26 April Friday

ആഫ്രിക്കൻ പന്നിപ്പനി; 
ഫാമുകളിൽ ജാഗ്രത

വെബ് ഡെസ്‌ക്‌Updated: Thursday Dec 1, 2022
കോട്ടയം
ജില്ലയിൽ വീണ്ടും ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതോടെ പന്നി ഫാമുകളിൽ ജാഗ്രത. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ഫാമുകളിൽ അണുനശീകരണം നടത്തുന്നുണ്ട്‌. പന്നികൾക്ക്‌ രണ്ടുദിവസത്തിനുള്ളിൽ മരണം സംഭവിക്കുന്ന രോഗമാണിത്‌. പ്രഹരശേഷി കൂടിയ വൈറസല്ല ഭരണങ്ങാനത്തെ ഫാമിലെ പന്നികളെ ബാധിച്ചിരിക്കുന്നതെന്ന്‌ ചീഫ്‌ വെറ്ററിനറി ഓഫീസർ ഡോ. ഷാജി പണിക്കശേരി പറഞ്ഞു. എങ്കിലും അതിവേഗത്തിൽ പടരുന്നതിനാൽ ജാഗ്രത വേണം. 
ജില്ലയിലാകെ 325 പന്നി ഫാമുകളും ഇവയിൽ പതിനായിരത്തോളം പന്നികളുമുണ്ട്‌. ഏതെങ്കിലും ഒരെണ്ണത്തിന്‌ അസുഖം സ്ഥിരീകരിച്ചാൽ ഫാമിലെ മുഴുവൻ പന്നികളെയും ദയാവധം ചെയ്യുകയല്ലാതെ വേറെ വഴിയില്ല. ഭരണങ്ങാനത്തെ ഫാമിൽ ദയാവധം ചെയ്‌ത പന്നികളിൽ ഒന്നര വയസുള്ളത്‌ മുതൽ തലേദിവസം ജനിച്ച കുഞ്ഞുങ്ങൾ വരെയുണ്ട്‌.
 
പടരുക പന്നിയിലേക്ക്‌ മാത്രം
ആഫ്രിക്കൻ പന്നിപ്പനിക്ക്‌ കാരണമാകുന്ന വൈറസ്‌ പന്നികളിലേക്ക്‌ മാത്രമേ പകരൂ. മനുഷ്യരിലേക്കോ മറ്റ്‌ മൃഗങ്ങളിലേക്കോ പടരില്ല. പന്നിയിറച്ചി കഴിക്കാൻ പേടിക്കേണ്ട കാര്യവുമില്ല. എന്നാൽ, മനുഷ്യർ ഈ വൈറസിന്റെ വാഹകരായേക്കാം. അസുഖം ബാധിച്ച പന്നികളുള്ള ഫാം സന്ദർശിച്ചയാൾ മറ്റൊരു ഫാമിൽ ചെന്നാൽ അവിടെയും ഇത്‌ പകരും. 
 ഭരണങ്ങാനത്തെ ഫാമിൽനിന്ന്‌ രണ്ടുമാസത്തിനിടെ എവിടേക്കും പന്നികളെ കയറ്റി അയച്ചിട്ടില്ലെന്ന്‌ സ്ഥിരീകരിച്ചിട്ടുണ്ട്‌. എങ്കിലും ഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം രോഗബാധിത പ്രദേശമായും 10 കിലോമീറ്റർ ചുറ്റളവ് രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചിട്ടുണ്ട്.
കെനിയയിൽ 
നിന്നെത്തി; ജില്ലയിൽ നാലാം പ്രാവശ്യം
ആഫ്രിക്കൻ രാജ്യമായ കെനിയയിലെ പന്നികളിലാണ്‌ ലോകത്താദ്യമായി ഈ രോഗം കണ്ടെത്തിയത്‌. ഇന്ത്യയിൽ ആദ്യമായി സ്ഥിരീകരിക്കുന്നത്‌ 2020ൽ ആസമിൽ. കേരളത്തിൽ വയനാട്ടിലാണ്‌ രണ്ടുമാസം മുമ്പ്‌ ആദ്യമായി പന്നികളിൽ ഈ അസുഖം വരുന്നത്‌. ജില്ലയിൽ നാലാമത്തേതായിരുന്നു ഭരണങ്ങാനത്തേത്‌. ആദ്യം സ്ഥിരീകരിച്ചത്‌ ഒരുമാസം മുമ്പ്‌ പൈകയിലെ പന്നിഫാമിൽ. 
ഇവിടെ 19 പന്നികൾ അസുഖം വന്ന്‌ ചത്തു. നാൽപത്തിയെട്ട്‌ എണ്ണത്തെ ദയാവധം നടത്തി. പിന്നീട്‌ ആർപ്പൂക്കരയിലെയും മുളക്കുളത്തെയും ഫാമുകളിൽ ഒരേദിവസം രോഗം സ്ഥിരീകരിച്ചു. ആർപ്പൂക്കരയിൽ 41 എണ്ണം ചത്തു, 98 എണ്ണത്തെ ദയാവധം ചെയ്‌തു. മുളക്കുളത്ത്‌ 11 എണ്ണം ചത്തു, 48 എണ്ണത്തെ ദയാവധം ചെയ്‌തു. പന്നികളുടെ ചെവികളിലും വയറിലും നീലനിറം വരുന്നതാണ്‌ പ്രധാന രോഗലക്ഷണം. ഇണക്കുകളിലെ വേദന മൂലം എഴുന്നേറ്റ്‌ നിൽക്കാൻ പ്രയാസമുണ്ടാകും. ആഫ്രിക്കൻ പന്നിപ്പനി വാക്‌സിൻ ഇതുവരെ കണ്ടുപിടിച്ചിട്ടില്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top