19 April Friday
ജില്ലാ പഞ്ചായത്ത്‌ പ്രകടനപത്രിക

ലക്ഷ്യം സമഗ്രവികസനം

വെബ് ഡെസ്‌ക്‌Updated: Wednesday Dec 2, 2020

ജില്ലാ പഞ്ചായത്ത് എൽഡിഎഫ് പ്രകടനപത്രിക നേതാക്കളായ വി എൻ വാസവൻ, പ്രൊഫ. എം ടി ജോസഫ്‌, സി കെ ശശിധരൻ, സ്‌റ്റീഫൻ ജോർജ്, എം ടി കുര്യൻ, സാജു എം ഫിലിപ്പ്, സജി നൈനാൻ, ജിയാഷ്‌ കരീം, മനോജ്‌ ചെമ്മുണ്ടവള്ളി എന്നിവർ ചേർന്ന് പ്രകാശനംചെയ്യുന്നു

 കോട്ടയം

ജില്ലയുടെ സമഗ്രവികസനത്തിന്‌ വ്യക്തമായ കാഴ്‌ചപ്പാട്‌ അവതരിപ്പിച്ച്‌  ജില്ലാപഞ്ചായത്തിന്റെ എൽഡിഎഫ്‌ പ്രകടനപത്രിക. വികസനത്തിന്‌ വഴിതെളിക്കുന്ന സർവതലസ്‌പർശിയായതും ഭാവനാസമ്പന്നവുമായ പദ്ധതികൾ നടപ്പാക്കുമെന്ന്‌ ‌പ്രകടനപ്രതിക പ്രഖ്യാപിക്കുന്നു. കോട്ടയം പ്രസ്‌ക്ലബ്ബിൽ ചേർന്ന വാർത്താസമ്മേളനത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി വി എൻ വാസവൻ, എൽഡിഎഫ്‌ ജില്ലാ കൺവീനർ പ്രൊഫ. എം ടി ജോസഫ്‌, സിപിഐ ജില്ലാ സെക്രട്ടറി സി കെ ശശിധരൻ, സ്‌റ്റീഫൻ ജോർജ്‌ (കേരള കോൺഗ്രസ്‌ എം), എം ടി കുര്യൻ (ജനതാദൾ എസ്‌), സാജു എം ഫിലിപ്പ്‌ (എൻസിപി), സജി  നൈനാൻ (കോൺഗ്രസ്‌ എസ്‌), ജിയാഷ്‌ കരീം (ഐഎൻഎൽ), മനോജ്‌ ചെമ്മുണ്ടവള്ളി (കേരള  കോൺഗ്രസ്‌ സ്‌കറിയ തോമസ്‌ വിഭാഗം) എന്നിവർ ചേർന്നാണ്‌ പ്രകടനപത്രിക പ്രകാശിപ്പിച്ചത്‌. 
തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ ചരിത്രവിജയം നേടുമെന്ന്‌ വി എൻ വാസവൻ ചോദ്യങ്ങൾക്ക്‌ മറുപടിനൽകി. ജില്ലയിൽ പലയിടത്തും യുഡിഎഫ്‌–-ബിജെപി കൂട്ടുകെട്ടുണ്ട്‌. ഇവരുടെ കൂട്ടുകെട്ട്‌ രണ്ട്‌ ഡസനിലേറെ വാർഡുകളിലുണ്ട്‌. ഇതുകൊണ്ടൊന്നും എൽഡിഎഫിന്‌ തിരിച്ചടിയുണ്ടാകില്ല. സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ കോട്ടയത്തും പ്രകടമാണ്‌. കിഫ്‌ബി പദ്ധതികളിലൂടെ 2800 കോടി രൂപയുടെ വികസനമുണ്ടായി. റബറിന്റെ വിലയിടിവാണ്‌ കർഷകർ നേരിടുന്നത്‌. ഇതിൽ ജില്ലാപഞ്ചായത്തിന്‌ പരിമിതിയുണ്ട്‌. എന്നാൽ റബറധിഷ്‌ടിത വ്യവസായ സംരംഭങ്ങൾ വരുന്നതിലൂടെ കർഷകരെ സഹായിക്കാനാകും. സർക്കാർ പ്രഖ്യാപിച്ച സിയാൽ മോഡൽ കമ്പനി റബർ കർഷകരെ സഹായിക്കുന്നതിനാണ്‌. 
