28 March Thursday
കേന്ദ്ര ബജറ്റ്‌

പ്രതീക്ഷയിൽ റബറും റെയിൽവേയും

വെബ് ഡെസ്‌ക്‌Updated: Wednesday Feb 1, 2023
 
കോട്ടയം
ബുധനാഴ്‌ച കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ്‌ അവതരിപ്പിക്കുമ്പോൾ റബർ, റെയിൽവേ എന്നിവയിൽ പുതിയ പ്രഖ്യാപനങ്ങൾക്ക്‌ ഉറ്റുനോക്കുകയാണ്‌ ജില്ല. കാലങ്ങളായി പ്രതിസന്ധി തുടരുന്ന റബർമേഖലക്ക്‌ ഉണർവുണ്ടാകുന്ന എന്തെങ്കിലും പ്രഖ്യാപനം ഉണ്ടാകുമെന്നാണ്‌ കർഷകരുടെ പ്രതീക്ഷ. കോട്ടയം റെയിൽവേ സ്‌റ്റേഷൻ നവീകരണം, പുതിയ റെയിൽവേ മേൽപാലങ്ങളുടെ (ആർഒബി) നിർമാണം, ശബരി റെയിൽപാത, എരുമേലി വിമാനത്താവളം എന്നിവയ്‌ക്ക്‌ ബജറ്റിൽ സഹായം പ്രതീക്ഷിക്കുന്നുണ്ട്‌. 
  റബറിന്റെ ഇറക്കുമതിയെ നിയന്ത്രിക്കുന്ന നടപടികൾ ബജറ്റിൽ ഉണ്ടായെങ്കിൽ മാത്രമേ മേഖലക്ക്‌ നിലവിലെ പ്രതിസന്ധിയിൽ ചെറിയ ആശ്വാസമെങ്കിലും ഉണ്ടാകൂ. ഇതിനുവേണ്ടി എംപിമാരായ ജോസ്‌ കെ മാണിയും തോമസ്‌ ചാഴികാടനും നിരന്തരമായി ഇടപെട്ടിരുന്നു. റബറിന്‌ അർഹമായ താങ്ങുവില പ്രഖ്യാപിക്കുക, ഇറക്കുമതി തീരുവ വർധിപ്പിക്കുക തുടങ്ങിയ നടപടികൾ ബജറ്റിൽ പ്രതീക്ഷിക്കുന്നതായി ജോസ്‌ കെ മാണി എംപി പറഞ്ഞു. 
   കുറുപ്പന്തറ അടക്കമുള്ള റെയിൽവേ മേൽപാലങ്ങൾക്ക്‌ കൂടുതൽ തുക ആവശ്യമുണ്ട്‌. 3,800 കോടി രൂപ ചെലവ്‌ വരുന്ന ശബരി റെയിൽപാതക്ക്‌ വേഗം പകരുന്ന പ്രഖ്യാപനങ്ങൾ കേരളമാകെ ഉറ്റുനോക്കുന്നതാണ്‌. കോട്ടയം റെയിൽവേ സ്‌റ്റേഷൻ രണ്ടാം കവാടത്തിന്‌ റെയിൽവേ അനുവദിച്ച തുക പര്യാപ്‌തമായിരുന്നില്ല. നിർമാണം പുരോഗമിക്കുന്ന കവാടത്തിന്‌ കൂടുതൽ തുക ബജറ്റിൽ അനുവദിക്കുമെന്ന്‌ പ്രതീക്ഷയുള്ളതായി തോമസ്‌ ചാഴികാടൻ എംപി പറഞ്ഞു. ""ഇരട്ടിപ്പിക്കൽ പൂർത്തിയായ റെയിൽപാതയിൽ ഓട്ടോമാറ്റിക്‌ സിഗ്‌നൽ സംവിധാനം വളരെ അത്യാവശ്യമാണ്‌.  ഇത്‌ ട്രെയിൻ സർവീസിനെ കൂടുതൽ കാര്യക്ഷമമാക്കും. പാലരുവി എക്‌സ്‌പ്രസിന്‌ ഏറ്റുമാനൂരിൽ സ്റ്റോപ്പ്‌ അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്‌. മുൻ വർഷങ്ങളിൽ കോഫി ബോർഡ്‌, ടീ ബോർഡ്‌ മുതലായ കമോഡിറ്റി ബോർഡുകൾക്ക്‌ വളരെ കുറഞ്ഞ തുകയാണ് ബജറ്റിൽ അനുവദിച്ചിട്ടുള്ളത്‌. ഇത്‌ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. ഇത്തവണ കൂടുതൽ തുക അനുവദിക്കുമെന്ന പ്രതീക്ഷയുണ്ട്‌'' –- തോമസ്‌ ചാഴികാടൻ എംപി പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top