20 April Saturday

പ്രായമല്ല, ജോണിന് പ്രകടനം മുഖ്യം

സ്വന്തം ലേഖകൻUpdated: Saturday Oct 1, 2022

പി എസ് ജോൺ ഹർഡിൽസ് മത്സരത്തിൽ പങ്കെടുക്കുന്നു (ഫയൽചിത്രം)

 
കോട്ടയം
വയസ് 92. നൂറ് മീറ്റര്‍ സ്‍പ്രിന്റ് പൂര്‍ത്തിയാക്കാന്‍ വേണ്ടത് 21 സെക്കന്‍ഡ്. അത്ഭുതപ്പെടേണ്ട, ഇവിടെ പ്രായം വെറും നമ്പര്‍ മാത്രം. മുതിര്‍ന്ന പൗരനായശേഷം പങ്കെടുത്ത അത്‍ലറ്റിക് മത്സരങ്ങളിലെല്ലാം പ്രതിഭ തെളിയിച്ചു. അന്താരാഷ്‍ട്ര, ദേശീയ, സംസ്ഥാന മത്സരങ്ങളില്‍നിന്ന് ഇതിനകം 158 മെഡലുകള്‍ പേര്‌ പി എസ് ജോണ്‍. 
2016ൽ ഏഷ്യയുടെ ബെസ്റ്റ് അത്‌ലറ്റ് അവാർഡ്, ഹർഡിൽസിൽ പുതിയ ഏഷ്യൻ റെക്കോർഡ്, ലോക മാസ്റ്റേഴ്‌സ് അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്, ഏഷ്യാഡ് മാസ്റ്റേഴ്‌സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്, ദേശീയ-സംസ്ഥാന മാസ്റ്റേഴ്‌സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പുകൾ ഇങ്ങനെ നീളുന്നു നേട്ടങ്ങളുടെ പട്ടിക. 87ാം വയസ്സില്‍ ഹൃദയശസ്‍ത്രക്രിയയ്‍ക്ക് വിധേയനായത് നേട്ടങ്ങള്‍ക്ക് ഇരട്ടത്തിളക്കമേകുന്നു. ബെസ്റ്റ് സ്‌പോർട്‌സ്‍മാൻ വിഭാഗത്തിൽ സംസ്ഥാന സർക്കാരിന്റെ വയോസേവന അവാർഡ് സ്വീകരിക്കാനൊരുങ്ങുകയാണ്  കാഞ്ഞിരപ്പള്ളി പാറത്തോട് മട്ടയ്‍ക്കല്‍ പി എസ് ജോണ്‍. 
പാറത്തോട് ഗ്രേസി മെമോറിയൽ സ്‌കൂളിൽ അധ്യാപകനായതോടെ സ്‌പോർട്‌സ് ജീവിതത്തിന് ഇടവേളയെടുത്തു. വിരമിച്ചശേഷമാണ് കായികജീവിതം വീണ്ടും സജീവമായത്. 2019ൽ കായികദിനത്തിൽ ഫിറ്റ് ഇന്ത്യ മൂവ്മെന്റിനോടനുബന്ധിച്ച് പ്രധാനമന്ത്രിയിൽനിന്ന് ആദരവ് ഏറ്റുവാങ്ങി. 
അതിരാവിലെ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ്‌ കോളേജ് ഗ്രൗണ്ടിൽ രണ്ടുമണിക്കൂറിലധികം പരിശീലനം നടത്തും. പിന്നെ സ്വന്തം കൃഷിയിടത്തിലെ പണികൾ. സ്‌പോർട്‌സും കൃഷിയും കഴിഞ്ഞാൽ ഇഷ്ടം വായന. കാലിന് പരിക്കേറ്റതിനാല്‍ കഴിഞ്ഞയാഴ്‍ച നടന്ന മാസ്റ്റേഴ്‌സ് അത്‌ലറ്റിക് മത്സരങ്ങളിൽ പങ്കെടുക്കാനായില്ലെന്ന സങ്കടത്തിലാണ് അദ്ദേഹം. ഭാര്യ അന്നമ്മയ്‍ക്കും മകൻ റോയ് മട്ടയ്‍ക്കലിനും കുടുംബത്തോടുമൊപ്പമാണ് താമസം. മകൾ സിന്ധു സേവ്യർ. ശനിയാഴ്‌ച തൃശൂരിൽ സംസ്ഥാന വയോജന ദിനാഘോഷ ചടങ്ങിൽ മന്ത്രി പ്രൊഫ. ആർ  ബിന്ദുവിൽനിന്ന് വയോസേവന അവാർഡ് ഏറ്റുവാങ്ങും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top