19 April Friday

വായന മരിക്കുന്നില്ല, 
പൊൻകുന്നം വർക്കിയും

ബിജി കുര്യൻUpdated: Friday Jul 1, 2022
 
കോട്ടയം 
ഒരു നൂറ്റാണ്ട്‌ നീളെ വായനയെ ഉപാസിച്ച മഹാനായ കഥാകാരൻ  പൊൻകുന്നം വർക്കിയെ ശനിയാഴ്‌ച നാട്‌ അനുസ്‌മരിക്കും .     സംസ്ഥാനത്താകെ വായനപക്ഷാചരണമായി സർക്കാർ ആചരിക്കുന്ന കാലയളവിലാണ്‌ ഇക്കുറി വർക്കി സ്‌മരണ . പൊൻകുന്നം വർക്കി ഒരിക്കൽ പറഞ്ഞു: ‘ശരീരത്തിന്‌ ഭക്ഷണം വേണം, അതുപോലെ മനസ്‌ വികസിക്കാൻ വായന കൂടിയേ തീരൂ.’ ‘കംപ്യൂട്ടർ യുഗത്തിൽ വായന മരിക്കുന്നു എന്ന വാദഗതിയോട്‌ യോജിക്കുന്നോ’ എന്ന ചോദ്യത്തിന്‌ അദ്ദേഹം നൽകിയ മറുപടിയുടെ തുടക്കമായിരുന്നു അത്‌. 
മരണം 94ാം പിറന്നാൾ പിറ്റേന്ന്‌ 
പാമ്പാടി നവലോകം പൊൻകുന്നം വർക്കി സ്‌മാരക ട്രസ്‌റ്റ്‌ പ്രസിഡന്റും ഇപ്പോൾ മന്ത്രിയുമായ വി എൻ വാസവന്റെ നേതൃത്വത്തിൽ ക്ഷണിച്ചതനുസരിച്ചാണ്‌ മഹാനടൻ മമ്മൂട്ടി, വർക്കിയുടെ 94ാം ജന്മദിനത്തിൽ പെരുഞ്ചേരിൽ വസതി (വർക്കിയിടം) സന്ദർശിച്ചത്‌. അതിന്റെ പിറ്റേന്നായിരുന്നു (2004 ജൂലൈ 2) വർക്കിയുടെ വിടവാങ്ങൽ. പെരുഞ്ചേരിൽ മുറ്റത്തിറമ്പിൽ തന്നെയാണ്‌ വർക്കിയുടെ സ്‌മൃതികുടീരമുള്ളത്‌. ‘ശബ്ദിക്കുന്ന കലപ്പ’യടക്കം നിരവധി ശ്രദ്ധേയ കഥകളും നാടകങ്ങളും ചലച്ചിത്ര തിരക്കഥകളും രചിച്ച വർക്കി ആധുനിക കേരളത്തിന്‌ വഴികാട്ടിയ ‘ചുവന്ന പതിറ്റാണ്ടുകളുടെ സൃഷ്ടി’യാണെന്നതിൽ തർക്കമില്ല. സാമൂഹ്യ വിമർശകനായ കഥാകാരൻ എന്ന നിലയിൽ (കഥ: ‘മോഡൽ’) രാജ്യത്താദ്യം ഭരണകൂടം അറസ്‌റ്റ്‌ ചെയ്‌ത്‌ തടങ്കലിൽ പാർപ്പിച്ച സാഹിത്യകാരൻ കൂടിയാണ്‌ പൊൻകുന്നം വർക്കി. ഒരിക്കൽ, എഴുത്തച്ഛൻ പുരസ്‌കാരം സംബന്ധിച്ച്‌ അറിയിക്കാനെത്തിയ സർക്കാർ പ്രതിനിധി ചീഫ്‌ സെക്രട്ടറി ഡോ. ഡി ബാബു പോളിനോട്‌ വർക്കി പറഞ്ഞു: ‘ഞാൻ മൂർഖനാണ്‌. അവാർഡ്‌ തന്ന്‌ എന്നെ ചേരയാക്കരുത്‌.’ 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top