കോട്ടയം
സിപിഐ എം  കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആദ്യ ഓഫീസ് സെക്രട്ടറിയും ചലച്ചിത്ര- പ്രവർത്തകനുമായിരുന്ന എം എം വർക്കിക്ക് (വർക്കിച്ചായൻ–85) കോട്ടയം വിട നൽകി.
ചൊവ്വ രാവിലെ  പത്തിന്  സിപിഐ ഐ ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിനു വച്ച മൃതദേഹത്തിൽ സാമൂഹിക സാംസ്‌കാരിക സിനിമ രംഗത്തെ പ്രമുഖർ അന്തിമോപചാരം അർപ്പിച്ചു. സിപിഐ എം മുതിർന്ന നേതാവ് വൈക്കം വിശ്വൻ, ജില്ലാ സെക്രട്ടറി എ വി റസൽ, സംസ്ഥാനകമ്മിറ്റി അംഗം അഡ്വ.കെ അനിൽകുമാർ,  ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ ടി ആർ രഘുനാഥൻ,  അഡ്വ.കെ സുരേഷ് കുറുപ്പ്, അഡ്വ.പി കെ ഹരികുമാർ എന്നിവരും പ്രൊഫ. എം ടി ജോസഫും ചേർന്ന് രക്തപതാക പുതപ്പിച്ചു.
 ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ  സി ജെ ജോസഫ്, ലാലിച്ചൻ ജോർജ്, കൃഷ്‌ണകുമാരി രാജശേഖരൻ, അഡ്വക്കേറ്റ് ജനറൽ കെ ഗോപാലകൃഷ്‌ണ കുറുപ്പ്,  പ്രൊഫ. സി ആർ ഓമനക്കുട്ടൻ, കാമറാമാൻ വേണു,  സംവിധായകരായ ജോഷി മാത്യു,  എം പി സുകുമാരൻ നായർ,  കാമറമാൻ വിനോദ് ഇല്ലംമ്പള്ളി, സിപിഐ ജില്ലാ സെക്രട്ടറി സി കെ ശശിധരൻ, കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, ഫാത്തിമ മാതാ കോൺവെന്റിലെ സിസ്‌റ്റർ ജോസഫ്,  ദേശാഭിമാനി കോട്ടയം യൂണിറ്റ് മാനേജർ രഞ്‌ജിത്ത് വിശ്വം, ലോക്കൽസെക്രട്ടറി പ്രദീപ്‌മോഹൻ,  വർക്കിച്ചായന്റെ സഹോദരങ്ങൾ, മറ്റ് ബന്ധുക്കൾ,വർഗ ബഹുജന സംഘടനയുടെ ഭാരവാഹികൾ, മുൻ ഭാരവാഹികൾ അടക്കം വലിയൊരു ജനാവലി  അന്തിമോപചാരം അർപ്പിച്ചു. 
   അഭയം സംസ്‌കരണ യൂണിറ്റ് മുഖേന കോട്ടയം മുട്ടമ്പലം പൊതുശ്മശാനത്തിൽ മൃതദേഹം സംസ്‌കരിച്ചു. ജില്ലാ സെക്രട്ടറി എ വി റസൽ, സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.കെ അനിൽകുമാർ എന്നിവർ ചിതയ്‌ക്ക് തീ കൊളുത്തി.  
1987 വരെ ജില്ലാകമ്മിറ്റി ഓഫീസിലെ വിവിധ ചുമതലകൾ നിർവഹിച്ച വർക്കിച്ചായന്  സിപിഐ എം ഓഫീസ് തന്നെയായിരുന്നു ജീവിതം. കോട്ടയത്തെ ഫിലിം സൊസൈറ്റി, ദേശാഭിമാനി തീയേറ്റേഴ്സ്, ബുക്ക് സ്റ്റാൾ എന്നിവയുടെ ചുമതലക്കാരനുമായി. അമച്വർ മൂവി മേക്കേഴ്സ് അസോസിയേഷൻ(അമ്മ), മാസ് ഫിലിം സൊസൈറ്റി എന്നിവയ്‌ക്കും രൂപം നൽകി. കൊഴുവനാൽ മാന്തറ കുടുംബാംഗമായ അദ്ദേഹം അവിവാഹിതനായിരുന്നു.
 
 
 
 
 
      
        
        
		
              
	
ദേശാഭിമാനി  വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്. 
വാട്സാപ്പ് ചാനൽ   സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..