23 April Tuesday
ക്ഷേമനിധി നേട്ടം കൊയ്യാൻ കർഷകർ

ജയ്‌ കിസാൻ; കോളടിച്ച്‌ കർഷകർ

സ്വന്തം ലേഖകൻUpdated: Friday Dec 3, 2021
കോട്ടയം
കർഷകക്ഷേമവും ഉന്നമനവും ലക്ഷ്യമിട്ടുള്ള സംസ്ഥാന സർക്കാരിന്റെ കർഷകക്ഷേമനിധി പദ്ധതിക്ക്‌ ജില്ലയിലും മികച്ച പ്രതികരണം. ക്ഷേമനിധിയിൽ രജിസ്‌റ്റർ ചെയ്യുന്നവർക്ക്‌ 
മാസം 5,000 രൂപ പെൻഷനും മറ്റ്‌ ആനുകൂല്യങ്ങളും ഉറപ്പുവരുത്തുന്ന പദ്ധതിയിൽ ലക്ഷക്കണക്കിനാളുകൾ അംഗങ്ങളാകുമെന്ന്‌ പ്രതീക്ഷിക്കുന്നു. വെബ്‌പോർട്ടൽ വഴിയാണ്‌ രജിസ്‌ട്രേഷൻ.
 പോർട്ടൽ നിലവിൽവന്ന്‌ രണ്ട്‌ ദിവസം പിന്നിടുമ്പോൾ അക്ഷയ സെന്റർ മുഖേനയും പോർട്ടലിൽ നേരിട്ടും നൂറുകണക്കിന്‌ കർഷകർ രജിസ്‌റ്റർചെയ്തു. വിള ഉൽപ്പാദകർ മാത്രമല്ല, ഇതര കാർഷികമേഖലയിലുള്ളവർക്കും പദ്ധതിയിൽ ചേരാവുന്നതിനാൽ പദ്ധതി വൻ വിജയമാകുമെന്ന കണക്കുകൂട്ടലിലാണ്‌ കാർഷിക വകുപ്പ്‌. 
  നെല്ല്‌, റബർ, ഉദ്യാനകൃഷി, ഔഷധസസ്യകൃഷി, നഴ്സറി നടത്തിപ്പ്‌, ഫലവൃക്ഷങ്ങളും പച്ചക്കറികളും, പുല്ലും തീറ്റപ്പുല്ലും, വൃക്ഷങ്ങൾ നട്ടുവളർത്തൽ, മത്സ്യം, അലങ്കാര മത്സ്യം, ചിപ്പി, കക്ക, തേനീച്ച, പട്ടുനൂൽ പുഴു, കോഴി, കാട, താറാവ്, മുയൽ, പന്നി, കന്നുകാലി  വളർത്തൽ എന്നിവ ഉൾപ്പെടെയുള്ള കാർഷികമേഖലയിലുള്ളവർക്കും അംഗങ്ങളാകാം.  മലനാട്ടിലും ഇടനാട്ടിലും റബറും തീരമേഖലയിൽ നെല്ലുമാണ്‌ ജില്ലയിലെ പ്രധാനകൃഷി. പച്ചക്കറി ചെയ്യുന്ന കർഷകരും ധാരാളമുണ്ട്‌. അഞ്ച്‌ സെന്റിൽ കുറയാതെയും 15 ഏക്കറിൽ കൂടാതെയും കൃഷിഭൂമി കൈവശമുള്ളവർക്കും ചേരാനാകും. കൃഷി ഉപജീവനമായിട്ടും പറയത്തക്ക വരുമാനമോ ആദായമോ ലഭിക്കാതെ ഇരുളടഞ്ഞ ജീവിതവുമായി മുന്നോട്ടുപോകുന്നവർക്ക്‌ ആശ്വാസം പകരുന്നതാണ്‌ പദ്ധതി. 18 വയസ് പൂർത്തിയായ ഏതൊരു കർഷകനും രജിസ്റ്റർ ചെയ്യാം. കേരള കർഷക ക്ഷേമനിധി ആക്ട് നിലവിൽ വന്ന 2019 ഡിസംബർ 20 ന് 56 വയസ്‌ പൂർത്തിയായ കർഷകനും 65 വയസ്‌ വരെ ക്ഷേമനിധിയിൽ
അംഗമാകാനാകും. വാർഷിക വരുമാനം അഞ്ചുലക്ഷം രൂപയിൽ താഴെയാകണം. ഒന്നാം പിണറായി സർക്കാർ കർഷകർക്ക്‌ പെൻഷൻ നൽകാൻ തീരുമാനിച്ചതും കർഷകർക്ക്‌ നേട്ടമായിരുന്നു. നിലവിൽ 1600 രൂപയാണ്‌  പെൻഷൻ. അനാരോഗ്യം, കുടുംബപെൻഷൻ, ചികിത്സ, വിവാഹം തുടങ്ങിയവയ്‌ക്കും ആനുകൂല്യങ്ങൾ ലഭിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top