29 March Friday

കോട്ടയത്തെ അറിഞ്ഞ കോടിയേരി

വെബ് ഡെസ്‌ക്‌Updated: Monday Oct 3, 2022

സിപിഐ എം ജില്ലാ കമ്മിറ്റി കൂട്ടിക്കലിൽ നിർമിച്ച് നൽകുന്ന 25 വീടുകളുടെ ശിലാസ്ഥാപന യോഗം ഉദ്ഘാടനംചെയ്യാൻ വേദിയിലേക്ക് എത്തുന്ന കോടിയേരി ബാലകൃഷ്ണൻ (ഫയൽ ചിത്രം)

 കോട്ടയം

നന്മയുടെ സന്ദേശം നൽകിയായിരുന്നു അവസാനമായി കോടിയേരി ബാലകൃഷ്‌ണൻ കോട്ടയത്തുനിന്ന്‌ മടങ്ങിയത്‌. ""അശരണർക്കും ദുരിതം അനുഭവിക്കുന്നവർക്കും വേണ്ടി പ്രവർത്തിക്കുക. അവർക്ക്‌ കൈത്താങ്ങാകുക. രാഷ്‌ട്രീയ പ്രവർത്തനത്തിൽ ഒഴിച്ചുനിർത്താൻ പറ്റാത്തതാണത്‌.'' കൂട്ടിക്കൽ ഉരുൾപൊട്ടലിൽ കിടപ്പാടം നഷ്ടപ്പെട്ടവർക്ക്‌ സിപിഐ എം നിർമിച്ചു നൽകുന്ന 25 വീടുകൾക്ക് കല്ലിട്ട്‌ കോടിയേരി പറഞ്ഞ വാക്കുകളായിരുന്നു അത്‌. ഫെബ്രുവരി 24ന്‌ ഏന്തയാറിലായിരുന്നു കല്ലിടൽ ചടങ്ങ്‌. ജില്ലയിൽ കോടിയേരി പങ്കെടുത്ത അവസാന പൊതുപരിപാടിയും ഇതുതന്നെ. പാലിയേറ്റീവ്‌ പ്രവർത്തനം ഏറ്റെടുക്കണമെന്ന്‌ പാർടി പ്രവർത്തകരോട്‌ എക്കാലവും അദ്ദേഹം ഉദ്‌ഘോഷിക്കാറുണ്ടായിരുന്നു. പ്രകൃതിദുരന്തത്തിൽ വീട്‌ നഷ്ടപ്പെട്ടവർക്ക്‌ വീട്‌ വച്ചുനൽകാൻ മുന്നിട്ടിറങ്ങിയ ജില്ലയിലെ സിപിഐ എം പ്രവർത്തകരെ കോടിയേരി അന്ന്‌ അകമഴിഞ്ഞ്‌ പ്രശംസിച്ചു. മനസ്‌ നിറഞ്ഞാണ്‌ അന്ന്‌ അദ്ദേഹം കോട്ടയം വിട്ടത്‌.
  പാർടി നിർമിച്ചുനൽകിയ വീടുകൾ നൂറ്‌ കടന്നപ്പോൾ താക്കോൽ കൈമാറ്റത്തിനാണ്‌ അതിനു മുമ്പ്‌ കോടിയേരി ജില്ലയിൽ എത്തിയത്‌. തിരുനക്കര പഴയ പൊലീസ്‌ സ്‌റ്റേഷൻ മൈതാനത്ത്‌ 2021 ഡിസംബർ 27ന്‌ നടന്ന ചടങ്ങിലെത്തിയ കോടിയേരിയെ സ്വീകരിക്കാൻ അന്ന്‌ ആയിരങ്ങൾ എത്തിയിരുന്നു. പാലാ സെന്റ്‌ തോമസ്‌ കോളേജ്‌ ക്യാമ്പസിൽ ക്രൂരമായി കൊലചെയ്യപ്പെട്ട നിതിനാമോളുടെ കുടുംബത്തെ സഹായിക്കാൻ ഡിവൈഎഫ്‌ഐ സമാഹരിച്ച 15 ലക്ഷം രൂപയും അന്ന്‌ നിതിനയുടെ അമ്മ കെ എസ്‌ ബിന്ദുവിന്‌ കോടിയേരി കൈമാറി.  നീണ്ടൂർ രക്തസാക്ഷികളുടെ അനുസ്‌മരണ സമ്മേളനത്തിലും  കോടിയേരി പങ്കെടുത്തു.
  മന്ത്രി ആയിരുന്നപ്പോഴും സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോഴും എണ്ണമറ്റ പരിപാടികൾക്ക്‌ കോടിയേരി കോട്ടയത്ത്‌ വന്നിട്ടുണ്ട്‌. കോട്ടയത്ത്‌ സാധാരണ താമസിച്ചിരുന്നത്‌ നാട്ടകം ഗസ്‌റ്റ്‌ ഹൗസിലായിരുന്നു. കോടിയേരിയുടെ ഭക്ഷണരീതിയും ഇഷ്ടങ്ങളും ഗസ്‌റ്റ്‌ ഹൗസിലെ ജീവനക്കാർക്ക്‌ മനഃപാഠമാണ്‌. പാലാ ഉപതെരഞ്ഞെടുപ്പ്‌ സമയത്ത്‌ ദിവസങ്ങളോളം പാലായിൽ ക്യാമ്പ്‌ ചെയ്‌ത്‌ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ്‌ പ്രചാരണ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകി. കോട്ടയത്ത്‌ എത്തുമ്പോഴെല്ലാം അദ്ദേഹത്തെ നേരിൽകണ്ട്‌ സംസാരിക്കാൻ വിവിധ മേഖലകളിലുള്ളവർ എത്തുമായിരുന്നു. ഒരാൾക്ക്‌ പോലും നിരാശപ്പെട്ട്‌ മടങ്ങിപ്പോകേണ്ടി വന്നിട്ടുമില്ല.
   കോട്ടയത്തോട്‌ പ്രത്യേക ഇഷ്ടം മനസിൽ സൂക്ഷിച്ചിരുന്ന കോടിയേരി ടൂറിസം മന്ത്രിയായിരിക്കെ കുമരകത്തിന്റെ ടൂറിസം വികസനത്തിന്‌ വലിയ താൽപര്യം കാണിച്ചു. കായൽടൂറിസത്തിന്റെ അനന്തസാധ്യതകൾ കുമരകത്തുണ്ടെന്ന്‌ അന്നേ അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. അതിനനുസരിച്ചുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാൻ നേതൃത്വം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top