19 April Friday
ഇന്ന്‌ എസ്‌പിസി ജന്മദിനം

പരേഡില്ലേലും പൊലീസ്‌ മാമന്മാരെ വീട്ടിൽ കാണാം

സിബി ജോർജ്‌Updated: Monday Aug 2, 2021

സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പാസിങ് ഔട്ട് പരേഡ് (ഫയൽ ചിത്രം)

കോട്ടയം
പൊലീസിനെന്താ ഈ വീട്ടിൽ കാര്യം എന്ന്‌ കുട്ടികളെ പഠിപ്പിക്കുന്ന ഒരു രക്ഷിതാവും ഇപ്പോൾ ചോദിച്ചെന്ന്‌ വരില്ല. കോവിഡ്‌ വന്ന്‌ സ്‌കൂളുകൾ തുറക്കാതായപ്പോൾ പൊലീസ്‌ മാമന്മാർ തന്നെ കുട്ടികളുമായി സംവദിക്കാനിറങ്ങി. സ്റ്റുഡന്റ്‌ പൊലീസ്‌ കേഡറ്റ്‌ പദ്ധതിയാണ്‌ ഇപ്പോൾ വീട്ടകങ്ങളിലേക്ക്‌ പറിച്ചുനടപ്പെട്ടത്‌. പൊലീസ്‌ മാത്രമല്ല, എസ്‌പിസി ചുമതലയുള്ള അധ്യാപകരും കുട്ടികൾക്കൊപ്പമുണ്ട്‌. 
കോവിഡിനെ തുടർന്ന്‌ പരേഡും മറ്റ്‌ പ്രവർത്തനങ്ങളും നിശ്ചലമായപ്പോഴാണ്‌ പുതുവഴിയിൽ എസ്‌പിസിയുടെ സംഘാടനം. വീട്ടിലിരിക്കുന്ന കേഡറ്റുകളുമായി ഓൺലൈനിലാണ്‌ ആശയവിനിമയം. പരേഡും ഫീൽഡ്‌ പ്രവർത്തനങ്ങളുമൊഴികെ എസ്‌പിസി വിഭാവനം ചെയ്യുന്നവയെല്ലാം ഓൺലൈനിൽ നൽകുന്നു. എസ്‌പിസിയുടെ ഒഫീഷ്യൽ ഫേസ്‌ബുക്ക്‌ പേജ്‌, യൂട്യൂബ്‌ ചാനൽ, ഗൂഗിൾ മീറ്റ്‌ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ്‌ കുട്ടികൾക്ക്‌ മാർഗനിർദേശം നൽകുന്നത്‌. അതാത്‌ സ്‌കൂളുകൾക്കും സ്വന്തമായി ഫേസ്‌ബുക്ക്‌ അക്കൗണ്ടുകളുണ്ട്‌. കേഡറ്റുകളുടെ രക്ഷിതാക്കളുമായും ആശയവിനിമയവും അവർക്കുള്ള ബോധവൽക്കരണ ക്ലാസുകളും സജീവമാണ്‌. 
കഴിഞ്ഞ വർഷം സ്‌കൂളുകൾ തുറക്കാതായപ്പോഴാണ്‌ ഓൺലൈൻ പ്രവർത്തനങ്ങൾക്ക്‌ തുടക്കമിട്ടതെന്ന്‌ എസ്‌പിസി ജില്ലാ അസി. നോഡൽ ഓഫീസർ ബി ജയകുമാർ പറഞ്ഞു. ആഗസ്‌ത്‌ രണ്ടിന്‌ എസ്‌പിസി 12–-ാം വർഷത്തിലേക്ക്‌ കടക്കുകയാണ്‌. 2010ലാണ്‌ സംസ്ഥാനത്ത്‌ എസ്‌പിസി പദ്ധതിയുടെ തുടക്കം. ജില്ലയിൽ 20,000ൽപ്പരം കുട്ടികൾ ഇതുവരെ എസ്‌പിസിയുടെ ഭാഗമായി. 
സ്‌കൂൾ വിട്ടവരെ ഉൾപ്പെടുത്തി സ്‌റ്റുഡന്റ്‌സ്‌ വോളണ്ടറി കോർപ്‌സ്‌ എന്ന പദ്ധതിയും കഴിഞ്ഞ നവംബർ 14ന്‌ തുടങ്ങി. രക്തദാനം,  പഠനോപകരണ വിതരണം, സന്നദ്ധസേവനം എന്നിവ ഇവർ നിർവഹിക്കുന്നു. നർക്കോട്ടിക്‌ സെൽ ഡിവൈഎസ്‌പി എം എം ജോസ്‌ ആണ്‌ ജില്ലാ നോഡൽ ഓഫീസർ. 
സ്‌കൂൾ സമയത്ത്‌ ബുധൻ, ശനി ദിവസങ്ങളിലായിരുന്നു പ്രവർത്തനം. പരേഡും വ്യായാമ മുറകളും ക്ലാസുകളും സന്നദ്ധപ്രവർത്തനങ്ങളുമെല്ലാമായിരുന്നു സിലബസ്‌. ഇപ്പോൾ ഓൺലൈൻ ക്ലാസുകളിലൂടെയാണ്‌ മുന്നേറുന്നത്‌. പ്രമുഖരും ജീവിതത്തിൽ വിജയിച്ചവരും കുട്ടികളോട്‌ അനുഭവങ്ങൾ പങ്കിടുന്ന പടവുകൾ, ശനിയാഴ്‌ചകളിൽ നടത്തുന്ന ദൃശ്യപാഠം എന്നിവയാണ്‌ തുടക്കമിട്ട പരിപാടികൾ. രക്ഷിതാക്കൾക്കുവേണ്ടി ഞായറാഴ്‌ച വൈകിട്ട്‌ ഏഴിനാണ്‌ ക്ലാസ്‌. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top