25 April Thursday
കർശന പരിശോധന

ഇന്നുമുതൽ ഹെൽത്ത്‌ കാർഡ്‌

സ്വന്തം ലേഖകൻUpdated: Wednesday Feb 1, 2023
 
 
കോട്ടയം
ഹോട്ടലുകൾ, റെസ്‌റ്റോറന്റുകൾ, ബേക്കറികൾ തുടങ്ങിയവയിൽ ഭക്ഷണം പാകംചെയ്യുന്നവർക്കും വിതരണംചെയ്യുന്നവർക്കും ബുധനാഴ്ചമുതൽ ഹെൽത്ത് കാർഡ് നിർബന്ധമാക്കിയ സാഹചര്യത്തിൽ ജില്ലയിലും കർശന പരിശോധനയ്‌ക്ക്‌ ഒരുങ്ങി ഭക്ഷ്യസുരക്ഷാ വിഭാഗം. മറ്റ് പരിശോധനകൾക്കൊപ്പം ജീവനക്കാരുടെ ഹെൽത്ത്‌ കാർഡുകളും പരിശോധിക്കും. സാംക്രമിക രോഗങ്ങളും ത്വക്ക്‌ രോഗങ്ങളും അടക്കമുള്ളവ ഇല്ലെന്ന്‌ സാക്ഷ്യപ്പെടുത്തുന്ന കാർഡ്‌ എടുക്കാത്തവരെ ജോലിചെയ്യാൻ അനുവദിക്കില്ല. ഭൂരിപക്ഷം പേരും കാർഡ് എടുത്തിട്ടില്ലെങ്കിൽ സ്ഥാപനം പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും അധികൃതർ അറിയിച്ചു. ജില്ലയിലെ പാചക, ഭക്ഷണവിതരണ തൊഴിലാളികളിൽ 70 ശതമാനം പേരും നേരത്തെ തന്നെ ഹെൽത്ത് കാർഡ് എടുത്തിരുന്നതായും ബാക്കിയുള്ളവർ ഇതിനകം എടുത്തിട്ടുണ്ടാകുമെന്നാണ് കരുതുന്നതെന്നും ഭക്ഷ്യസുരക്ഷാ അധികൃതർ പറഞ്ഞു.
 വ്യാജ സർട്ടിഫിക്കറ്റ് നൽകുന്നവർക്കെതിരെയും കൈവശം വയ്ക്കുന്നവർക്കെതിരെയും നടപടി ഉണ്ടാകും. സർട്ടിഫിക്കറ്റ് സ്ഥാപനത്തിൽതന്നെ സൂക്ഷിക്കണം. സ്ഥാപനം പൂട്ടേണ്ട സാഹചര്യം ഉണ്ടായാൽ മറ്റു പ്രശ്നങ്ങൾ പരിഹരിക്കുകയും ജീവനക്കാർ എല്ലാവരും  ഭക്ഷ്യസുരക്ഷ പരിശീലനം നേടുകയും ചെയ്‌തശേഷമേ സ്ഥാപനം തുറക്കാനാവൂ. സ്ഥാപനം തുറന്ന്‌ ഒരു മാസത്തിനകം ശുചിത്വ റേറ്റിങ്ങിനായി രജിസ്റ്റർചെയ്യുമെന്ന് സത്യപ്രസ്താവനയും നൽകണം.
പഴകിയ ഭക്ഷണം നൽകുന്നതാണ് ഭക്ഷ്യവിഷബാധയുടെ പ്രധാന കാരണമെന്ന്‌ കണ്ടെത്തിയതോടെ, വിശദാംശങ്ങൾ ഭക്ഷണപൊതിയിൽ രേഖപ്പെടുത്തണമെന്നും നിർദ്ദേശമുണ്ട്. ബുധനാഴ്ചമുതൽ ഇക്കാര്യവും പരിശോധിക്കും. ഏതുദിവസം, ഏത് സമയത്ത് ഭക്ഷണം പാകംചെയ്തു, ഏത് സമയത്ത് പാഴ്സൽനൽകി, എത്ര സമയത്തിനുള്ളിൽ കഴിക്കണം എന്നീ കാര്യങ്ങളാണ് പാഴ്സലിലെ സ്റ്റിക്കറിൽ രേഖപ്പെടുത്തുന്നത്. ഇതിൽ പറഞ്ഞിരിക്കുന്ന സമയപരിധിക്കുശേഷം ഈ ഭക്ഷണം ഉപയോഗിക്കരുതെന്ന് ആരോഗ്യവകുപ്പ്‌ നിർദ്ദേശിച്ചിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം ആരോഗ്യവകുപ്പ്‌ ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കാളികളാകും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top