19 April Friday
2 കോടിയുടെ പദ്ധതികൾ

എരുത്വാപ്പുഴ, ചാത്തൻകുന്ന് കോളനികൾ നവീകരിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Feb 2, 2023
 
കോട്ടയം
അംബേദ്കർ സെറ്റിൽമെന്റ് വികസനപദ്ധതിയിൽ എരുത്വാപുഴ, ചാത്തൻകുന്ന് പട്ടികവർഗ കോളനികളിൽ വിവിധ പദ്ധതികൾക്കുള്ള വിശദമായ പദ്ധതിരേഖക്ക്‌ ജില്ലാ വികസന സമിതി അംഗീകാരം നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാതല പട്ടികജാതി പട്ടികവർഗ വികസന സമിതി അധ്യക്ഷയുമായ കെ വി ബിന്ദുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രണ്ടു കോടി രൂപയുടെ പദ്ധതികൾക്കാണ് അംഗീകാരം നൽകിയത്. 
   എരുമേലി പഞ്ചായത്തിലെ എരുത്വാപ്പുഴ, കടനാട് പഞ്ചായത്തിലെ ചാത്തൻകുന്ന് മലവേടർ കോളനിവാസികൾക്കുള്ള പദ്ധതികൾക്ക് ഒരു കോടി രൂപ വീതമാണ് സംസ്ഥാന നിർമിതി കേന്ദ്രം എസ്റ്റിമേറ്റ് തയ്യാറാക്കി നൽകിയത്.
എരുത്വാപ്പുഴയിൽ പൊതുകിണർ ആഴം കൂട്ടി റിങ് ഇറക്കാൻ 1.94 ലക്ഷം രൂപയും കോളനിയിലെ 23 വീടുകളോടു ചേർന്നുള്ള കിണറുകൾക്കു ചുറ്റുമതിൽ കെട്ടി സംരക്ഷിക്കാൻ 15.24 ലക്ഷം രൂപയും നടപ്പാത കോൺക്രീറ്റ് ചെയ്യാൻ 6.97 ലക്ഷം രൂപയും സംരക്ഷണഭിത്തി കെട്ടാൻ 50.73 ലക്ഷം രൂപയും ഭവനനിർമാണത്തിന് 4.12 ലക്ഷം രൂപയും അടക്കമാണ് ഒരുകോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിരിക്കുന്നത്.
 ചാത്തൻകുന്ന് പട്ടികവർഗ കോളനിയിൽ പത്തുവീടുകൾക്കു സംരക്ഷണഭിത്തിയും ചുറ്റുമതിലും പണിയാൻ 13.64 ലക്ഷം രൂപ, എട്ടുവീടുകളുടെ പുനരുദ്ധാരണ പദ്ധതികൾക്ക് 13.21 ലക്ഷം രൂപ, റോഡ് കോൺക്രീറ്റിങ്ങിന് 12.31 ലക്ഷം രൂപ, കോൺക്രീറ്റ് ഓട നിർമാണത്തിന് 9.42 രൂപ, പാർക്കിങ് ഷെഡ് നിർമാണത്തിന് 8.82 ലക്ഷം രൂപ, ഏഴുവീടുകൾക്ക് ടോയ്‌ലറ്റ് പണിയാൻ 7.21 ലക്ഷം രൂപയും ഭവനനിർമാണത്തിന് 7.67 ലക്ഷം രൂപയും അടക്കമാണ് ഒരു കോടി രൂപയുടെ എസ്റ്റിമേറ്റ്.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top