എച്ച്‌എൻഎൽ ഭൂമിയിൽ റബർപാർക്ക്‌ ആരംഭിക്കാനും നിർദേശമുണ്ട്‌. പിൽഗ്രിം ടൂറിസത്തിന്‌ ജില്ലയിൽ വലിയ സാധ്യതയുണ്ട്‌. അതിനുള്ള പദ്ധതികളും ജില്ലാപഞ്ചായത്ത്‌ ആവിഷ്‌കരിക്കുമെന്ന്‌ നേതാക്കൾ പറഞ്ഞു.
 
കാർഷിക വികസനം, കാർഷിക മേഖലയുമായി ബന്ധപ്പെട്ട തൊഴിലധിഷ്ഠിത വ്യവസായങ്ങൾ എന്നിവയിലൂടെ ഒരു ലക്ഷം പേർക്ക് തൊഴിൽ നൽകാനുള്ള പദ്ധതി ആവിഷ്‌കരിക്കും.സൂക്ഷ്മചെറുകിട സംരംഭങ്ങളിലൂടെ കാർഷികേതരമേഖലയിൽ 50,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും. കേരളബാങ്ക്, ജില്ലാവ്യവസായകേന്ദ്രം, സഹകരണസംഘങ്ങൾ, കെഎഫ്സി എന്നിവയെ ഏകോപിപ്പിച്ച് സൂക്ഷ്മ ചെറുകിട സംരംഭങ്ങൾക്ക് മൂലധനം കണ്ടെത്തും. 
പുതുതലമുറയ്ക്ക് വിപുലമായ തൊഴിൽ നൽകുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്, മെഷീൻ ലേണിങ്‌, ക്ലൗഡ്കംപ്യൂട്ടിങ്‌ തുടങ്ങിയ ആധുനിക സാങ്കേതികവിദ്യ ഉൾപ്പെടുത്തിയുള്ള ഐടി പാർക്ക് സാക്ഷാത്ക്കരിക്കും. സർക്കാരിന്റെ കെ ഫോൺ പദ്ധതിയുമായി ഇത് ലിങ്ക്ചെയ്യും.
ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളായ കുമരകം, ഇല്ലിക്കൽ, എരുമേലി, കോടിമത എന്നീ പ്രദേശങ്ങൾ പരിസ്ഥിതി സൗഹൃദമാക്കും. കുമരകത്തിന്റെ ടൂറിസം വികസനത്തിന് സമഗ്ര മാസ്റ്റർപ്ലാൻ. കനാൽ, വേമ്പനാട്ട് കായൽ, പാടശേഖരങ്ങൾ എന്നിവയിലെ ടൂറിസം സാധ്യതകൾ  പ്രയോജനപ്പെടുത്തും. കുമരകത്ത് ഹെലിപ്പാട് സാധ്യമാക്കും. ശബരിമല, എരുമേലി വാവരുപള്ളി, തിരുനക്കരക്ഷേത്രം, കുമാരനല്ലൂർ ദേവീക്ഷേത്രം, ഏറ്റുമാനൂർ മഹാദേവക്ഷേത്രം, മള്ളിയൂർ ക്ഷേത്രം, മാന്നാനം ചാവറയച്ചൻ തീർത്ഥാടനകേന്ദ്രം, അൽഫോൻസാമ്മയുടെ ആർപ്പൂക്കരയിലെ ജന്മഗേഹം, ഭരണങ്ങാനത്തെ കബറിടം, പുതുപ്പള്ളി, മണർകാട് ക്രൈസ്തവ ദേവാലയങ്ങൾ, താഴത്തങ്ങാടി മുസ്ലീംപള്ളി, വൈക്കം മഹാദേവ ക്ഷേത്രം, തിരുവാർപ്പ്‌ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം തുടങ്ങിയ ആരാധനാലയങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള പിൽഗ്രീം ടൂറിസം പദ്ധതി നടപ്പിലാക്കും. എരുമേലി വിമാനത്താവളം യാഥാർഥ്യമാക്കാൻ സമ്മർദ്ദംചെലുത്തും.
