27 April Saturday

പെരുംകുളം ശിവന്‍കുന്നിനെ സംരക്ഷിക്കണം

വെബ് ഡെസ്‌ക്‌Updated: Friday Mar 31, 2023
കൊട്ടാരക്കര 
പെരുംകുളത്തെ ചരിത്രപ്രാധാന്യമുള്ള ശിവൻകുന്നിനെ ഇടിച്ചുനിരത്തി മണ്ണ് കടത്താനുള്ള മാഫിയ ശ്രമം തടയണമെന്ന്‌ ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയതായി ജനജാ​ഗ്രതാ സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആയുർവേദ കോളേജ് നിർമിക്കാനെന്ന പേരിൽ പ്രദേശവാസികളെ തെറ്റിദ്ധരിപ്പിച്ചാണ് ആറ്‌ ഏക്കർ വസ്തുവാങ്ങുകയും മൂന്ന്‌ ഏക്കർ വസ്തുവിന് അഡ്വാൻസ് നൽകുകയും മോഹവില നൽകി വഴിക്കായി സ്ഥലം സ്വന്തമാക്കുകയും ചെയ്തത്. മണ്ണിടിക്കുന്നത് മൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നത്തിലൂടെ പെ രുംകുളം, കോട്ടാത്തല, പള്ളിക്കൽ ​ഗ്രാമങ്ങളിലെ അഞ്ഞൂറോളം കുടുംബങ്ങളുടെ കുടിവെള്ള സ്രോതസ്സും സ്വൈര ജീവിതവും ഇല്ലാതാകുമെന്നും നിവേദനത്തിൽ പറയുന്നു.
അറുപത്തെട്ട്‌ ഏക്കർ വിസ്തീർണമുള്ള ശിവൻകുന്നിൽ ഒരിക്കലും വറ്റാത്ത നീരുറവയും ശുദ്ധജല ലഭ്യതയും അമൂല്യധാതുക്കളുടെ വലിയ നിക്ഷേപവുമുണ്ട്. ധാതുനിക്ഷേപത്തിന്റെ സാധ്യത കണ്ടറിഞ്ഞ് കുന്നിലെ മണ്ണ് മറ്റ് ആവശ്യങ്ങളുടെ മറവിൽ കടത്തിക്കൊണ്ടു പോകുകയാണ് ഇക്കൂട്ടരുടെ ലക്ഷ്യം. കുന്നിന്റെ നാലുവശത്തുമുള്ള ഏലാകളിൽ വൻതോതിൽ നെല്ല്‌ അടക്കമുള്ള വിവിധ കൃഷികളും ചെയ്തുവരുന്നു. ഈ വിഷയത്തിൽ അടിയന്തരമായി അധികാരികൾ ഇടപെടണം. അനധികൃതവും നിയമവി​രുദ്ധവും അശാസ്ത്രീയവുമായ നീക്കത്തിലൂടെ കുന്നിടിച്ച് മണ്ണ് കടത്താനുള്ള ശ്രമത്തെ നാട്ടുകാർ ഒന്നടങ്കം എതിർക്കും. മുഖ്യമന്ത്രിയെ കൂടാതെ ധനമന്ത്രി കെ എൻ ബാല​ഗോപാൽ, കൊടിക്കുന്നിൽ സുരേഷ് എംപി, കലക്ടർ, ആർഡിഒ, എഡിഎം എന്നിവർക്കും നിവേദനം നൽകിയിട്ടുണ്ട്. വാർത്താസമ്മേളനത്തിൽ ജനജാ​ഗ്രതാ സമിതി കൺവീനർ എൻ ബേബി, പഞ്ചായത്ത് അം​ഗങ്ങളായ ജി സുരേഷ്‌കുമാർ, ബി ​ഗോപകുമാർ, ഭാരവാഹികളായ എം ചന്ദ്രൻ, പെരുംകുളം രാജീവ്, ജി അനിൽകുമാർ, വി ​ഗോപിനാഥൻ, ബി വിജയകുമാർ, എസ് രാമചന്ദ്രൻപിള്ള എന്നിവർ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top