26 April Friday

സഹകരണ മേഖല- എങ്ങും പടരണം

വെബ് ഡെസ്‌ക്‌Updated: Sunday Jul 3, 2022

അന്താരാഷ്ട്ര സഹകരണ ദിനാഘോഷത്തിന്റെ ഭാഗമായി കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ സഹകരണ രജിസ്ട്രാർ അലക്സ് വർഗീസ് പതാക ഉയർത്തുന്നു

 

കോട്ടയം
മാറുന്ന ജീവിതസാഹചര്യങ്ങളും ആവശ്യങ്ങളും മനസ്സിലാക്കി സഹകരണ മേഖലയുടെ ഇടപെടൽ കൂടുതൽ മേഖലകളിലേക്ക്‌ വ്യാപിക്കണമെന്ന്‌ സഹകരണ സെമിനാർ.  അന്താരാഷ്ട്ര സഹകരണ ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനത്തോടനുബന്ധിച്ച്‌ മാമ്മൻ മാപ്പിള ഹാളിൽ വിവിധ വിഷയങ്ങളിൽ നടന്ന സെിമാറുകളിലാണ്‌ ചർച്ചകളും പുതിയ നിർദേശങ്ങളും ഉയർന്നത്‌. 
  സമസ്‌ത മേഖലകളിലും സഹകരണ പ്രസ്ഥാനങ്ങൾക്ക്‌ നിർണായക പങ്കുണ്ട്‌. ഉൽപാദന–വിപണന ഖേലകളിൽ പുതിയ സാധ്യതകൾ കണ്ടെത്തണം. സ്‌ത്രീകളുടെയും യുവാക്കളുടെയും തൊഴിലില്ലായ്‌മ പരിഹരിക്കാൻ സഹകരണ മേഖല  മുഖ്യപങ്ക്‌ വഹിക്കണമെന്നും സെമിനാർ അഭിപ്രായപ്പെട്ടു. 
   കോവിഡും രണ്ട്‌ പ്രളയങ്ങളും കേരളത്തിന്റെ സാമ്പത്തിക അടിത്തറ തകർത്തെങ്കിലും അതെല്ലാം അതജീവിച്ച്‌ നവകേരളത്തിനുള്ള വികസന പദ്ധതികൾ ഉണ്ടാക്കി കേരളം  വികസന ചരിത്രത്തിലെ നിർണായക ഘട്ടത്തിലാണെന്ന്‌  ‘നവ കേരളത്തിന്‌ സഹകരണ പ്രസ്ഥാനം’  എന്ന വിഷയത്തിൽ  പ്രബന്ധം അവതരിപ്പിച്ച പ്ലാനിങ് ബോർഡംഗം  പ്രൊഫ. ജിജു പി അലക്‌സ്‌ അഭിപ്രായപ്പെട്ടു. പഞ്ചവത്സര  പദ്ധതികൾ ഇപ്പോഴും പിന്തുടരുന്നത്‌ കേരളം മാത്രമാണ്‌. പ്രാദേശിക സാമ്പത്തിക വികസനത്തിൽ എങ്ങനെ സഹകരണ മേഖലയെ ഉപയോഗപ്പെടുത്താമെന്ന്‌ ഗൗരവമായി ചിന്തിക്കണമെന്നും പ്രാഥമിക സംഘങ്ങൾക്ക്‌ പ്രധാന റോളുണ്ടന്നും അദ്ദേഹം പറഞ്ഞു. 
    സഹകരണം എന്നാൽ സാമൂഹ്യ പ്രതിബദ്ധതയുടെ പര്യായമാണെന്ന്‌  ‘ സാമൂഹ്യ പ്രതിബദ്ധതയും കേരളത്തിലെ സഹകരണ മേഖലയും’ എന്ന വിഷയത്തിൽ കൺസ്യുമർഫെഡ്‌ ചെയർമാൻ എം മെഹബൂബ്‌ പറഞ്ഞു. കോവിഡ്‌ കാലത്ത്‌ സഹകരണ പ്രസ്ഥാനങ്ങൾ തങ്ങളുടെ സാമൂഹ്യപ്രതിബദ്ധത കേരള ജനതയെ കാണിച്ചതാണ്‌. ആരോഗ്യം, വിദ്യാഭ്യാസം എന്നീ രംഗങ്ങളിലെ പ്രവർത്തനം ഉദാഹരണങ്ങളാണ്‌. 
     കോവിഡിന്‌ ശേഷമുള്ള വായ്‌പാപദ്ധതികളിലും സാമൂഹ്യ പ്രതിബദ്ധതയുള്ള വിട്ടുവീഴ്‌ച വേണം. ജനങ്ങൾക്ക്‌ കഷ്ടതകളും പ്രയാസങ്ങളും വരുമ്പോൾ സാമൂഹ്യകടപ്പാട്‌ ഉണ്ടാകണം–-അദ്ദേഹം അഭിപ്രായപ്പെട്ടു. 
  മാറുന്ന കേരളത്തിന്റെ ആവശ്യമനുസരിച്ച്‌ ദിശാവ്യതിയാനം മുൻനിർത്തി സഹകരണ മേഖല അവരുടെ പ്രവർത്തനം മാറ്റണമെന്ന്‌ ‘സഹകരണ പ്രസ്ഥാനം പുതിയ മേഖലകളിലേക്ക്‌’ എന്ന വിഷയം അവതരിപ്പിച്ച പ്ലാനിങ് ബോർഡംഗം പ്രൊഫ.  മിനി സുകുമാർ  പറഞ്ഞു. സ്‌ത്രീകളുടെയും യുവാക്കളുടെയും ഇടയിൽ വർധിച്ചു വരുന്ന തൊഴിലില്ലായ്‌മ പരിഹരിക്കണം. വൃദ്ധജനങ്ങൾക്ക്‌ താങ്ങാകണം. ദുർബല വിഭാഗത്തിന്‌ പ്രത്യേക ഊന്നൽ നൽകുന്ന  പദ്ധതികൾ ആവിഷ്‌കരിക്കണമെന്നും അവർ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top