28 March Thursday

ഞാൻ കണ്ട ആദ്യത്തെ 
വലിയ വായനക്കാരൻ അഡ്വ. കെ സുരേഷ്‌കുറുപ്പ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jul 5, 2022

 

കോട്ടയം
സുഹൃത്തുക്കളും പുസ്‌തകങ്ങളും അറിവും മാത്രം സമ്പാദ്യമായുണ്ടായിരുന്ന അപൂർവ വ്യക്തിത്വത്തിന്‌ ഉടമയാണ്‌ കോട്ടയത്തിന്റെ വർക്കിച്ചായൻ. ആറു ദശാബ്ദത്തോളം അദ്ദേഹം കോട്ടയത്തെ സിപിഐ എമ്മിനൊപ്പം സഞ്ചരിച്ചു. ഉന്നത നേതാക്കളും വിദ്യാർഥികളായ പ്രവർത്തകരുമടക്കം സൗഹൃദവലയത്തിലുണ്ടായിരുന്നു. സ്‌കൂൾ വിദ്യാർഥിയായിരിക്കുമ്പോഴെ തിരുനക്കരയിലെ ആദ്യ ജില്ലാ കമ്മിറ്റി ഓഫീസിൽ ഞാൻ ചെല്ലുമായിരുന്നു. പരന്ന വായനയുണ്ടായിരുന്ന വർക്കിച്ചായൻ കമ്യൂണിസ്‌റ്റ്‌ മാനിഫെസ്‌റ്റോയെകുറിച്ചും സാഹിത്യ ഗ്രന്ഥങ്ങളെ കുറിച്ചുമെല്ലാം സംസാരിക്കുമായിരുന്നു. നമ്മെ അത്ഭുതപ്പെടുത്തി ചില ലോക ക്ലാസിക്കുകൾ എടുത്ത്‌ കൈയിൽ തരും. ‘നീ പോയി വായിച്ച്‌ വാ’ എന്ന്‌ പറയും.  മാർക്‌സിസ്‌റ്റ്‌ തത്വശാസ്‌ത്രത്തിലും ആഴത്തിലുള്ള അറിവായിരുന്നു. ഞാൻ കണ്ട ആദ്യത്തെ വലിയ വായനക്കാരനായിരുന്നു വർക്കിച്ചായൻ.
അതീവ സാമ്പത്തിക ബുദ്ധിമുട്ടിലൂടെയായിരുന്നു അക്കാലത്തെ പാർടി പ്രവർത്തനവും ഓഫീസ്‌ പ്രവർത്തനവും. എവിടെ നിന്നെങ്കിലും അൽപം ചില്ലറ കിട്ടിയാൽ അദ്ദേഹം പുസ്തകം വാങ്ങും. മാർക്‌സിസ്‌റ്റ്‌ സാഹിത്യങ്ങൾ വില കൊടുത്തുവാങ്ങി, മറ്റുള്ളവരെ പുസ്‌തകം വാങ്ങാനും വായിപ്പിക്കാനും പ്രേരിപ്പിക്കും. അടിയന്തരാവസ്ഥ കാലത്ത്‌ വെല്ലുവിളികളെ നേരിട്ട്‌ ഓഫീസ്‌ കാത്ത്‌ ചിട്ടയോടെ മുന്നോട്ടുനയിച്ചു. ഇഷ്‌ടമേഖല സിനിമയും നാടകവും തന്നെ. ജോൺ എബ്രഹാം, അരവിന്ദൻ, എം പി സുകുമാരൻനായർ, കാമറാമാൻ വേണു എന്നിവരുമായെല്ലാം അടുത്ത ബന്ധം കാത്തു. വലിയ സൗഹൃദവലയത്തിനും ഉടമയായിരുന്നു. ഗോവയിലെയും ഡൽഹിയിലെയുമെല്ലാം ഫിലിം ഫെസ്‌റ്റിവലിന്റെ ഭാഗമായി. മാസ്‌ ഫിലിം സൊസൈറ്റിയും രൂപീകരിച്ചു. സിനിമാ സംബന്ധിയായ നിരവധി ലേഖനങ്ങളും പുസ്‌തകങ്ങളും എഴുതി. അപാരമായ പാണ്ഡിത്യത്തിനുടമയായിരുന്നു. അക്ഷരങ്ങളെയും പ്രത്യയശാസ്‌ത്രത്തെയും മാത്രം ഇഷ്‌ടപ്പെട്ട്‌ നിസ്വനായി ജീവിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top