൃഷ്‌ണനെന്ന്‌ സിപിഐ എമ്മിന്റെ മുതിർന്ന നേതാവ്‌ വൈക്കം വിശ്വൻ അനുസ്‌മരിച്ചു.   വിത്യസ്‌ത ആശയക്കാരോട്‌ സൗഹ്യദം പുലർത്തുമ്പോഴും തന്റെ പ്രസ്ഥാനത്തിന്റെ ആശയങ്ങൾ ഉയർത്തിപ്പിടിക്കാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു–- വൈക്കം വിശ്വൻ പറഞ്ഞു.
പ്രസ്ഥാനത്തിന്‌ പ്രകാശം
പരത്തിയ നേതാവ്‌: 
കെ ജെ തോമസ്‌
ഇടതുപക്ഷ പ്രസ്ഥാനത്തിന്‌ പ്രകാശംപരത്തിയ നേതാവായിരുന്നു കോടിയേരി ബാലകൃഷ്‌ണനെന്ന്‌ ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്‌ അനുസ്‌മരിച്ചു. വിദ്യാർഥി പ്രസ്ഥാനത്തിന്റെ നേതാവ്‌ എന്ന നിലയിൽ ശക്തമായ നിലപാടാണ്‌ അദ്ദേഹം എടുത്തത്‌. അദ്ദേഹത്തിന്റെ ഓർമ്മ എക്കാലവും നിലനിൽക്കുമെന്നും കെ ജെ തോമസ്‌ പറഞ്ഞു. 
അർപ്പണബോധമുള്ള നേതാവ്‌: തിരുവഞ്ചൂർ 
വ്യത്യസ്‌ത രാഷ്‌ട്രീയ പ്രസ്ഥാനത്തിലാണേലും വിദ്യാർഥികളുടെ പ്രശ്‌നങ്ങളിൽ ഒരുപോലെയായിരുന്നു ഇടപെടൽ. ഒരിക്കൽ കോടിയേരിയെ പൊലീസ്‌ അറസ്‌റ്റുചെയ്‌തു കൊണ്ടുപോയി. അത്‌ സൃഷ്‌ടിച്ച ആഘാതം വലുതായിരുന്നു. ആ സംഭവം ഏറെക്കാലം തന്നെ വേട്ടയാടി. അതിശക്തമായ അർപ്പണബോധമുള്ള നേതാവായിരുന്നു അദ്ദേഹമെന്നും എംഎൽഎ പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top