20 April Saturday

ഒപ്പമുണ്ടായത്‌ സിപിഐ എമ്മും ഇടതുപക്ഷവും

വെബ് ഡെസ്‌ക്‌Updated: Tuesday Dec 1, 2020

പ്രളയത്തിലകപ്പെട്ട പടിഞ്ഞാറൻ മേഖലയിലുള്ളവരെ ടോറസ് ലോറിയിൽ രക്ഷപെടുത്തി ദുരിതാശ്വാസ ക്യാമ്പിലേക്ക് എത്തിച്ചപ്പോൾ സിപിഐ എം ജില്ലാ സെക്രട്ടറി വി എൻ വാസവൻ കൈപിടിച്ചിറക്കുന്നു (ഫയൽ ചിത്രം) 

 കോട്ടയം

കോട്ടയത്തെ നടുക്കിയ കാലവർഷക്കെടുതി മൂലം അപ്രതീക്ഷിത ദുരിതത്തിൽപെട്ടവർക്കായി സിപിഐ എം ജില്ലാ സെക്രട്ടറി വി എൻ വാസവന്റെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനം കേരളമാകെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കാലവർഷം മൂലം ഏറ്റവും ദുരിതമനുഭവിച്ച ജില്ലയാണ് കോട്ടയം. അഭയാർഥി ക്യാമ്പുകളിലായ പതിനായിരങ്ങൾക്കായി യുദ്ധകാലാടിസ്ഥാനത്തിലാണ് ജില്ലാ കമ്മിറ്റി നേതൃത്വത്തിലും പ്രാദേശികമായും രാപ്പകലില്ലാതെ രക്ഷാപ്രവർത്തനം നടത്തിയത്‌.
   മഴയും വെള്ളപ്പാച്ചിലും അവഗണിച്ച്‌ പ്രവർത്തകർ ദുരിതാശ്വാസ ക്യാമ്പുകളിലും ദുരിതബാധിത പ്രദേശങ്ങളിലും എത്തി. ദുരിതം കൂടുതലുള്ള കുമരകം കരിയിൽ കോളനിയിലും മറ്റും അരയോളം വെള്ളം കടന്ന് എത്തിയാണ് സാധനങ്ങൾ നൽകിയത്. മുഴുവൻ വീടുകളും വെള്ളത്താൽ ചുറ്റപ്പെട്ടുകിടന്ന കരിയിൽ കോളനിയിൽ എത്തിപ്പെടുക അങ്ങേയറ്റം ദുർഘടമായിരുന്നു. ഇവിടെ 126 കുടുംബങ്ങളാണുള്ളത്. നീന്തിയാണ് പ്രവർത്തകർ ഭക്ഷ്യ സാധനങ്ങളുമായി എത്തിയത്.  ഡിവൈഎഫ്ഐയും സിപിഐ എമ്മിന്റെയും നേതൃത്വത്തിലാണ് ഭക്ഷണം പാകംചെയ്ത് നൽകിയത്.
പാർടി സമാഹരിച്ച അരിയും ഭക്ഷ്യധാന്യവും വസ്ത്രങ്ങളുമാണ് പ്രവർത്തകർ ക്യാമ്പുകളിലും വീടുകളിലും എത്തിച്ചത്‌. പാർടിയുടെ സംഘടനാശക്തി മുഴുവൻ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയതിനും ജില്ല സാക്ഷിയായി. ഒറ്റപ്പെട്ടുപോയ വീടുകളിൽനിന്ന് നിരവധി പേരെ കരയ്ക്കെത്തിച്ചു. ‘അഭയം' ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ സ്വരൂപിച്ച ഭക്ഷ്യ ഉല്പന്നങ്ങൾ ദുരിതാശ്വാസ ക്യാമ്പിൽ   നൽകിയിരുന്നു. ക്യാമ്പുകളിൽ അഭയം മെഡിക്കൽ പരിശോധനയും സൗജന്യ മരുന്നുവിതരണവും ശ്രദ്ധ നേടി. കോട്ടയം, ചങ്ങനാശേരി, വൈക്കം അടക്കമുള്ള പ്രദേശങ്ങളിൽ അരിയും വസ്ത്രങ്ങളും നൽകി.   സിപിഐ എമ്മിന്റെ സഹായമെത്താത്ത ദുരിതാശ്വാസക്യാമ്പുകളൊന്നുമില്ലായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top