20 April Saturday

പെയ്തൊഴിയാതെ

വെബ് ഡെസ്‌ക്‌Updated: Thursday Aug 4, 2022

മീനച്ചിലാറിൽ വെള്ളം ഉയരുകയാണ്. വെള്ളക്കെട്ടായി മാറിയ അയ്മനം അയ്ക്കരച്ചിറയിൽ വീടിനുസമീപം ചൂണ്ടയിടുന്ന ചെല്ലമ്മ. 


കോട്ടയം
ശക്തി കുറഞ്ഞെങ്കിലും ജില്ലയിൽ മഴ തുടരുന്നു. പടിഞ്ഞാറൻ മേഖലയിലും മലയോര മേഖലയിലും ബുധനാഴ്‌ച ഇടവിട്ട്‌ മഴപെയ്‌തു. ശക്തമായ മഴ പെയ്യാത്തത്‌ നേരിയ ആശ്വാസം തരുന്നുണ്ടെങ്കിലും അപകടഭീതി പൂർണമായി ഒഴിഞ്ഞിട്ടില്ല. വെള്ളം കയറാനും ഉരുൾപൊട്ടാനും സാധ്യതയുള്ള പ്രദേശങ്ങൾ ഇപ്പോഴും ജാഗ്രതയിലാണ്‌.
  വൈക്കം തലയാഴം മാരാംവീട്‌ ഭാഗത്ത്‌ കടവിൽ കുളിക്കാനിറങ്ങിയയാൾ ഒഴുക്കിൽപ്പെട്ട്‌ മരിച്ചു. വൈക്കത്തിനു സമീപമുള്ള താഴ്‌ന്ന പ്രദേശങ്ങളിൽ ഇപ്പോഴും വെള്ളം ഇറങ്ങിയിട്ടില്ല. ശക്തമല്ലാത്ത മഴയുമുണ്ട്‌. ടിവി പുരം, ഉദയനാപുരം പഞ്ചായത്തുകളിൽ താഴ്‌ന്ന പ്രദേശങ്ങളിലുള്ള റോഡുകളിലും നിരവധി വീടുകളിലും വെള്ളം കയറി. ഉദയനാപുരത്തെ വാഴമന റോഡിൽ വെള്ളം കയറി ഗതാഗതം മുടങ്ങി.
കോട്ടയത്തിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിലും വെള്ളം ഇറങ്ങിയിട്ടില്ല. അയ്‌മനം, കുമരകം ഭാഗങ്ങളിൽ വെള്ളപ്പൊക്ക ഭീഷണി തുടരുകയാണ്‌. തിരുവാർപ്പിലെ കാഞ്ഞിരം, മലരിക്കൽ ഭാഗങ്ങളിൽ ബുധനാഴ്‌ച വെള്ളം കയറി. പൊങ്ങലക്കരി കോളനി പൂർണമായും വെള്ളത്തിലായി.
മലയോരത്ത്‌ ഇടവിട്ട്‌ പെയ്‌ത മഴ ഇപ്പോഴും ഉരുൾപൊട്ടൽ ഭീഷണി സൃഷ്ടിക്കുന്നുണ്ട്‌. മണിമലയാറ്റിലും പുല്ലകയാറ്റിലും ജലനിരപ്പ്‌ താഴ്‌ന്നു. പാലങ്ങളിൽ അടിഞ്ഞ മരങ്ങളും മാലിന്യങ്ങളും നീക്കാനുള്ള ശ്രമം നടക്കുകയാണ്‌. മുണ്ടക്കയം കോസ്‌വേ, എരുമേലി ഓരുങ്കൽ പാലം, മൂക്കംപെട്ടി കോസ്‌വേ എന്നിവിടങ്ങളിൽ അടിഞ്ഞ മാലിന്യം നാട്ടുകാരും ഫയർ ആൻഡ്‌ റെസ്‌ക്യു ജീവനക്കാരും ചേർന്ന് നീക്കി. മീനച്ചിലാറ്റിലും വെള്ളം താഴ്‌ന്നിട്ടുണ്ട്‌. മൂന്നിലവ്‌ മണ്ണിടിച്ചിൽ ഭീതിയിൽ തന്നെയാണ്‌. ദുരിതബാധിത പ്രദേശങ്ങൾ മന്ത്രി വി എൻ വാസവൻ സന്ദർശിച്ചു. മണർകാട്ട്‌ വെള്ളം നിറഞ്ഞ റബർ തോട്ടത്തിൽ കൂട്ടുകാർക്കൊപ്പം കളിക്കുകയായിരുന്ന പതിനാറുകാരനായ വിദ്യാർഥി മുങ്ങിമരിച്ചു. സെന്റ്‌ മേരീസ്‌ സ്‌കൂൾ അധ്യാപകനായ പണ്ടാരത്തിക്കുന്നേൽ മാത്യുവിന്റെ മകൻ അമൽ ആണ്‌ മരിച്ചത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top