26 April Friday

ഇനിയില്ല ജൂഡിന്റെ 
വീഡിയോകോൾ

സ്വന്തം ലേഖകൻUpdated: Wednesday May 31, 2023

മേഴ്സിയെ ആശ്വസിപ്പിക്കുന്ന മൂത്തമകൾ അനിത കെ ഉമ്മൻ

കുന്നിക്കോട്
എന്റെ കുഞ്ഞ് യാത്രയായെങ്കിലും അവന്റെ കണ്ണുകൾ ഇനിയും തിളങ്ങും, അവൻ ഈ ലോകത്തുതന്നെയുണ്ട്‌. അവനിലൂടെ ജീവൻ തുടിക്കുന്നവരുടെ വീഡിയോകൾ എന്നെ തേടിയെത്തും. നിരന്തരം വീഡിയോക്കോളിൽ വിശേഷം പങ്കുവച്ചിരുന്ന ജൂഡിന്റെ കോൾ ഇനി വരില്ലെന്ന്‌ ഈ മുത്തശ്ശിക്ക്‌ അറിയാമെങ്കിലും അവന്റെ അവയവങ്ങൾ സ്വീകരിച്ചവരിൽ നിന്നുള്ള വിളിക്കായി കാത്തിരിക്കുകയാണ്‌ കൊട്ടാരക്കര ഐപ്പള്ളൂർ മണികെട്ട് കിഴക്കേ വീട്ടിൽ മേഴ്സി മാത്യൂ. അമേരിക്കയിലെ ഫിലാഡെൽഫിയയിൽ കഴിഞ്ഞദിവസം അജ്ഞാതന്റെ വെടിയേറ്റു മരിച്ച ആയൂർ മലപ്പേരൂർ സ്വദേശി അഴകത്തു വീട്ടിൽ റോയ്‌ ചാക്കോയുയുടെയും ആശയുടെയും മകൻ ജൂഡിന്റെ(22) മരണവാർത്തയിൽ തളർന്നിരിക്കുകയാണ്‌ എൺപത്തിനാലുകാരിയായ മുത്തശ്ശി. ‘എന്റെ ഇളയ മകൾ ആശയുടെ മകനാണ് ജൂഡ്. അമേരിക്കയിലായിരുന്നു ജനനം. രണ്ടു  വയസ്സുവരെ അവൻ എനിക്കൊപ്പം നാട്ടിലായിരുന്നു. അമേരിക്കയിലേക്ക്‌ തിരിച്ചുപോയതിനു ശേഷം വീഡിയോ കോളിൽ നിരന്തരമെത്തി സുഖവിവരം അന്വേഷിക്കുമായിരുന്നു. ഞായർ വൈകിട്ട്‌ ആശയാണ്‌ മോന്റെ മരണവിവരം അറിയിച്ചത്’ –- കണ്ണീരടക്കാനാകാതെ മുത്തശ്ശി മേഴ്സി മാത്യൂ പറഞ്ഞു. ജൂഡിന്റെ അവയവങ്ങൾ മറ്റുള്ളവർക്ക് ദാനംനൽകിയെന്ന് കേട്ടപ്പോൾ ഇത്തിരി ആശ്വാസം, തുടിക്കുമല്ലോ അവൻ ഇനിയും’ –- മാതൃസഹോദരി അനിത കെ ഉമ്മൻ പറഞ്ഞു. 
ബിബിഎ വിദ്യാർഥിയായ ജൂഡ്‌ പഠനത്തോടൊപ്പം ജോലിയുംചെയ്തിരുന്നു. ഫിലാഡെൽഫിയയിലെ സ്ഥാപനത്തിൽനിന്ന്‌ ജോലികഴിഞ്ഞു പോകുമ്പോൾ അജ്ഞാതൻ തലയിൽ നിറയൊഴിക്കുയായിരുന്നു. കവർച്ചാ ശ്രമത്തിനിടെയാണ്‌ വെടിയേറ്റതെന്നാണ്‌ നിഗമനം. ശനി രാവിലെ 9.30ന് വീട്ടിലെ ചടങ്ങുകൾക്കു ശേഷം തൗസന്റ്‌ ടു ഹൻഡ്രഡ് പാർക്ക് അവന്യൂ ബെൻസലേം സെന്റ്‌ ജൂഡ് മലങ്കര കത്താലിക്ക പള്ളിയിൽ സംസ്കാരം നടക്കും. ദശാബ്‌ദങ്ങൾക്കു മുമ്പേ അമേരിക്കയിലേക്ക്‌ കുടിയേറിയ കുടുംബമാണ്‌ ജൂഡിന്റേത്‌. അച്ഛൻ റോയി ചാക്കോയും അമ്മ ആശ കെ ഉമ്മനും സഹോദരി മിസ്‌റ്റി ചാക്കോയും അമേരിക്കയിലുണ്ട്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top