കായൽ, നദി, തോട്, ആറ്, കുളം തുടങ്ങിയവയിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച് മത്സ്യലഭ്യത വൻതോതിൽ വർധിപ്പിക്കും. വീടുകളിൽ മത്സ്യകൃഷി ചെയ്യുന്നതിന് സഹായം ലഭ്യമാക്കും.മത്സ്യവിപണന കേന്ദ്രങ്ങൾ ആരംഭിച്ച് കുറഞ്ഞ വിലയിൽ മത്സ്യം കിട്ടുന്നതിന് സാഹചര്യം ഒരുക്കും.
തരിശായ കൃഷിഭൂമി കൃഷിയോഗ്യമാക്കി നെല്ല്, മറ്റു ഭക്ഷ്യവിളകൾ കൃഷിചെയ്ത് ഉല്പാദനം വർധിപ്പിക്കും.  
ധവളവിപ്ലവത്തിന്റെ പാതയിൽ ജില്ലയെ പ്രവേശിപ്പിക്കും. എല്ലാ ക്ഷീരകർഷകർക്കും മെച്ചപ്പെട്ട തൊഴുത്തും ആധുനികസൗകര്യങ്ങളും ലഭ്യമാക്കും. പാലുല്പന്നങ്ങളുടെ വിപണനസാധ്യതകൾ കണ്ടെത്തും. തീറ്റപ്പുൽ കൃഷി വ്യാപിപ്പിക്കും. ക്ഷീരോല്പാദക സഹകരണസംഘങ്ങളെ ആധുനികവല്ക്കരിക്കും. അത്യുല്പാദനശേഷിയുള്ള പശു, എരുമ, ആട്എന്നിവയെ വളർത്താനാവശ്യമായ പദ്ധതികൾ ആവിഷ്‌കരിക്കും.  
കുടുംബശ്രീ പ്രവർത്തനങ്ങളെ ശാക്തീകരിക്കും. സ്ത്രീകളുടെ കൂട്ടായ്മയിലുള്ള പൊതുസംരംഭങ്ങൾക്ക് മുന്തിയ പരിഗണന നൽകും. സ്ത്രീകളുടെ വരുമാനം വർധിപ്പിക്കാനുള്ള ചെറുകിട വ്യവസായ യൂണിറ്റുകൾ പ്രോത്സാഹിപ്പിക്കും. കുടുംബശ്രീ അയൽക്കൂട്ടങ്ങൾ ഏറ്റെടുക്കുന്ന തൊഴിൽ സംരംഭങ്ങൾക്ക് സഹായം നൽകുന്നതിന് പദ്ധതികൾ ആവിഷ്‌കരിക്കും. സ്ത്രീകൾക്ക് തൊഴിൽ പരിശീലനം നൽകുന്നതിന് പ്രത്യേക പദ്ധതി രൂപീകരിക്കും. ജില്ലയെ സ്ത്രീ സൗഹൃദമാക്കാൻ ആവശ്യമായ നൂതനപദ്ധതികൾ /കാമ്പയിനുകൾ സംഘടിപ്പിക്കും. കൂടുതൽ ജാഗ്രതാ സമിതികൾ രൂപീകരിക്കും. കുടുംബശ്രീവഴി ഒരു ലക്ഷം സ്ത്രീകൾക്ക് പരിശീലനവും  ലാപ്പ്ടോപ്പും നല്കും. 
ഭവനരഹിതരില്ലാത്ത  ജില്ലയാക്കും. ജില്ലയിൽ വീടില്ലാത്ത മുഴുവൻ ആളുകൾക്കും വീട്‌ നൽകും.സ്ഥലമില്ലാത്തവർക്ക് സ്ഥലംവാങ്ങി പാർപ്പിടസമുച്ചയം നിർമിക്കും.
എല്ലാ കുടുംബങ്ങൾക്കും ശുദ്ധജലം ലഭ്യമാക്കുന്നതിന്‌ പദ്ധതി തയ്യാറാക്കും.
