23 April Tuesday

14 കാരിയുടെ ഗർഭസ്ഥശിശു മരിച്ചു; പോക്‌സോ കേസെടുത്തു

സ്വന്തം ലേഖകൻUpdated: Wednesday Aug 4, 2021
പുതുപ്പള്ളി  > പീഡനത്തെത്തുടർന്ന് ഗർഭിണിയായ തിരുവനന്തപുരം സ്വദേശിനി 14 കാരിയുടെ ഗർഭസ്ഥശിശു മരിച്ചു. കോട്ടയം മെഡിക്കൽകോളേജ് ആശുപത്രിയിൽ അമിത രക്തസ്രാവത്തെ തുടർന്നാണ് മരണം. നാലരമാസം പ്രായമായ ശിശു ആണ് മരിച്ചത്. 
 
  വയറുവേദനയെതുടർന്ന് ഞായറാഴ്ച അമ്മ പെൺകുട്ടിയെ പാമ്പാടി താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോഴാണ് കുട്ടി ഗർഭിണിയാണെന്ന വിവരം വീട്ടുകാർ അറിയുന്നത്. ഗുരുതരാവസ്ഥയിലായ കുട്ടിയെ ഉടൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും  ശിശു മരിച്ചു. പെൺകുട്ടി പത്താം ക്ലാസ് വിദ്യാർഥിനിയാണ്. തിരുവനന്തപുരം സ്വദേശിനിയായ കുട്ടിയുടെ അമ്മയും സഹോദരനും പാമ്പാടിയിൽ വാടകവീട്ടിലാണ് താമസം. അച്ഛൻ നേരത്തേ മരിച്ചു. പെൺകുട്ടിയും സഹോദരനും ചിരട്ടയിൽ കരകൗശല വസ്തുക്കൾനിർമിച്ച് സമീപപ്രദേശങ്ങളിലെ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് വിൽപ്പന നടത്തിവരികയായിരുന്നു. 
 
   പീഡനം സംബന്ധിച്ച്‌ പൊലീസിന്‌ പെൺകുട്ടി നൽകിയ മൊഴി ഇങ്ങനെ: ‘കഴിഞ്ഞ ഏപ്രിൽ 16ന് ഉൽപ്പന്നങ്ങൾ വിൽക്കാൻ തനിച്ചാണ് മണർകാട് എത്തിയത്. മൂന്നോടെ ചുവന്ന കാറിൽ എത്തിയ യുവാവ് ചിരട്ട ഉൽപ്പന്നങ്ങൾ വാങ്ങാൻ സമീപിച്ചു. വാങ്ങിയശേഷം കൈയിൽ പണമില്ലെന്നും വീട്ടിൽ എത്തിയാൽ നൽകാം എന്നും പറഞ്ഞ് കാറിൽ കയറ്റി തിരുവഞ്ചൂർ ഭാഗത്തേക്കുപോയി. അടുത്തുള്ള ഹോട്ടലിൽനിന്ന് പൊറോട്ട വാങ്ങിനൽകി. തുടർന്ന്‌ ഇയാൾ ജ്യൂസും ചോക്ലേറ്റും നൽകി. ജ്യൂസ് കുടിച്ചതോടെ അബോധാവസ്ഥയിലായി. ബോധംവന്നപ്പോൾ കാർ തിരികെ മണർകാട് ബസ് സ്റ്റോപ്പിൽ എത്തിച്ചു’. 
 
   കുട്ടിയെ മയക്ക്മരുന്ന് നൽകി പീഡിപ്പിച്ച യുവാവിനായി പൊലീസ് അന്വേഷണം ആരംഭിച്ചു. പോക്‌സോ നിയമപ്രകാരമാണ്‌ കേസ്‌. ജില്ലാ പൊലീസ് മേധാവി ഡി ശിൽപ്പയുടെ നിർദേശാനുസരണം കാഞ്ഞിരപ്പള്ളി ഡിവൈഎസ്‌പി കെ എൽ സജിമോന്റെ മേൽനോട്ടത്തിൽ പാമ്പാടി എസ്എച്ച്ഒ യു ശ്രീജിത്ത്, മണർകാട് എസ്എച്ച്ഒ മനോജ് കുമാർ എന്നിവരുൾപ്പെട്ട പ്രത്യേക സംഘമാണ്‌ അന്വേഷണം. ശിശുവിന്റെ ഡിഎൻഎ സാമ്പിൾ ശേഖരിച്ചു.
 
   പാമ്പാടി സ്‌റ്റേഷനിൽ ആയിരുന്നു ആദ്യം കേസ് രജിസ്റ്റർചെയ്തത്. എന്നാൽ പീഡനം നടന്നതായി പറയുന്നത് മണർകാട് സ്റ്റേഷൻ പരിധിയായതിനാൽ കേസ് മണർകാടേക്ക്‌ മാറ്റി. മൊഴിയിൽ അവ്യക്തതയുണ്ടെന്ന്‌ പൊലീസ് പറഞ്ഞു. മൂന്നരമാസംമുമ്പ്‌ പീഡനം നടന്നതായാണ് സൂചന. എന്നാൽ ഗർഭസ്ഥ ശിശുവിന് നാലരമാസം പ്രായമുള്ളത്‌ പൊലീസിനെ കുഴയ്‌ക്കുന്നു. അജ്ഞാതൻ വിളിച്ചപ്പോൾ കാറിൽ കയറിപോയെന്ന കുട്ടിയുടെ മൊഴിയും പൊലീസ്‌ പൂർണമായി വിശ്വസിച്ചിട്ടില്ല. ശാസ്ത്രീയമായ പരിശോധനകൂടി നടത്തിയാവും വ്യക്തത വരുത്തുക. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും ശേഖരിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top