20 April Saturday

ചികിത്സപ്പിഴവ്: എഴുകോൺ ഇഎസ്ഐയിൽ അന്വേഷക സംഘമെത്തി

വെബ് ഡെസ്‌ക്‌Updated: Friday Mar 31, 2023
എഴുകോൺ
പ്രസവ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റിൽ ഉപകരണം ഉപേക്ഷിച്ച സംഭവത്തിൽ എഴുകോൺ ഇഎസ്ഐ ആശുപത്രിയിൽ ഉന്നതല അന്വേഷക സംഘമെത്തി. പരാതിക്കാരിയും ആശുപത്രിയിലെ താല്‍ക്കാലിക നഴ്സിങ് അസിസ്റ്റന്റുമായ ചിഞ്ചുരാജിന്റെ ഭർത്താവ് വിപിന്റെയും ജീവനക്കാരുടെയും ഉദ്യോഗസ്ഥരുടെയും മൊഴി രേഖപ്പെടുത്തി. സോണൽ മെഡിക്കൽ കമീഷണർ സുനിതാ ചോപ്ര, സ്റ്റേറ്റ് ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ പി എസ് നൈന, സബ് റീജണൽ ഡിഡിപി ജി ബിജോയ്, ആശ്രാമം ഇഎസ്ഐ സൂപ്രണ്ട് എൽ ധനശേഖരൻ, സർജറി വിഭാഗം മേധാവി ശെൽവൻ, കൊല്ലം വിക്ടോറിയ ആശുപത്രി സീനിയർ നഴ്സിങ് ഓഫീസർ നജുമുന്നിസ എന്നിവരുടെ സംഘമാണ് ആശുപത്രിയിൽ എത്തിയത്. 
വ്യാഴം രാവിലെ 7.30ന് തുടങ്ങിയ തെളിവെടുപ്പ് രാത്രി വൈകിയും തുടർന്നു. ചികിത്സയിൽ കഴിയുന്നതിനാൽ ചിഞ്ചുരാജിന് തെളിവെടുപ്പിന് എത്താൻ കഴിഞ്ഞില്ല. യുവതിയുടെ ജീവൻ അപകടത്തിലാക്കിയ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ, മഹിളാ അസോസിയേഷൻ ഉൾപ്പെടെയുള്ള സംഘടനകൾ ആശുപത്രിയിൽ സമരം നടത്തിയിരുന്നു. സാധാരണ പ്രസവ ശസ്ത്രക്രിയ നടത്താറുള്ള ഓപ്പറേഷൻ തിയേറ്ററിലല്ല സിസേറിയൻ നടന്നത്. അണുവിമുക്തമല്ലാത്ത മുറിയിലാണ് ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയയ്ക്കുശേഷം സർജിക്കൽ മോപ്പ് വയറ്റിൽ കുടുങ്ങിയതറിയാതെ തുന്നലിട്ട് യുവതിയെ വാർഡിലേക്ക് മാറ്റി. യുവതിയുടെ നില വഷളായിട്ടും ബന്ധുക്കളോട് പറ്റിയ അബദ്ധം മറച്ചുവയ്ക്കാനാണ് ഡോക്ടർമാർ ശ്രമിച്ചത്. കൂടുതൽ സൗകര്യമുള്ള മറ്റ് ആശുപത്രിയിലേക്ക് മാറ്റുന്നതിനോ പരിശോധന റിപ്പോർട്ടുകൾ കൈമാറുന്നതിനോ ആശുപത്രി അധികൃതർ തയ്യാറായില്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top