സാമൂഹ്യ അടുക്കള, ജനകീയ ഹോട്ടലുകൾ എന്നിവയിലൂടെ അഗതികൾക്കും അശരണർക്കും ഭക്ഷണം നല്കുന്നതിനുള്ള പദ്ധതി ആവിഷ്‌കരിക്കും.
സുഭിക്ഷ കോട്ടയം: പച്ചക്കറി, പഴം, പാൽ, മുട്ട എന്നിവയിൽ സംരംഭങ്ങൾ ആരംഭിക്കും. പച്ചക്കറികൾ സംഭരിച്ച് സംരക്ഷിക്കുന്നതിന് ശീതീകരിച്ച ഗോഡൗണുകൾ പഞ്ചായത്ത് മുനിസിപ്പൽ കേന്ദ്രങ്ങളിൽ സ്ഥാപിക്കും.
ഗ്രന്ഥശാലകൾ, കലാസാംസ്കാരിക കേന്ദ്രങ്ങൾ തുടങ്ങിയവ വിപുലമാക്കും.  സർക്കാർ, എയിഡഡ് സ്കൂളുകളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾ പരിഹരിക്കാനും അടിസ്ഥാന ആവശ്യങ്ങൾ മെച്ചപ്പെടുത്താനുമുള്ള സഹായപദ്ധതിക്ക് രൂപംനൽകും. ഭിന്നശേഷി വിഭാഗങ്ങളുടെ സംരക്ഷണം ഉറപ്പാക്കും. ബഡ്സ് സ്കൂളുകൾക്ക് വാഹനസൗകര്യം ഏർപ്പെടുത്തും.
ചലച്ചിത്രവികസനത്തിനും സംഗീതനാടകോത്സവങ്ങൾക്കും ഉപകരിക്കുന്ന ആധുനിക മൈക്ക് ആൻഡ്‌ സൗണ്ട്‌ സംവിധാനങ്ങളുള്ള സാംസ്കാരിക നിലയങ്ങൾ സ്ഥാപിക്കും. ചരിത്ര പൈതൃക മ്യൂസിയംസാഹിത്യപ്രവർത്തക സഹകരണസംഘത്തിന്റെ മുൻകൈയോടെ കോട്ടയത്ത് സ്ഥാപിക്കും. ഗ്രന്ഥശാലകളെ ആധുനികവല്ക്കരിക്കും.   
 പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിന് വികസനസമിതികൾ, ആരോഗ്യപ്രവർത്തകരുടെ സേന തുടങ്ങിയവ രൂപീകരിച്ച് ആവശ്യമായ സഹായങ്ങൾ ഓരോ പൊതുജനാരോഗ്യ കേന്ദ്രത്തിനും നല്കും.രോഗികൾക്ക് ആവശ്യമായ മരുന്നും ഭക്ഷണവും സൗജന്യമായി നൽകും. 
കോട്ടയം, മാലിന്യമുക്ത ജില്ലയാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കും. ഹരിതകർമ്മ സേനകൾക്ക് ന്യായമായ വരുമാനം ഉറപ്പാക്കും.  
ജില്ലയിലെ പാലിയേറ്റീവ് സംഘടനകളെ ജില്ലാടിസ്ഥാനത്തിൽ ഏകോപിപ്പിക്കും. കിടപ്പുരോഗികൾക്ക് ഹോം കെയർ ഉറപ്പാക്കും. എല്ലാ പഞ്ചായത്തിലും പെയിൻ ആൻഡ്‌ പാലിയേറ്റീവ് സംവിധാനം ഏർപ്പെടുത്തും.  
മുഴുവൻ അങ്കണവാടികൾക്ക്‌ സ്വന്തമായി സ്ഥലവും കെട്ടിടവും നിർമിക്കും .    സന്നദ്ധസംഘടനകൾ ഏറ്റെടുത്തു നടത്തുന്ന ക്രഷേകൾക്കും ഓർഫനേജുകൾക്കും സഹായം ഉറപ്പാക്കും.  
നാട്ടകം  പോർട്ടിനെ അന്താരാഷ്ട്രചരക്ക് വിനിമയ ശൃംഖലയിൽ എത്തിക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ ഏറ്റെടുക്കും.  
