24 April Wednesday
56 ശതമാനം കടന്നു

8 ലക്ഷം വാക്സിനേഷൻ

സ്വന്തം ലേഖകൻUpdated: Monday Aug 2, 2021
കോട്ടയം
കിട്ടുന്ന വാക്‌സിന്റെ വിതരണം പൂർണതോതിൽ നടപ്പാക്കിയതിലൂടെ ജില്ലയിൽ ഇതുവരെ എട്ട്‌ ലക്ഷത്തിലേറെ പേർക്ക്‌ ഒന്നാം ഡോസ്‌ ലഭ്യമായി. വാക്‌സിനേഷന്‌ ഉൾപ്പെടുത്തിയവരുടെ 56 ശതമാനം വരുമിത്‌. രണ്ടാം ഡോസ്‌ വാക്‌സിനേഷൻ 26 ശതമാനവും പൂർത്തിയായി. കേന്ദ്രസർക്കാരിൽ നിന്ന്‌ കൂടുതൽ വാക്‌സിൻ കിട്ടിയാൽ എണ്ണം ഇനിയും കൂട്ടാനാകുമെന്നാണ്‌ കണക്കുകൾ സൂചിപ്പിക്കുന്നത്‌. 
  വാക്‌സിനേഷന്‌ ഉൾപ്പെടുത്തിയ 18 വയസിനു മുകളിലുള്ളവർ ജില്ലയിലാകെ 14,50,000 പേരുണ്ടെന്നാണ്‌ ആരോഗ്യവകുപ്പിന്റെ കണക്ക്‌. കോവിഷീൽഡ്‌, കോവാക്‌സിൻ എന്നിവയാണ്‌ ജനങ്ങൾക്ക്‌ നൽകുന്നത്‌. കൂടുതലായി എത്തുന്നത്‌ കോവിഷീൽഡ്‌ ആയതിനാൽ വിതരണകേന്ദ്രങ്ങളിലും ഈ വാക്‌സിനാണ്‌ ഏറെപ്പേർക്കും നൽകിയത്‌. കഴിഞ്ഞ ദിവസം 60,000 ഡോസ്‌ വാക്‌സിൻ ജില്ലയ്‌ക്ക്‌ ലഭിച്ചപ്പോൾ ശനിയാഴ്‌ച മെഗാവാക്‌സിനേഷൻ നടന്നു. ഒന്ന്‌, രണ്ട്‌ ഡോസ്‌ അടക്കം 54,000 പേർക്ക്‌ അന്ന്‌ വാക്‌സിൻ കൊടുത്തു. ഏതാനും ദിവസത്തിനകം 40,000 ഡോസ്‌ കൂടി ലഭ്യമാകുമെന്ന്‌ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ്‌ വർഗീസ്‌ പറഞ്ഞു. വിതരണം കാര്യക്ഷമമായാൽ ഒരുമാസത്തിനകം ഏറെക്കുറെ എല്ലാവർക്കും വാക്‌സിൻ നൽകാനാകുമെന്ന്‌ അദ്ദേഹം വ്യക്തമാക്കി. 
 അറുപത്‌ വയസിനു മുകളിലുള്ളവരുടെ വാക്‌സിനേഷൻ ജില്ലയിൽ പലഭാഗത്തും ഭാഗികമാണ്‌. ഇത്‌ മുന്നിൽകണ്ട്‌ തിങ്കളാഴ്‌ച ഈ വിഭാഗക്കാർക്കായി പ്രത്യേക ക്യാമ്പ്‌ സംഘടിപ്പിച്ചിട്ടുണ്ട്‌. ജില്ലയിലാകെ 84 സർക്കാർ കേന്ദ്രങ്ങളിലൂടെയാണ്‌ വാക്‌സിൻ വിതരണം. കൂടാതെ മുപ്പതോളം സ്വകാര്യ ആശുപത്രികളിൽ പണം നൽകിയും വാക്‌സിൻ സൗകര്യമുണ്ട്‌.  കോവിൻ പോർട്ടലിൽ രജിസ്‌റ്റർ ചെയ്‌താണ്‌ വാക്‌സിനേഷന്‌ സെന്റർ തെരഞ്ഞെടുക്കേണ്ടത്‌. വാക്‌സിൻ വിതരണ തലേന്ന്‌ വൈകിട്ട്‌ ഏഴിന്‌ പോർട്ടലിൽ രജിസ്‌റ്റർ ചെയ്യണം. എല്ലാവരും ഒരുമിച്ച്‌ സൈറ്റിൽ കയറുന്നതിനാൽ പെട്ടെന്ന്‌ സ്ലോട്ട്‌ തീരുന്നതായി പരാതിയുണ്ട്‌. ഇതുപരിഹരിക്കാൻ  പല വാക്‌സിനേഷൻ സെന്ററുകളിലും സ്‌പോട്ട്‌ രജിസ്‌ട്രേഷനും തുടങ്ങി. ആശ വർക്കർമാർ മുഖേനയാണിത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top