29 March Friday
കാലിത്തീറ്റയിലെ ഭക്ഷ്യവിഷബാധ

47 കന്നുകാലികൾക്കും 
2 ആടിനും അസുഖബാധ

വെബ് ഡെസ്‌ക്‌Updated: Friday Feb 3, 2023
കോട്ടയം
ജില്ലയിൽ 47 കന്നുകാലികൾക്കും രണ്ട്‌ ആടിനും കാലിത്തീറ്റയിൽനിന്ന്‌ ഭക്ഷ്യവിഷബാധയേറ്റതായി സ്ഥിരീകരിച്ചു. 10 പഞ്ചായത്തുകളിൽ 18 കർഷകരുടെ കാലികൾക്കാണ്‌ രോഗം റിപ്പോർട്ട്‌ ചെയ്‌തത്‌. മാഞ്ഞൂർ -14, എലിക്കുളം- ഏഴ്‌, കുറവിലങ്ങാട്- മൂന്ന്‌, വെളിയന്നൂർ- നാല്‌, നീണ്ടൂർ- രണ്ട്‌, മീനടം- മൂന്ന്‌, ആർപ്പൂക്കര- ആറ്‌ കന്നുകാലി, രണ്ട്‌ ആട്, വാഴൂർ- ഒന്ന്‌, പാമ്പാടി- രണ്ട്‌, അതിരമ്പുഴ- അഞ്ച്‌ എന്നിങ്ങനെയാണ് രോഗം റിപ്പോർട്ട് ചെയ്ത കാലികളുടെ എണ്ണം. രോഗലക്ഷണങ്ങളല്ലാതെ ഗൗരവമായ സ്ഥിതിയില്ല.
കടുത്തുരുത്തിയിൽ ചത്ത കന്നുകാലിയുടെ പോസ്റ്റ്‌മോർട്ടത്തിൽ ദഹനേന്ദ്രിയത്തിൽ പൂർണമായും രക്തം കട്ടപിടിച്ച അവസ്ഥയിലാണെന്നും പ്രധാന അവയവങ്ങളുടെ പ്രവർത്തനം നിലച്ചിരുന്നതായും കണ്ടെത്തിയതായി ചീഫ് വെറ്ററിനറി ഓഫീസർ ഡോ. പി കെ മനോജ്‌കുമാർ അറിയിച്ചു. ആന്തരിക അവയവങ്ങളും കാലിത്തീറ്റ സാമ്പിളും രാസപരിശോധനയ്‌ക്കായി തിരുവനന്തപുരം റീജണൽ കെമിക്കൽ ലാബിലേക്ക് നൽകിയിട്ടുണ്ട്. ആന്തരിക അവയവങ്ങളുടെ ഹിസ്‌റ്റോപതോളജിക്കൽ പരിശോധനകൾക്കായി തിരുവല്ലയിലെ ഏവിയൻ ഡിസീസ് ഡയഗനോസ്റ്റിക് ലാബിലേക്ക് അയക്കാൻ നടപടി സ്വീകരിച്ചു. ക്ഷീരകർഷകന്റെ വീട്ടിൽനിന്ന്‌ കാലിത്തീറ്റ, വൈക്കോൽ, കൈതയില എന്നിവയുടെ സാമ്പിളും വിദഗ്ധ പരിശോധനയ്‌ക്കായി എടുത്തിട്ടുണ്ട്.
ഭക്ഷ്യവിഷബാധയുടെ ചികിത്സാപുരോഗതി ചീഫ് വെറ്ററിനറി ഓഫീസറുടെ നേതൃത്വത്തിൽ വിലയിരുത്തി. കാലിത്തീറ്റ കഴിച്ച് രോഗാവസ്ഥയിലായ കന്നുകാലികളുടെ പാൽ ഉൽപാദനം പൂർണമായോ ഭാഗികമായോ നഷ്ടപ്പെട്ടിട്ടുള്ളതായി ഡോ. പി കെ മനോജ്‌കുമാർ അറിയിച്ചു. രോഗം ഭേദമായ കന്നുകാലികളിലും പാലുൽപാദനം ചുരുങ്ങിയിട്ടുണ്ട്. കൂടുതൽ കാലിത്തീറ്റ സാമ്പിളുകൾ മണ്ണുത്തി, നാമക്കൽ, ഗുജറാത്തിലെ ആനന്ദ് എന്നിവിടങ്ങളിലെ ലാബുകളിലേക്ക് അയക്കാൻ നടപടി സ്വീകരിച്ചതായും ചീഫ് വെറ്ററിനറി ഓഫീസർ അറിയിച്ചു.
കെഎസ്‌ കാലിത്തീറ്റയുടെ വേദഗിരിയിലെ പ്ലാന്റിൽ മൃഗസംരക്ഷണവകുപ്പ്‌ അധികൃതർ പരിശോധന നടത്തി. പ്ലാന്റിന്റെ നടത്തിപ്പിൽ തകരാറൊന്നും കണ്ടെത്തിയില്ല. കാലിത്തീറ്റയിൽ ഉപയോഗിക്കുന്ന പരുത്തിക്കുരു പിണ്ണാക്കാണ്‌ വിഷബാധയുണ്ടാക്കിയതെന്ന്‌ സംശയിക്കുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top