അന്താരാഷ്ട്ര കായിക ഭൂപടത്തിൽ ഇടംനേടാൻ കഴിയും വിധത്തിൽ എല്ലാ ഭൗതികസാഹചര്യങ്ങളും ഒരുക്കിയുള്ള ബൃഹത്തായ കായികകേന്ദ്രം ഒരുക്കും. വ്യായാമകേന്ദ്രങ്ങൾ വ്യാപകമായി ആരംഭിക്കും. പാർക്കുകളും വിശ്രമകേന്ദ്രങ്ങളും കുട്ടികളുടെ പാർക്കും കളിസ്ഥലങ്ങളും നിർമിക്കും.    മാർഷ്യൽ ആർട്ട്സ് യോഗ സെന്ററുകൾ വ്യാപിപ്പിക്കും.ജില്ലയിലെ എല്ലാ സ്പോർട്ട്സ് ക്ലബ്ബുകൾക്കും ആവശ്യമായ ഉപകരണങ്ങൾ ആദ്യവർഷംതന്നെ ലഭ്യമാക്കും. വാട്ടർ സ്പോർട്‌സിന് പ്രാധാന്യം നൽകുന്ന പദ്ധതികൾ ആരംഭിക്കും.
മിനി വ്യവസായ പാർക്കുകൾ, മിനിവ്യവസായ എസ്റ്റേറ്റുകൾ തുടങ്ങിയവയിലൂടെ യുവാക്കൾക്ക് കൂടുതൽ തൊഴിൽ. വനിതകൾക്കുമാത്രമായുള്ള മിനി വ്യവസായ എസ്റ്റേറ്റുകൾക്ക് പ്രാമുഖ്യം നൽകും. റബറധിഷ്ഠിത ചെറുകിട വ്യവസായ സംരംഭങ്ങൾ ഉൾപ്പെടുന്ന യൂണിറ്റുകൾക്ക് പ്രോത്സാഹനം നൽകും. വൈക്കത്ത് കയർ, ചകിരിയധിഷ്ഠിത വനിതാ വ്യവസായ യൂണിറ്റുകൾക്ക് പ്രോത്സാഹനംനൽകും.പൂവന്തുരുത്തിലെ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് മാതൃകാ എസ്റ്റേറ്റ് ആക്കും. 
എല്ലാ തെരുവുവിളക്കുകളും സോളാറോ, എൽഇഡിയോ ആക്കും. പുരപ്പുറ സോളാർ പദ്ധതി നടപ്പിലാക്കും. സീറോ ഫിലമെന്റ  പഞ്ചായത്തുകൾക്ക്പ്രോത്സാഹനം നൽകും.
പട്ടികജാതി–-പട്ടികവർഗ വിഭാഗം കുട്ടികൾക്ക് പഠനമുറി ഒരുക്കും. എല്ലാ കുട്ടികൾക്കും ലാപ്പ്ടോപ്പ്, മറ്റു പഠനസാമഗ്രികൾ സൗജന്യമായി നല്കും. കോളനികളിൽ  വികസന പ്രവർത്തനങ്ങൾ ഏറ്റെടുക്കും.
തൊഴിലുറപ്പു പദ്ധതിയിൽ പരമാവധി തൊഴിൽ ദിനങ്ങൾ വർധിപ്പിച്ചുനൽകി നടപ്പിലാക്കും. വർഷത്തിൽ കുറഞ്ഞത് 20 ദിവസമെങ്കിലും പണിയെടുത്തവരെ ക്ഷേമനിധിയിൽ അംഗങ്ങളാക്കും.  അയ്യങ്കാളി തൊഴിലുറപ്പു പദ്ധതി സുതാര്യമായി നടപ്പിലാക്കും. 
മുഴുവൻ ഗ്രാമീണ റോഡുകളുടെയും പാലങ്ങളുടെയും ഗുണനിലവാരം ഉറപ്പുവരുത്തും. തൊഴിലുറപ്പു പദ്ധതി, ചെറുറോഡുകളുടെ സംരക്ഷണത്തിന് പ്രയോജനപ്പെടുത്തും. കോട്ടയം നഗരത്തിലെ  ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ സ്മാർട്ട് സിറ്റി ഇംപ്രൂവ്മെന്റ പ്രോഗ്രാം നടപ്പാക്കും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top