18 April Thursday

പുസ്‌തകങ്ങളെയും 
പൂക്കളെയും സ്‌നേഹിച്ച ഋഷിതുല്യൻ

എസ്‌ മനോജ്‌Updated: Tuesday Jul 5, 2022

വർക്കിച്ചായൻ

കോട്ടയം
ആറു ദശാബ്ദത്തോളം സിപിഐ എം കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസ്‌ കർമരംഗമാക്കിയ  ഋഷിതുല്യനാണ്‌ വർക്കിച്ചായൻ. നീണ്ടുനരച്ച തൂവെള്ള താടിയും കട്ടിക്കണ്ണടയും ജൂബ്ബയുമായി കോട്ടയത്തെ പൗരാവലിയും കൗതുകത്തോടെ കണ്ട സാംസ്‌ക്കാരിക പ്രവർത്തകൻ. പാർടി ഓഫീസിലെ അകത്തളങ്ങളിൽ ലുങ്കിയും തോളത്തൊരു തോർത്തുമായി അലസഗമനം. പുറമേയ്‌ക്ക്‌ പരുക്കൻ. അധിക സംസാരമില്ല. സിനിമയോ നാടകമോ മാർക്‌സിസത്തെ കുറിച്ചോ സംശയം ചോദിച്ചാൽ ആൾ വാചാലൻ. മാർക്സുമായി രൂപസാദൃശ്യമുള്ള ഇദ്ദേഹം ഏറെ ഗൃഹസ്ഥമാക്കിയ ശാസ്‌ത്രവും മാർക്‌സിസംതന്നെ. 
    പാലാ സെന്റ്‌ തോമസ്‌ കോളേജിലെ പഠനകാലയളവിൽ വിദ്യാർഥികളെ സംഘടിപ്പിച്ചപ്പോൾ പുറത്തായി. അന്ന്‌ വീട്ടിൽനിന്നും ഇറങ്ങി. പിന്നീട്‌ പിതാവിന്റെ മരണസമയത്തും മറ്റും അപൂർവമായെ വീട്ടിലെത്തിയുള്ളൂ.   
   ഔദ്യോഗിക വിദ്യാഭ്യാസം മുടങ്ങിയെങ്കിലും അദ്ദേഹം ഇംഗ്ലീഷിൽ രചിച്ച ‘എ ബി സി ഓഫ്‌ സിനിമ’ എന്ന ഗ്രന്ഥം  ഗവേഷണ സഹായിയാണ്‌. സിനിമയുടെ ഹരിശ്രീ, ഫിലം ടെക്‌നിക്‌ എന്നീ പുസ്‌തകങ്ങളും നിരവധി ലേഖനങ്ങളും എഴുതി.
ജോൺ ഏബ്രഹാം, അരവിന്ദൻ, അടൂർ, എം പി സുകുമാരൻനായർ, കാമറാമാൻ വേണു തുടങ്ങിയ പ്രതിഭാധനർമുതൽ പുതുതലമുറയിലെ പി ആർ ഹരിലാൽവരെ വർക്കിച്ചായനുമായി സിനിമാചർച്ചകൾ നടത്തിയവരിൽപെടും. സ്‌കൂൾവിദ്യാർഥിയായിരിക്കുമ്പോൾ ഓഫീസ്‌ പടികയറിയെത്തിയ  അഡ്വ. കെ സുരേഷ്‌കുറുപ്പിനും പിന്നാലെ വന്ന കോട്ടയത്തെ വിദ്യാർഥി സംഘടനാ പ്രവർത്തകർക്കും വായനയുടെ വാതായനം തുറന്നുനൽകിയ കാരണവരായിരുന്നു. അപൂർവ പുസ്‌തക ശേഖരത്തിനും ഉടമയാണ്‌. വായനക്കാരനായ, സിനിമാക്കാരനായ വർക്കിച്ചയാനെ ഏവർക്കും അറിയാം. എന്നാൽ മറ്റൊരു മുഖമുണ്ട്‌.  ചെടികളെയും പൂക്കളെയും സ്നേഹിച്ച സഖാവ്‌. തിരുനക്കര വടക്കേനടയിലെ പഴയ ജില്ലാകമ്മിറ്റി ഓഫീസിലും തെക്കുംഗോപുരത്തെ പുതിയ ഓഫീസിലും അദ്ദേഹമൊരുക്കിയ പൂന്തോട്ടങ്ങളിൽനിന്നുള്ള സൗരഭ്യം പലതലമുറകൾ നുകർന്നു. അതിൽനിന്നൊരു ഇല നുള്ളിയാൽ കണ്ണടക്കിടയിലൂടെ പാഞ്ഞുവരുന്ന ആ ദൃഷ്‌ടികളിനിയില്ല...

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top