19 April Friday
കേരള ബജറ്റ്‌

ജില്ലയെ നയിക്കുന്നത്‌ 
വികസനക്കുതിപ്പിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Monday Feb 6, 2023
കോട്ടയം
രാജ്യത്തിന്‌ തന്നെ അഭിമാനമാകുന്ന ജില്ലയിലെ പ്രധാന പദ്ധതികളെ പരിഗണിക്കുന്നതുകൊണ്ടുതന്നെ ഭാവി വികസനത്തിന്‌ ആക്കം കൂട്ടുന്നതാണ്‌ സംസ്ഥാന ബജറ്റ്‌ നിർദേശങ്ങൾ. പ്രതിപക്ഷ എംഎൽഎമാരടക്കം സ്വാഗതം ചെയ്യുന്ന സമീപമാണ്‌ ജില്ലയുടെ വികസനകാര്യത്തിൽ ദൃശ്യമായത്‌.
കുറവിലങ്ങാട്‌ കോഴാ സയൻസ്‌ സിറ്റിയുടെ ആദ്യഘട്ട പൂർത്തീകരണമാണ്‌ ഇതിൽ മുഖ്യം. പുതുതലമുറ പഠനങ്ങൾക്കും ഗവേഷണങ്ങൾക്കും സഹായകമാകുന്ന സയൻസ്‌ സിറ്റി ദക്ഷിണേന്ത്യയിൽ വേറെയില്ല. ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഏതാനും ദിവസംമുമ്പ്‌ ഇവിടെ നേരിട്ടെത്തി നിർമാണ പുരോഗതി വിലയിരുത്തി. സമയബന്ധിതമായി പൂർത്തീകരിക്കേണ്ടതിന്റെ ആവശ്യകതയും മറ്റും സർക്കാരിനെ ധരിപ്പിച്ച്‌ ബജറ്റ്‌ വിഹിതം ഉറപ്പാക്കി. അക്കാദമിക്‌ രംഗത്ത്‌ ഉണർവേകുന്നതോടൊപ്പം നാടിന്റെ മുഖംമാറ്റുന്ന സമഗ്ര വികസനത്തിലേക്കും ഈ പദ്ധതിയുടെ പൂർത്തീകരണം വഴിതുറക്കും. 23 കോടി- രൂപയാണ്‌ സയൻസ്‌ സിറ്റിക്കായി ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റിൽ വകയിരുത്തിയത്‌.
  
കെപിപിഎല്ലിന്‌ 
20 കോടി 
കേന്ദ്രസർക്കാർ വിൽപനയ്‌ക്ക്‌ വച്ച വെള്ളൂർ എച്ച്‌എൻഎൽ ഏറ്റെടുത്തത്‌ രാജ്യത്തിന്‌ എൽഡിഎഫ്‌ സർക്കാർ സമ്മാനിച്ച മറ്റൊരു ബദൽ വികസന സന്ദേശമായിരുന്നു. ഇവിടെ ആരംഭിച്ച കേരള പേപ്പർ പ്രൊഡക്ട്‌സിൽ (കെപിപിഎൽ) പേപ്പർ ഉൽപാദനം തുടങ്ങി. മാർച്ചിൽ ലാഭത്തിലേക്കെത്തുന്ന നിലയിലാണ്‌ പ്രവർത്തന പുരോഗതി. ഈ ഘട്ടത്തിലാണ്‌ ബജറ്റിലൂടെ തുടർപരിഷ്‌ക്കരണങ്ങൾക്കായി 20 കോടി രൂപ കൂടി അനുവദിച്ചത്‌. 3000 കോടി രൂപയുടെ വിറ്റുവരവ്‌ ലക്ഷ്യമിട്ടാണ്‌ കമ്പനിയുടെ സഞ്ചാരം.

പവറാകും റബറും 

റബർ കർഷകരുടെ ഈറ്റില്ലമായ കോട്ടയത്ത്‌ റബർ വ്യവസായത്തിന്റെ വൈവിധ്യവൽക്കരണം ലക്ഷ്യമിട്ടാണ്‌ വെള്ളൂരിലെ കേരള റബർ ലിമിറ്റഡ്‌ പ്രവർത്തനം തുടങ്ങിയത്‌. തുടർപ്രവർത്തനങ്ങൾക്കായി പദ്ധതിവിഹിതമായ 10 കോടിയടക്കം 20 കോടിയാണ്‌ ലഭ്യമാക്കുന്നത്‌. നെടുമ്പാശ്ശേരി സിയാൽ മോഡലിൽ 1,000 കോടി രൂപ മുടക്കി വിപുലീകരണം ലക്ഷ്യമിടുന്ന കമ്പനി സംരംഭകർക്ക്‌ വലിയ പ്രതീക്ഷയാണ്‌ നൽകിയത്‌. മുൻ റബർബോർഡ്‌ ചെയർപേഴ്‌സണായിരുന്ന ഷീല തോമസിന്റെ നേതൃത്വത്തിലാണ്‌ കമ്പനി പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്‌.
എരുമേലി വിമാനത്താവളം, ശബരി റെയിൽപാത എന്നിവ കൂടി യാഥാർഥ്യമാകുന്നതോടെ പശ്ചാത്തല സൗകര്യങ്ങളിൽ ജില്ലയുടെ മുഖഛായ മാറും. ജില്ലയുടെ പ്രധാന പാതയായ എസി റോഡ്‌ നവീകരണമടക്കം വരുംനാളുകളിൽ യാഥാർഥ്യമാകും. പ്രധാന പാതകളുടെയെല്ലാം വികസനത്തിനും ബജറ്റ്‌ വിഹിതം ഉൾപ്പെടുത്തിയിട്ടുണ്ടെന്നത്‌ പ്രതിപക്ഷ എംഎൽഎമാരും നിഷേധിക്കുന്നില്ല.
ഉൾനാടൻ ജലാശയ വിനോദസഞ്ചാരത്തിന്റെയും ഉത്തരവാദിത്വ ടൂറിസത്തിന്റെയും കേന്ദ്രമായ വേമ്പനാട്‌ കായലും അനുബന്ധ മേഖലകളും വാഗമൺ അടക്കമുള്ള മലയോരവും കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാര വികസനവും ജില്ലയ്‌ക്ക്‌ മുതൽകൂട്ടാകും. മന്ത്രി വി എൻ വാസവന്റെ മേൽനോട്ടത്തിലാണ്‌ വിനോദസഞ്ചാര വികസനത്തിനുള്ള രൂപരേഖയൊരുങ്ങുന്നത്‌. ഇതിന്‌ പുറമെ മീനച്ചിൽ പദ്ധതിയും വലിയ പ്രതീക്ഷയേകുന്നതാണ്‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top