25 April Thursday

നേരിയ ശമനം; ജാഗ്രത തുടരുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Aug 6, 2022

വെള്ളക്കെട്ടിലായ ചെങ്ങളം ക്ഷീരോൽപാദക സഹകരണ സംഘത്തിൽ പാൽ കൊടുത്ത് വീട്ടിലേക്ക് മടങ്ങുന്ന വീട്ടമ്മ

 കോട്ടയം

നനഞ്ഞ്‌ കുതിർന്ന രാപ്പകലുകൾക്കൊടുവിൽ ജില്ലയിൽ മഴയ്‌ക്ക്‌ നേരിയ ശമനം. വെള്ളി ജില്ലയിൽ കാര്യമായ മഴ പെയ്‌തില്ല. വ്യാഴം രാത്രി പെയ്‌ത കനത്ത മഴമൂലം വെള്ളംകയറിയ പ്രദേശങ്ങളിൽ പൂർണമായി വെള്ളം ഇറങ്ങിയിട്ടില്ല. പടിഞ്ഞാറൻ മേഖലകളിൽ നിരവധി വീടുകൾ ഇപ്പോഴും വെള്ളത്തിലാണ്‌.
  മലയോരമേഖലയിൽ മഴകുറഞ്ഞത്‌ ഈ പ്രദേശങ്ങളിൽ വലിയ ആശ്വാസമായി. കഴിഞ്ഞ ദിവസം ഉരുൾപൊട്ടലുണ്ടായ കൂട്ടിക്കൽ, മുണ്ടക്കയം ഭാഗങ്ങളിൽ മഴയ്‌ക്ക്‌ ശമനമുണ്ട്‌. റോഡുകളെല്ലാം ഗതാഗതയോഗ്യമായി. പാലങ്ങളിൽ അടിഞ്ഞ മരങ്ങളും ചപ്പുചവറുകളും നേരത്തെ നീക്കിയിരുന്നു. മീനച്ചിലാറിന്റെ കിഴക്കുഭാഗത്ത്‌ ജലനിരപ്പ്‌ അൽപം താഴ്‌ന്നതോടെ പാലായടക്കമുള്ള പ്രദേശങ്ങളിൽ വെള്ളമിറങ്ങി.
  വൈക്കത്ത്‌ താഴ്‌ന്നപ്രദേശങ്ങളിലുള്ളവർ ഇപ്പോഴും വീടുകളുപേക്ഷിച്ച്‌ സുരക്ഷിത സ്ഥാനങ്ങളിൽ തുടരുകയാണ്‌. പെട്ടെന്ന്‌ ശക്തമായ മഴപെയ്‌താൽ ഇവിടങ്ങളിൽ അതിവേഗം വെള്ളംകയറും. ഉദയനാപുരം പഞ്ചായത്തിലെ ഏഴ്‌, എട്ട്‌, ഒമ്പത്‌ വാർഡുകളിൽ ഇപ്പോഴും നിരവധി വീടുകളിൽ വെള്ളത്തിലാണ്‌.
 കിഴക്കൻ മേഖലയിൽ വെള്ളമിറങ്ങിയപ്പോൾ കോട്ടയത്തിന്റെ പടിഞ്ഞാറൻ മേഖലയിൽ മീനച്ചിലാറ്റിലെ ജലനിരപ്പ്‌ മുമ്പത്തേക്കാൾ കൂടി. പെരുമ്പായിക്കാട്‌, തിരുവാർപ്പ്‌ ഭാഗത്ത്‌ കൂടുതൽ പ്രദേശങ്ങളിൽ വെള്ളംകയറി. വിജയപുരം പഞ്ചായത്തിലെ കൊശമറ്റം കോളനി പൂർണമായി ഒഴിപ്പിച്ച്‌ ക്യാമ്പിലേക്ക്‌ മാറ്റി. പലയിടത്തും ആളുകൾ ക്യാമ്പിലേക്ക്‌ മാറാൻ തയ്യാറാകാതെ വെള്ളംകയറിയ പ്രദേശത്ത്‌ തങ്ങുന്നുണ്ട്‌. അപകടം ഒഴിവാക്കാൻ എല്ലാവരും ഉദ്യോഗസ്ഥരുടെ നിർദേശങ്ങളോട്‌ സഹകരിക്കണമെന്ന്‌ റവന്യു വകുപ്പ്‌ അധികൃതർ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top